---
title: "ചെരണ്ടത്തൂര്‍ ചിറയില്‍ കൃഷി നാശം തുടര്‍ക്കഥ കര്‍ഷകര്‍ ദുരിതത്തില്‍"
english_title: "Destruction of agriculture in Cherandathoor Chira continues Farmers in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42677/destruction-of-agriculture-in-cherandathoor-chira-continues-farmers-in-distress"
published_at: "2022-05-14T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f33d959736_cherandthoor patam.jpg"
keywords: []
---

# ചെരണ്ടത്തൂര്‍ ചിറയില്‍ കൃഷി നാശം തുടര്‍ക്കഥ കര്‍ഷകര്‍ ദുരിതത്തില്‍

> **Lead Summary:** വടകര: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ചെരണ്ടത്തൂര്‍ ചിറയില്‍ മഴയെത്തുടര്‍ന്ന് നെല്‍ക്കൃഷി നശിക്കുമ്പോഴും കര്‍ഷകര്‍ തീരാദുരിതത്തില്‍. കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരം പോലും ഇനിയും കര്‍ഷകര്‍ക്ക് കിട്ടാത്ത സാഹചര്യമാണുള്ളത്. 40 ഹെക്ടറോളംസ്ഥലത്തെ നെല്‍ക്കൃഷിയാണ് കഴിഞ്ഞവര്‍ഷം നശിച്ചത്.

## Article Content

വടകര: തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ചെരണ്ടത്തൂര്‍ ചിറയില്‍ മഴയെത്തുടര്‍ന്ന് നെല്‍ക്കൃഷി നശിക്കുമ്പോഴും കര്‍ഷകര്‍ തീരാദുരിതത്തില്‍. കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരം പോലും ഇനിയും കര്‍ഷകര്‍ക്ക് കിട്ടാത്ത സാഹചര്യമാണുള്ളത്. 40 ഹെക്ടറോളംസ്ഥലത്തെ നെല്‍ക്കൃഷിയാണ് കഴിഞ്ഞവര്‍ഷം നശിച്ചത്.

ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. നഷ്ടം കണക്കാക്കി അന്നുതന്നെ കൃഷിവകുപ്പ് നഷ്ടപരിഹാരത്തിനുള്ള ശുപാര്‍ശ നല്‍കിയെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി ഇഴയുകയാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന് അംഗീകാരമായിട്ടുണ്ടെന്നും ചിലര്‍ക്ക് പണം വന്നുതുടങ്ങിയെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വഴിക്രമത്തില്‍ എല്ലാവര്‍ക്കും തുക അക്കൗണ്ടിലെത്തുമെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളോളം തരിശിട്ട ചെരണ്ടത്തൂര്‍ ചിറയിലെ പാടങ്ങളില്‍ നെല്‍ക്കൃഷി സജീവമായിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടായുമെല്ലാം ഒട്ടേറെപേര്‍ കൃഷിയിലേക്ക് തിരിച്ചുവന്നെങ്കിലും രണ്ടുവര്‍ഷമായി വേനല്‍മഴ ചതിക്കുകയാണ്. പാടത്തെവെള്ളക്കെട്ട് കാരണം ജനുവരിയില്‍ മാത്രമേ കൃഷി തുടങ്ങാനാകൂ. വൈകി കൃഷിതുടങ്ങുന്നതിനാല്‍ വിളവെടുപ്പ് സമയമാകുമ്പോഴേക്കും വേനല്‍മഴ വില്ലനാകും .

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെങ്കിലും കൃഷി തുടങ്ങാവുന്ന തരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കിയാല്‍ മാത്രമേ ഈദുരിതത്തില്‍നിന്ന് കര്‍ഷകര്‍ക്ക് മോചനമാകൂ. എന്നാല്‍ ഇതിനുള്ള നടപടികളും വൈകുകയാണ്.

ചെരണ്ടത്തൂര്‍ ചിറയിലെ നെല്‍കൃഷി വ്യാപകമായി നശിച്ച സാഹചര്യം കൃഷി വകുപ്പ് മന്ത്രിക്കും, ജലസേചന വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി ശ്രദ്ധയില്‍പ്പെടുത്തിയെന്നും വ്യാപക കൃഷി നാശത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് അടിയന്തരമായി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി  സ്വീകരിച്ചിട്ടുണ്ടെന്നും കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42677/destruction-of-agriculture-in-cherandathoor-chira-continues-farmers-in-distress)