---
title: "തീരത്ത് തീരാത്ത ആശങ്ക; തീരദേശ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്  എം.എൽ.എ  വിളിച്ച യോഗത്തിൽ ജനപ്രതിനിധികൾ"
english_title: "Unending concern on the coast; Deputies at a meeting called by the MLA to ensure coastal protection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43349/unending-concern-on-the-coast-deputies-at-a-meeting-called-by-the-mla-to-ensure-coastal-protection"
published_at: "2022-05-17T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283b202b4d51_rama.jpg"
keywords: []
---

# തീരത്ത് തീരാത്ത ആശങ്ക; തീരദേശ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്  എം.എൽ.എ  വിളിച്ച യോഗത്തിൽ ജനപ്രതിനിധികൾ

> **Lead Summary:** **വടകര:** മഴക്കാലത്തിന് മുന്നോടിയായി വടകര മണ്ഡലത്തിലെ തീരദേശ മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്തു. മണ്ഡലത്തിലെ 17 കിലോമീറ്ററോളം വരുന്ന തീരദേശത്താണ് മഴക്കെടുതികൾ കൂടുതലും ബാധിക്കുന്നത്.

## Article Content

**വടകര:** മഴക്കാലത്തിന് മുന്നോടിയായി വടകര മണ്ഡലത്തിലെ തീരദേശ മേഖലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കെ.കെ രമ എം.എൽ.എ വിളിച്ചുചേർത്തു. മണ്ഡലത്തിലെ 17 കിലോമീറ്ററോളം വരുന്ന തീരദേശത്താണ് മഴക്കെടുതികൾ കൂടുതലും ബാധിക്കുന്നത്.

കാലങ്ങളായി ദുരിതമുണ്ടാകുമ്പോൾ മാത്രം താൽകാലിക പരിഹാരമുണ്ടാവുകയാണ് ഇത്തരം സ്ഥലങ്ങളിൽ പതിവ്. ഇത്തവണ മുന്നൊരുക്കമെന്ന നിലയിൽ യോഗം വിളിച്ചതോടെ നിരവധി പരാതികളാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ മഴക്കാലത്തിനുശേഷം കടൽഭിത്തിക്കായി കല്ലിട്ട സ്ഥലങ്ങളിലെ കല്ലുകൾ അധികവും താഴ്ന്നുപോയതായും കടലെടുത്തതായും ജനപ്രതിനിധികൾ പറഞ്ഞു.

ഇത് ഉടൻ താൽകാലികമായി പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി ജനപ്രതിനിധികൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലങ്ങൾ കാണണമെന്നും ഉടൻ എന്തുചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകണമെന്നും എം.എൽ.എ നിർദേശിച്ചു.

അഴിയൂർ, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളും വടകര നഗരസഭയിലുമാണ് തീരദേശമുള്ളത്. ഒഞ്ചിയം പഞ്ചായത്തിൽ കല്ലിന്റവിട, മാടാക്കര തോടുകൾ മണ്ണുനിറഞ്ഞതിനാൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നും ഉടൻ മണ്ണുമാറ്റണമെന്നും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ആവശ്യപ്പെട്ടു.

നഗരസഭയിലെ തീരദേശ വാർഡുകളിൽ ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങൾ അപകട ഭീഷണിയിലാണെന്ന് വാർഡ് അംഗങ്ങൾ യോഗത്തെ അറിയിച്ചു. കഴിഞ്ഞതവണ കടൽക്ഷോഭത്തിൽ തകർന്ന തീരദേശറോഡുകൾ പൂർണമായും പുനർനിർമിക്കാൻ ഇനിയും സാധിച്ചിട്ടില്ല.

കടൽഭിത്തി പല സ്ഥലത്തും തകർന്നുകിടക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ മഴക്കാലത്ത് വലിയ ദുരന്തമായിരിക്കുമെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി. സാൻഡ്ബാങ്ക്‌സ് മുതൽ പൂഴിത്തല വരെയുള്ള സ്ഥലങ്ങളിലെ വിവിധങ്ങളായ പ്രശ്‌നങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. മഴക്കാലത്തിന് മുൻപുതന്നെ ഈ വിഷയങ്ങളിൽ അടിയന്തിരമായി ചെയ്യാൻ കഴിയുന്ന നടപടികൾ അറിയിക്കാൻ ബന്ധപ്പെട്ട വകുപ്പ് മോധാവികളോട് എം.എൽ.എ നിർദേശിച്ചു.

മഴ ശക്തമായാൽ ദുരന്ത നിവാരണത്തിനുള്ള എല്ലാ നടപടികൾക്കും സുസജ്ജമാണെന്ന് അഗ്നിരക്ഷാസേനയും പൊലിസും അറിയിച്ചു. ഹാർബർ എഞ്ചിനീയറിങ്, ഫിഷറീസ് വകുപ്പുകൾ തീരദേശ സംരക്ഷണത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ യോഗത്തെ അറിയിച്ചു. നഗരസഭയിൽ സൈക്ലോൺ ഷെൽ്ട്ടർ, വിവിധ സ്‌കൂളുകൾ എന്നിവ താൽകാലികമായി ജനങ്ങളെ പാർപ്പിക്കാൻ സജ്ജമാക്കുമെന്ന് നഗരസഭ ചെയർപഴ്‌സണും തഹസിൽദാറും യോഗത്തെ അറിയിച്ചു.

ആർ.ഡി.ഒ സി.ബിജു സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ കെ.പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, വടകര തഹസിൽദാർ പ്രസിൽകുമാർ മറ്റു തീരപ്രദേശത്തെ വാർഡ് മെമ്പർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43349/unending-concern-on-the-coast-deputies-at-a-meeting-called-by-the-mla-to-ensure-coastal-protection)