---
title: "പിറന്നാൾ നിറവിൽ മോഹൻലാൽ; ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം ഒരുക്കി ആരാധകർ."
english_title: "Mohanlal turns birthday; Basic life support training prepared by fans."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44173/Mohanlal-turns-birthday-basic-life-support-training-prepared-by-fans"
published_at: "2022-05-21T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288e98112c18_rema.jpg"
keywords: []
---

# പിറന്നാൾ നിറവിൽ മോഹൻലാൽ; ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം ഒരുക്കി ആരാധകർ.

> **Lead Summary:** **വടകര:** ചലച്ചിത്ര താരം മോഹൻലാലിൻ്റെ അറുപത്തിരണ്ടാം പിറന്നാൾ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻ്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

## Article Content

**വടകര:** ചലച്ചിത്ര താരം മോഹൻലാലിൻ്റെ അറുപത്തിരണ്ടാം പിറന്നാൾ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻ്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി വടകര ആശ ഹോസ്പിറ്റലുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം സംഘടിപ്പിച്ചു. വടകര മുൻസിപ്പൽ പാർക്കിൽ നടന്ന പരിശീലന പരിപാടി കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന മോഹൻലാലിനെ പോലെ ആരാധകരും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.കെ രമ അഭിപ്രായപ്പെട്ടു.

ചെറുപ്പക്കാർക്കിടയിൽ മയക്കു മരുന്ന് പോലുള്ള വിപത്തുകൾ വ്യാപിക്കുന്ന കാലത്ത് മോഹൻലാൽ ഫാൻസിനെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ടി.പി ചന്ദ്രശേഖരൻ്റെ മരണസമയത്ത് മോഹൻലാൽ തൻ്റെ ബ്ലോഗിലൂടെ നൽകിയ പിന്തുണയെകുറിച്ചുള്ള ഓർമ്മയും എം.എൽ.എ പങ്കുവച്ചു.

ആശ ഹോസ്പിറ്റലിലെ ഡോക്ടർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘം അത്യാഹിതം സംഭവിച്ചവർക്ക് നൽകേണ്ട ജീവൻരക്ഷ മാർഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. പരിശീലനത്തിൽ നൂറിലധികം പേർ പങ്കെടുത്തു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സുഗീത്. എസ്, സന്ദീപ്.കെ.കെ, ശ്രിജീഷ്.കെ.സി, ആനന്ദ്.വി. കെ, സനൽദേവ്. പി.എസ്, അശ്വന്ത്.സി.എസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44173/Mohanlal-turns-birthday-basic-life-support-training-prepared-by-fans)