---
title: "വിദ്യാര്‍ത്ഥികള്‍ നാടറിഞ്ഞ് വളരണം : ഡോ. കെ എം ഭരതന്‍"
english_title: "The Grama Panchayat honored the retiring teachers from various schools in Tiruvallur Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42938/the-grama-panchayat-honored-the-retiring-teachers-from-various-schools-in-tiruvallur-grama-panchayat"
published_at: "2022-05-15T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280f68b1c44b_bavith malol .jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ നാടറിഞ്ഞ് വളരണം : ഡോ. കെ എം ഭരതന്‍

> **Lead Summary:** **തിരുവള്ളൂര്‍:** വര്‍ത്തമാനകാലത്തെ വിവിധങ്ങളായ സമ്മര്‍ദങ്ങളില്‍ നിന്നുള്ള മോചനത്തിന് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അരുതായ്മയുടേതായ് മാറുന്നുണ്ടെന്ന് നാടന്‍ കലാ ഗവേഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.കെ.യം. ഭരതന്‍ അഭിപ്രായപ്പെട്ടു.

## Article Content

**തിരുവള്ളൂര്‍:** വര്‍ത്തമാനകാലത്തെ വിവിധങ്ങളായ സമ്മര്‍ദങ്ങളില്‍ നിന്നുള്ള മോചനത്തിന് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അരുതായ്മയുടേതായ് മാറുന്നുണ്ടെന്ന് നാടന്‍ കലാ ഗവേഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.കെ.യം. ഭരതന്‍ അഭിപ്രായപ്പെട്ടു.

തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് ഗ്രാമപഞ്ചായത്ത് നല്‍കിയ ആദരവും പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായ് ഒന്നാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ ഒന്നാന്തരം വര വിജയികളുടെ അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ബാല്യത്തേയും കൗമാരത്തേയും കലാ സാഹിത്യ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ സര്‍ഗ്ഗാത്മക ജീവിതത്തിലേക്ക് വഴിനടത്താന്‍ കഴിഞ്ഞാല്‍ സാമൂഹ്യ വിപത്തുകളെ ഒരു പരിധിവരെ പ്രതിരോധിക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ കണ്ടും കേട്ടും പറഞ്ഞും വരച്ചും നാടറിഞ്ഞു വളരുന്ന സാഹചര്യമുണ്ടാകണം.

സഹജീവി സ്‌നേഹവും , സഹാനുഭൂതിയുമുള്ള മനസ്സ് കുട്ടികളില്‍ സന്നിവേശിപ്പിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കക്കണമെന്നും ഭരതന്‍ പറഞ്ഞു.

പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ , കെ.വി.ഷഹനാസ് , പി.അബ്ദുറഹ്മാന്‍, ബവിത്ത് മലോല്‍, പി.സി. ഹാജറ, ഗോപീ നാരായണന്‍ , പി.പി.രാജന്‍, കെ.മൊയ്തീന്‍, എം.ആര്‍. അബ്ദുള്‍ അസീസ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42938/the-grama-panchayat-honored-the-retiring-teachers-from-various-schools-in-tiruvallur-grama-panchayat)