---
title: "ഉദ്ഘാടനം നാളെ; ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്‌സ് കോംപ്ലക്സ്‌ മേപ്പയിൽ ഒരുങ്ങി"
english_title: "Inauguration tomorrow; Iringal Pappan Memorial Sports Complex at Mepa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44051/inauguration-tomorrow-iringal-pappan-memorial-sports-complex-at-mepa"
published_at: "2022-05-21T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62887bc6440d4_iringal.jpg"
keywords: []
---

# ഉദ്ഘാടനം നാളെ; ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്‌സ് കോംപ്ലക്സ്‌ മേപ്പയിൽ ഒരുങ്ങി

> **Lead Summary:** **വടകര:** ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്‌സ് ആൻഡ് കരിയർ അക്കാദമിയിലെ സംയോജിത സ്പോർട്‌സ് കോംപ്ലക്സ്‌ ഞായറാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര:** ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്‌സ് ആൻഡ് കരിയർ അക്കാദമിയിലെ സംയോജിത സ്പോർട്‌സ് കോംപ്ലക്സ്‌ ഞായറാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. കെ. മുരളീധരൻ എം.പി., കെ.കെ. രമ എം.എൽ.എ., നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു തുടങ്ങിയവർ മുഖ്യാതിഥികളാകും. രാവിലെ 10.30-ന് ഐ.പി.എമ്മിലെ കുട്ടികളുടെ സൗഹൃദവോളിബോൾ മത്സരമുണ്ടാകും.

പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ കൊടുവട്ടാട്ട് നരേന്ദ്രൻ, സെക്രട്ടറി വി.എം. ഷീജിത്ത്, എ. വിനു, ജി. ജയൻ, രഞ്ജുമോൻ, നൗഷാദ് എന്നിവർ പങ്കെടുത്തു. വോളിബോൾ പ്രതിഭകളെ തേച്ചുമിനുക്കിയെടുക്കലാണ് ലക്ഷ്യം.

ആ ലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ കായികമേഖലയുടെ സർവതോന്മുഖമായ വികസനത്തിന്‌ കളമൊരുക്കിയിരിക്കുകയാണ് ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്‌സ് ആൻഡ് കരിയർ അക്കാദമി (ഐ.പി.എം.). 2021 ജനുവരി 26-നാണ് അക്കാദമി ഉദ്ഘാടനംചെയ്തത്. അന്ന് വോളിബോൾ പരിശീലനമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. നൂറിലേറെ കുട്ടികൾ സ്ഥിരമായി ഇവിടെ വോളിബോൾ പരിശീലിക്കുന്നുണ്ട്.

ഒട്ടേറെ പ്രതിഭകളെ കണ്ടെത്താനും സാധിച്ചു. മഴക്കാലത്ത് ഇവിടെ പരിശീലനം സാധ്യമല്ലാതെവന്നതോടെയാണ് ഇൻഡോർ കോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി അക്കാദമി വിപുലീകരിക്കാൻ തീരുമാനിച്ചത്. ഇരിങ്ങൽ പപ്പൻ എന്ന വിഖ്യാത വോളിബോൾ താരത്തിന്റെ മക്കളായ കൊടുവട്ടാട്ട് നരേന്ദ്രൻ, ബി.എസ്.എഫ്. ഡെപ്യൂട്ടി കമാൻഡന്റ് കൊടുവട്ടാട്ട് പ്രസാദ്, മുൻ സർവീസസ് വോളിതാരവും പരിശീകനുമായ വി.എം. ഷീജിത്ത് തുടങ്ങിയവർ നേതൃത്വംനൽകുന്ന അക്കാദമി ഇതിനായി ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. ഇതാണ് ഇപ്പോൾ യാഥാർഥ്യമായത്.

രണ്ട് ഇൻഡോർ വോളിബോൾ സിന്തറ്റിക് കോർട്ട്, ഫുട്‌ബോൾ കളിക്കാനും പരിശീലിക്കാനും മനോഹരമായ ടർഫ്, നാല് ബാഡ്മിന്റൺ കോർട്ടുകൾ, തയ്‌ക്കൊൺഡോ മാർഷ്യൽ ആർട്‌സ് പരിശീലനകേന്ദ്രം. കായികപരിശീലനത്തിനൊപ്പം ശാരീരികക്ഷമത ഉറപ്പുവരുത്താനാവശ്യമായ ഒട്ടേറെ പദ്ധതികൾ ഇവിടെയുണ്ട്. വനിതാ ഫിറ്റ്‌നസ് കേന്ദ്രമാണ് ഇതിലൊന്ന്. എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

മുതിർന്നപൗരൻമാർക്കായി ഫിറ്റ്‌നസ് കേന്ദ്രം, വ്യായാമ, വിനോദ പാർക്ക്, സേന പ്രീസെലക്‌ഷൻ പരിശീലനം എന്നീ സൗകര്യങ്ങളുമുണ്ട്. സൈന്യത്തിൽനിന്ന്‌ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെവെച്ച് അക്കാദമിക്കൽ, ഫിസിക്കൽ പരിശീലനം ലഭ്യമാക്കാനാണ് പദ്ധതി. സ്കോർലൈനുമായി ചേർന്നാണ് ഫുട്ബോൾ പരിശീലനം. പുതിയ കോംപ്ലക്സിൽ ഏതു മഴക്കാലത്തും മുടങ്ങാതെ വോളിബോൾ പരിശീലനം നടത്താം.

കുറച്ചുകാലംകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കളിക്കാരെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ വി.എം. ഷീജിത്ത് പറഞ്ഞു. സമീപവാസിയും വോളിബോൾ പരിശീലകനുമായ ദിലീപിന്റെ സ്ഥലം പാട്ടത്തിനെടുത്താണ് ഈ സൗകര്യമെല്ലാം ഒരുക്കിയത്. യു.എൽ.സി.സി.എസാണ് പ്രവൃത്തി നടത്തുന്നത്. ഒരുവർഷംകൊണ്ടുതന്നെ വോളിബോളിൽ ശ്രദ്ധേയസാന്നിധ്യമാകാൻ ഐ.പി.എമ്മിന് സാധിച്ചിട്ടുണ്ട്.

ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് നേടി. മലപ്പുറം ജില്ലാ ജൂനിയർ, സബ് ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ ഇവിടുത്തെ ടീമാണ് വിജയം നേടിയത്. മികച്ച ഒട്ടേറെ കളിക്കാർ ക്യാമ്പിലുണ്ട്. പരിശീലനം തുടങ്ങിയശേഷം കുട്ടികളുടെ സമീപനത്തിലും ജീവിതീരിതിയിലുമെല്ലാം വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് ട്രസ്റ്റ് അംഗം കൊടുവട്ടാട്ട് പ്രസാദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44051/inauguration-tomorrow-iringal-pappan-memorial-sports-complex-at-mepa)