---
title: "എ.പി. കുഞ്ഞിക്കണ്ണന്‍ സ്മരണ;  പ്രഥമ പുരസ്‌കാരം  രമേശന്‍ പാലേരി ഏറ്റുവാങ്ങി"
english_title: "A p kunhikkan memory ;  First Prize Ramesan Paleri took over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42934/a-p-kunhikkan-memory-first-prize-ramesan-paleri-took-over"
published_at: "2022-05-15T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280eaa5be6fa_REMESAN PALERI.jpg"
keywords: []
---

# എ.പി. കുഞ്ഞിക്കണ്ണന്‍ സ്മരണ;  പ്രഥമ പുരസ്‌കാരം  രമേശന്‍ പാലേരി ഏറ്റുവാങ്ങി

> **Lead Summary:** **വടകര:** സോഷ്യലിസ്റ്റും പ്രമുഖ സഹകാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമായിരുന്ന എ.പി. കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്ക് വടകര ബ്ലോക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ സമ്മാനിച്ചു.

## Article Content

**വടകര:** സോഷ്യലിസ്റ്റും പ്രമുഖ സഹകാരിയും ജീവകാരുണ്യപ്രവര്‍ത്തകനുമായിരുന്ന എ.പി. കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്ക് വടകര ബ്ലോക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ സമ്മാനിച്ചു.

എ.പി. കുഞ്ഞിക്കണ്ണന്റെ രണ്ടാംചരമവാര്‍ഷികത്തില്‍ സംഘടിപ്പിച്ച എ.പി. സ്മൃതിസംഗമത്തിന്റെ സമാപനച്ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്. സമാപനച്ചടങ്ങ് ഉദ്ഘാടനവും ശ്രേയാംസ് കുമാര്‍ നിര്‍വഹിച്ചു. നിസ്വാര്‍ഥമായി ചിട്ടയായ രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹികപ്രവര്‍ത്തനവും നടത്തിയ വ്യക്തിയായിരുന്നു എ.പി. കുഞ്ഞിക്കണ്ണനെന്ന് ശ്രേയാംസ് കുമാര്‍ അനുസ്മരിച്ചു.

ഒട്ടേറെ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി മാതൃകാപരമായ പ്രവര്‍ത്തനംതന്നെ കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു പുരസ്‌കാരം തീര്‍ത്തും അര്‍ഹതപ്പെട്ട കൈകളിലാണ് എത്തിയത്. യു.എല്‍.സി.സി.എസിന്റെ വളര്‍ച്ച അദ്ഭുതത്തോടെ നോക്കിക്കണ്ട ഒരാളാണ് ഞാന്‍. നിര്‍മാണമേഖലയില്‍ മാത്രമല്ല, ഐ.ടി. രംഗത്തുവരെ ഇപ്പോള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. നാടിന്റെ അഭിമാനമാണ് ഈ സ്ഥാപനമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രമേശന്‍ പാലേരിയെ സി.കെ. നാണു പൊന്നാട അണിയിച്ചു' പാറക്കല്‍ അബ്ദുള്ള പ്രശസ്തിപത്രം കൈമാറി. എം.കെ. പ്രേംനാഥ് അനുസ്മരണപ്രഭാഷണം നടത്തി. സ്മരണികാ പ്രകാശനം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാറിന് നല്‍കി രമേശന്‍ പാലേരി നിര്‍വഹിച്ചു.

മുഖചിത്ര ഉപഹാരം എം.കെ. ഭാസ്‌കരന്‍ ടി.പി. ശ്രീധരന് സമര്‍പ്പിച്ചു. എന്‍.കെ.ഗോപാലന്‍, എന്‍. വേണു, ടി.കെ. രാജന്‍, പി. അബ്ദുള്ള, കെ. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. കുഞ്ഞിക്കണ്ണന്‍ സ്മാരക പുരസ്‌കാരത്തുക കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്റെ ഭിന്നശേഷി പെന്‍ഷന്‍വിതരണഫണ്ടിലേക്ക് രമേശന്‍ പാലേരി സംഭാവനയായി നല്‍കി.

വേദിയില്‍വെച്ചുതന്നെ തുക രമേശന്‍ പാലേരി ഫൗണ്ടേഷന്‍ സെക്രട്ടറി പി. രമേഷ് ബാബുവിന് കൈമാറി. കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ എല്ലാമാസവും 125 ഭിന്നശേഷിക്കാര്‍ക്ക് 500 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിന് തുടക്കം കുറിച്ചത് എ.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ്..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42934/a-p-kunhikkan-memory-first-prize-ramesan-paleri-took-over)