---
title: "സ്വാഭിമാനത്തിൻ്റെ ഒരാണ്ട്; നേട്ടങ്ങൾ എണ്ണി പറഞ്ഞ് കെ.കെ രമ എംഎൽഎ "
english_title: "One year of self-esteem; KK Rema MLA counting the achievements"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44491/one-year-of-self-esteem-kk-rema-mla-counting-the-achievements"
published_at: "2022-05-23T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b4f8a58bf7_KK REMA.jpg"
keywords: []
---

# സ്വാഭിമാനത്തിൻ്റെ ഒരാണ്ട്; നേട്ടങ്ങൾ എണ്ണി പറഞ്ഞ് കെ.കെ രമ എംഎൽഎ 

> **Lead Summary:** **വടകര: **വടകര മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുത്ത് കേരള നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു വർഷം പൂർത്തിയാവുകയാണ് കെ.കെ രമ എംഎൽഎ. ഈ കാലയളവിനുള്ളിൽ മണ്ഡലത്തിൽ പരമാവധി ഇടപെടൽ നടത്താൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്ന് സ്വാഭിമാനത്തോടെ പറയാൻ കഴിയുമെന്ന് കെ.കെ രമ പറഞ്ഞു.

## Article Content

**വടകര: **വടകര മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുത്ത് കേരള നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഒരു വർഷം പൂർത്തിയാവുകയാണ് കെ.കെ രമ എംഎൽഎ. ഈ കാലയളവിനുള്ളിൽ മണ്ഡലത്തിൽ പരമാവധി ഇടപെടൽ നടത്താൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്ന് സ്വാഭിമാനത്തോടെ പറയാൻ കഴിയുമെന്ന് കെ.കെ രമ പറഞ്ഞു.

ഈ കാലയളവിൽ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വലിയ പിൻതുണയാണ് നൽകിപോന്നിട്ടുള്ളത്. ഞാൻ എല്ലാവരോടും ഈ അവസരത്തിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്. തുടർന്നും നിങ്ങളോരോരുത്തരുടേയും പൊതുസമൂഹത്തിന്റെയും എല്ലാവിധ സഹായസഹകരണങ്ങളും അഭ്യർത്ഥിക്കുകയാണെന്നും അവർ വടകരയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് 2ന് തെരഞ്ഞെടുപ്പ് ഫലം വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മണ്ഡലത്തിലെ തീരദേശ മേഖലയിൽ കടലാക്രമണം ഉണ്ടാവുകയും നിയുക്ത എം.എൽ.എ എന്ന നിലയിൽ അവിടങ്ങളിലെല്ലാം എത്തുകയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിഹാര മാർഗങ്ങൾ നടത്താനും പരിശ്രമിച്ചു.

ശാശ്വത പരിഹാരങ്ങൾക്ക് തുടർ ഇടപെടലുകൾ അനിവാര്യമായ ഈ മേഖലയിൽ അതിനായുള്ള പരിശ്രമങ്ങൾ ഇപ്പോഴും നടത്തിവരികയാണ്. ഈ കാലയളവിനുള്ളിൽ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി പ്രധാനമായും പരഹരിക്കേണ്ട വിഷയങ്ങൾ മുൻഗണനാക്രമത്തിൽ നേരത്തെ തന്നെ നമ്മൾ വ്യക്തമാക്കിയിരുന്നു.

എം.എൽ.എ ആയ ഉടൻ മണ്ഡലത്തിൽ നേരത്തെ അനുവദിക്കപ്പെട്ടിരുന്ന വ്യത്യസ്ത വകുപ്പുകൾക്ക് കീഴിലുള്ള പ്രവർത്തികളുടെയും, ഫണ്ടുകളുടെയും (മുൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉൾപ്പെടെ) മുഴുവൻ വിശദാംശങ്ങൾ ശേഖരിക്കുകയും ഫണ്ട് വിനിയോഗത്തിനും പ്രവർത്തിയുടെ പ്രയോഗത്തിനും നിലനിൽക്കുന്ന തടസ്സങ്ങൾ മനസ്സിലാക്കുകയും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ സമയാനുസൃതമായി വകുപ്പ്തല റിവ്യൂ മീറ്റിങ്ങുകൾ വിളിച്ചു ചേർത്ത് നിലനിൽക്കുന്ന തടസ്സങ്ങൾ പരിഹരിച്ചു പ്രവർത്തി പൂർത്തീകരണത്തിനുള്ള ശ്രമങ്ങൾ നടന്നു വരികയാണിപ്പോൾ.

കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രയാസങ്ങളും, കാലാവസ്ഥയിൽ അടിക്കടിയുണ്ടാകുന്ന വ്യതിയാനങ്ങളും കൃത്യമായി ആവശ്യാനുസരണമുള്ള ഉദ്യോഗസ്ഥരുടെ ലഭ്യതക്കുറവും പഴയ പല പ്രവർത്തികളും സമയാനുസൃതമായി പൂർത്തീകരിക്കപ്പെടാത്തതിന് കാരണമായുണ്ട്.

ഇതോരോന്നും പരിഹരിച്ചു വരികയാണിപ്പോൾ. വടകര ജില്ലാ ആശുപത്രിയായി നമ്മുടെ താലൂക്ക് ആശുപത്രി ഉയർത്തികഴിഞ്ഞെങ്കിലും അതിന് തുല്യമായ സ്റ്റാഫ് പാറ്റേണോ, മറ്റ് സൗകര്യങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധിയായ വിഷയങ്ങളാണ് ജില്ലാ ആശുപത്രിയിലുണ്ടായത്.

കൊവിഡ് ബാധിച്ചും അപകടങ്ങളിലും മരണമടയുന്നവരെ കൊവിഡ് പരിശോധനയ്ക്കായി കോഴിക്കോട് കൊണ്ടുപോയി പരിശോധന നടത്തുകയും അതുമൂലം രണ്ട് ദിവസത്തോളം അത്തരം മൃതദേഹങ്ങൾ വിട്ടുകിട്ടാതിരിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ നിരന്തരമായി വന്നപ്പോൾ സർക്കാർ സംവിധാനങ്ങളെ അത്തരം കാര്യങ്ങൾ അറിയിച്ച് സിബി നാറ്റ് പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കാൻ കഴിഞ്ഞു എന്നത് ഏവർക്കും ആശ്വാസകരമായിരുന്നു.

ജില്ലാ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചവർക്കുള്ള പോസ്റ്റ്മോർട്ടത്തിനായി താൽകാലിക സംവിധാനം ഒരുക്കാൻ കഴിഞ്ഞതും അത്തരം കുടുംബങ്ങൾക്ക് വലിയ കാര്യമായിരുന്നു. ജില്ലാ ആശുപത്രിയിൽ നബാർഡിന്റെ ഫണ്ടിൽ ഉൾപെടുത്തി കെട്ടിടം നിർമിക്കുന്ന പ്രവർത്തനങ്ങൾ തടസപ്പെടുന്ന അവസ്ഥയാണെന്ന് കണ്ട് അതിൽ ഇടപെടാൻ കഴിഞ്ഞു. ഇത് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനും മന്ത്രിയെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് വച്ച് പ്രത്യേക ഉദ്യോഗസ്ഥതതല യോഗം വിളിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും സാധിച്ചു.

എം.എൽ.എ ആയതിനുശേഷം നിയമസഭയിൽ ഉന്നയിച്ച ആദ്യ സബ്മിഷൻ ജില്ലാ ആശുപത്രിയുടെ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു. മണ്ഡലത്തിൽ ഉപരിപഠനത്തിനായി ശ്രമിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞടുക്കാൻ വഴികാട്ടിയായി കഴിഞ്ഞ അധ്യയന വർഷത്തിൽ ആപ്റ്റി ഫെസ്റ്റ് സംഘടിപ്പിക്കാൻ കഴിഞ്ഞു.

കേരളത്തിലും രാജ്യാന്തര തലത്തിലുമുള്ള കരിയർ വിദഗ്ധരെ ഉൽപെടുത്തി ഓൺലൈനായി നടത്തിയ പരിപാടി നിരവധി വിദ്യാർഥികൾക്ക് വഴികാട്ടിയായി. ഐ.എ.എസ് ഉദ്യോഗസ്ഥരായ ടി.വി അനുപമ, ദിവ്യ എസ്.അയ്യർ, സാമഹ്യ പ്രവർത്തകനും മജിഷ്യനുമായ ഗോപിനാഥ് മുതുകാട്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു ഐ.എ.എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകമായ പരിപാടിയായിരുന്നു ഇത്.

പ്ലസ് വണ്ണിലേക്ക് അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റില്ലാത്തത്, പ്രത്യേകിച്ച് മലബാർ മേഖലയിൽ ഏറെ പ്രശ്നമുണ്ടാക്കുന്നതായിരുന്നു. ഇതിന് പരാഹരത്തിനായി വിദ്യാഭ്യാസ മന്ത്രിയെ സമീപിക്കാനും, നിയമസഭയിൽ ഈ വിഷയം ഉന്നയിച്ച് പരിഹാരം മന്ത്രിതലത്തിൽ കണ്ടെത്താനും കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.

വടകരയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാർക്കു താമസിക്കാനുള്ള കെട്ടിടങ്ങളോ ഉണ്ടായിരുന്നില്ല. ബഹു. ഗതാഗത വകുപ്പുമന്ത്രിയെ നേരിൽകണ്ട് ഈ വിഷയങ്ങൾ ഉന്നയിക്കുകയും സംസ്ഥാനത്ത് വിവിധ ഡിപ്പോകൾക്കായി അനുവദിച്ച സ്ലീപ്പർ ബസുകളിൽ ഒന്ന് വടകരയ്ക്ക് നേടിയെടുക്കാനും കഴിഞ്ഞു. സ്ത്രീകളടക്കമുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇത് ചെറുതല്ലാത്ത ആശ്വാസമാണ് ഉണ്ടാക്കിയത്.

ദേശീയപാത വിപുലീകരണ പ്രവർത്തനങ്ങളിൽ നാട്ടുകാർ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടു രംഗത്തെത്തി. ഇത്തരം വിഷയങ്ങളിൽ സമയാസമയങ്ങളിൽ ഇടപെടാനും പ്രവൃത്തി ഏറ്റെടുത്ത കമ്പനിയുമായും നാഷണൽ ഹൈവേ അതോറിറ്റിയുമായും ബന്ധപ്പെട്ട് അടിയന്തിര പരിഹാരങ്ങൾ കാണാനും കഴിഞ്ഞു.

കൂടാതെ ദേശീയപാത വടകര പട്ടണത്തെ രണ്ടായി മുറിക്കുന്ന അവസ്ഥയിൽ ഇതിനുള്ള പരിഹാരത്തിനായി ദേശീയപാത അതോറിറ്റിയെയും അതിന്റെ ഉയർന്ന ഉദ്യോഗസ്ഥരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനും പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന ഉറപ്പ് നേടിയെടുക്കാനും ഇതിന്റെ ഭാഗമായി പ്ലാനിൽ നിന്ന് വ്യത്യസ്തമായി പാലോളിപ്പാലം , കരിമ്പനപ്പാലം, പുതിയ ബസ് സ്റ്റാൻഡ്, ലിങ്ക്റോഡ്, അടക്കാത്തെരു, പെരുവാട്ടുംതാഴ, ചോറോട് ഗേറ്റ്, കൈനാട്ടി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിൽ അടിപ്പാത, മേൽപാത, ഫൂട്ട് ഓവർബ്രിഡ്ജ് എന്നിവ സ്ഥലത്തിന്റെ പ്യത്യേകതകൾ പരിഗണിച്ച് നടപ്പിലാക്കണമെന്ന ആവശ്യം അനുഭാവപൂർണം പരിഗണിക്കാമെന്ന ഉറപ്പ് നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ഒഴിഞ്ഞുപോകുന്ന കച്ചവടക്കാർക്കുള്ള നഷ്ടപരിഹാരം ലഭിക്കണമെന്ന അവരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും ഉന്നതലങ്ങളിൽ ഈ കാര്യം ഉന്നയിക്കാനും ഒരു പരിധിവരെ അത് അനുവദിപ്പിക്കാനും കഴിഞ്ഞു. 29 ഓളം പട്ടിക വർഗ വിദ്യാർഥികൾ താമസിക്കുന്ന വടകരയിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്.

ഇവിടെ സന്ദർശിച്ചപ്പോൾ ഇവരുടെ ദുരിതം നേരിൽകാണുകയും സർക്കാർ തലത്തിൽ ഇടപെട്ട് ഇവർക്ക് പുതിയ ഹോസ്റ്റൽ നിർമാണത്തിനായി ഇറിഗേഷൻ വകുപ്പിന്റെ ഭൂമി പട്ടികജാതി വകുപ്പിന് കൈവശാവകാശം ചെയ്യാനുള്ള ഉത്തരവ് നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ഈ ഭൂമിയിൽ പുതിയ ഹോസ്റ്റൽ നിർമാണമെന്ന ആവശ്യം യാഥാർഥ്യമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം എടച്ചേരി കിടഞ്ഞി തീരങ്ങൾ മാത്രമായി ബന്ധിപ്പിക്കാനുള്ള പ്ലാൻ മാറ്റണമെന്നും വടകര മണ്ഡലത്തിനോടുള്ള അവഗണന പരിഹരിക്കണമെന്നും നിയമസഭയിലും മന്ത്രിതലത്തിലും ബോധ്യപ്പെടുത്തി. തുരുത്തിമുക്ക് പാലം എന്ന ഏറാമല ദേശക്കാരുടെ കാലങ്ങളായുള്ള ആവശ്യം പ്രയോഗികമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വടകരയുടെ ടൂറിസം പദ്ധതിയുടെ പ്രധാന പോയിന്റുകളിലൊന്നായി തുരുത്തിമൂക്കിനെ മാറ്റാനുള്ള എല്ലാ ഇടപെടലുകളും തുടർന്നുമുണ്ടാകും. വടകരയിലെ കുടുംബ കോടതി കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 8.2 കോടിരൂപയുടെ ഭരണാനുമതി നേടിയെടുക്കാൻ ഇക്കാലയളവിൽ കഴിഞ്ഞു. 2009ൽ വടകര ആസ്ഥാനമായി കുടുംബ കോടതി സ്ഥാപിതമായപ്പോൾ ബാർ അസോസിയേഷൻ ഹാളും, ലൈബ്രറി ഹാളും കുടുംബകോടതിക്കായി വിട്ടുകൊടുത്തത്.

12 വർഷമായിട്ടും ഇപ്പോഴും അഭിഭാഷകരെയും കക്ഷികളെയും ഒരുമിച്ച് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയ്ക്കാണ് പരിഹാരമാകുന്നത്. കോടതിയിലെ അഭിഭാഷകരുടെ അഭ്യർത്ഥന മാനിച്ച് അവിടം സന്ദർശിക്കുകയും 2022 ബജറ്റ് പ്രപ്പോസലിൽ മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായി ഇത് ഉന്നയിക്കുകയും ആദ്യഘട്ടത്തിൽ ടോക്കൺതുകയും പിന്നീട് 8.2 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയുമായിരുന്നു.

വടകരയിലെ പ്രധാനപ്പെട്ട എല്ലാ ഓഫിസുകളും ഒരു കുടക്കീഴിലാക്കുന്ന റവന്യു ടവറിന്റെ ശിലാസ്ഥാപന കർമം ഈ കാലയളവിൽ നടത്താൻ സാധിച്ചു എന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഏറെകാലത്തെ വടകരക്കാരുടെ സ്വപ്‌നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്.

28.2 കോടിയുടെ എസ്റ്റിമേറ്റിൽ ആദ്യഘട്ടത്തിൽ 20 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. ശിലാസ്ഥാപനത്തിനു മുന്നോടിയായി ജില്ലാ കലക്ടറുടെസാന്നിധ്യത്തിൽ കലക്ട്രേറ്റിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിൽ വിശദമായ ചർച്ചയ്ക്കു ശേഷം വടകര താലൂക്ക് ഓഫിസ്, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫിസ്, ഭക്ഷ്യസുരക്ഷാ ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ് തുടങ്ങി പതിനൊന്നോളം ഓഫിസുകളാണ് ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഒന്നാം നിലയിൽ സബ് ട്രഷറിയും രജിസ്ട്രാർ ഓഫിസുമുണ്ടാകും.

ഒരുവർഷംകൊണ്ട് പ്രവർത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജുചെയ്യാൻ മണ്ഡലത്തിൽ ഏഴ് സ്ഥലങ്ങളിൽ ചാർജിങ്ങ് സ്‌റ്റേഷനുകൾ നേടിയെടുക്കാൻ കഴിഞ്ഞു. വടകര നാരായണ നഗരം, വടകര പഴയസ്റ്റാന്റ്, സാന്റബാങ്ക്‌സ്, ഓർക്കാട്ടേരി, കുന്നുമ്മക്കര, കൈനാട്ടി, കുഞ്ഞിപ്പള്ളി എന്നിങ്ങനെ മണ്ഡലത്തിലെ 7 വ്യത്യസ്ത ഇടങ്ങളിലായാണ് ആദ്യഘട്ട ചാർജിങ്ങ് സ്റ്റേഷനുകൾ വരുന്നത്.

വടകര നിയമസഭാ മണ്ഡലത്തിലെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് VIBE (Vatakara's Initiative for Better Education.) ഇതിനായി തദ്ദേശ സ്വയം ഭരണ വേദികളുടെ പ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, സ്ഥാപന മേധാവികൾ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവരെ വിളിച്ചു ചേർത്ത് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

വൈബിന്റെ ഭാഗമായി ചങങട ( National merit cum means scholarship) പരീക്ഷയ്ക്കാവശ്യമായ കോച്ചിങ് നൽകി. ഓഫ് ലൈനായും ഓൺ ലൈനായും നൽകിയ ക്ലാസിൽ മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്തു. കേന്ദ്ര സർവ്വകലാശാലകളിലെ ഡിഗ്രി പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ സി.യു.ഇ.ടി യിൽ അപേക്ഷാർത്ഥികളായ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

വിവിധ യോഗ്യതാ പരീക്ഷകൾ, പ്രവേശന പരീക്ഷകൾ, പാഠ്യ,പാഠ്യേതര വിഷയങ്ങൾ, കരിയർ തുടങ്ങിയവ കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു നിയമസഭയിലെ ഇടപെടലുകൾ 1.വടകര ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള സബ്മിഷൻ

2. കെ.റെയിൽ പദ്ധതിയിൽ ജനങ്ങൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച്.

3. മണ്ഡലത്തിലെ കൃഷി ഓഫിസുകളിൽ പര്യാപ്തമായ ജീവനക്കാരെ നിയമിക്കാൻ

4. ഉദ്ഘാടനം കഴിഞ്ഞിട്ടും വർഷങ്ങളായി തുറന്നു പ്രവർത്തിക്കാത്ത നാരായണ നഗറിലെ ബി.ഒ.ടി കെട്ടിടം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച്.

5. സാൻഡ് ബാങ്ക്സ്, വെള്ളിയാംകല്ല്, ലോകനാർകാവ്, പയംകുറ്റിമല തുടങ്ങി വടകര താലൂക്കിലം വിവിധ കേന്ദ്രങ്ങളെ യോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം കോറിഡോർ, വികസനം സംബന്ധിച്ച് സബ്മിഷൻ

6. വടകരയിലെപരമ്പരാഗത വാണിജ്യ, വ്യവസായങ്ങളായ കൊപ്ര, കയർ തുടങ്ങിയവയെ പരരിപോഷിപ്പാനുള്ള ഇടപെടലുകൾ.

7. കൊവിഡ് കാലത്ത് തകർന്ന ചെറുകിട കച്ചവടക്കാർ, പാരമ്പര്യ കലാകാരൻമാർ, ഇതര സംരംഭകർ എന്നിവർ അനുഭവിക്കുന്ന പ്രതിസന്ധികൾക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ച്.

8. വനിതാവിഭശേഷി ഉപയോഗിച്ചുള്ള ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച്

9. കാലങ്ങളായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തീരദേശ മേഖലയില്െ ജനജീവിതം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും, കടലാക്രമണങ്ങളിൽ തകർന്നുപോകുന്ന തീരമേഖലക്കുള്ള ശാശ്വത പരിഹാരത്തിനായുള്ള ബദൽ മാർഗങ്ങൾ, പുനർഗേഹം പദ്ധതിയുടെ അപാകതകൾ പരിഹരിക്കുന്നത് സംബന്ധിച്ചുമുള്ള വിഷയങ്ങൾ.

10. സെറിബ്രൽ പാഴ്സി, ഭിന്നശേഷ് വിഭാഗക്കാർക്കായുള്ള പ്രത്യേക പി,എസ്.സി പരീക്ഷ നടത്തുന്നത് സംബന്ധിച്ച്.

11. കർഷകർക്ക് വിള ഇൻഷൂറൻസ് ലഭിക്കുന്ന നിയമത്തിലെ അപാകതകൾ പരിഹരിക്കാനുള്ള നിർദേശം 12. മെഡിക്കൽ ബിൽ ഭേദഗതിയിലെ അപാകതകൾ പരിഹരിക്കാനുള്ള നിർദേശം.

13. വടകര പാലോളിപ്പാലത്ത് പട്ടികജാതി കോളനിയിലേക്ക് വഴി ലഭിക്കുന്നതുമായി ബന്ധപ്പെട്ടടുള്ള ഇടപെടൽ

14. കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം എടച്ചേരി കിടഞ്ഞി തീരങ്ങൾ മാത്രമായി ബന്ധിപ്പിക്കാനുള്ള പ്ലാൻ മാറ്റണമെന്നും വടകര മണ്ഡലത്തിനോടുള്ള അവഗണന പരിഹരിക്കണമെന്നും തുരുത്തി ടൂറിസം പദ്ധതി നടപ്പിൽ വരുത്താനുമുള്ള ഇടപെടൽ

15.ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കാനും റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും ആവശ്യമുന്നയിച്ചു.

16. തോട്ടപ്പള്ളി കരിമണൽ ഖനനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ശ്രദ്ധക്ഷണിക്കൽ

17. അനുപമയുടെ കുട്ടിയെ സർക്കാർ സംവിധാനങ്ങളുപയോഗിച്ച് തട്ടിക്കൊണ്ടുപോയ വിഷയത്തിൽ അടിയന്തിര പ്രമേയം. മണ്ഡലത്തിൽ ഭരണാനുമതിയായ പ്രവൃത്തികൾ

1. അഴിയൂർ ഹയർസെക്കൻഡറി സ്‌കൂൾ ബാലൻസ് പ്രവൃത്തികൾക്ക് 65 ലക്ഷം

2. അഴിയൂർ ദോബികുളം നവീകരണം 37 ലക്ഷം

3. കുരിയാടി കടൽക്ഷോഭത്തിൽ തകർന്ന റോഡിന്റെ പുനരുദ്ധാരണം 50 ലക്ഷം

4. മടപ്പള്ളി ഗവ. കോളജ് പി.ജി ബ്ലോക്ക് പ്രവൃത്തി(ബാലൻസ് വർക്ക്) / വനിതാ ഹോസ്റ്റൽ വാച്ച്മാൻ റൂം നിർമാണം 28.5 ലക്ഷം

5. മടപ്പള്ളി ഗവ. കോളജ് ജൂബിലി ബിൽഡിങ്ങ് നിർമാണം 10കോടി

6. കാലവർഷക്കെടുതിയിൽ തകർന്ന 10 റോഡുകളുടെ പുനരുദ്ധാരണം 74 ലക്ഷം

7. ആനാട് കടൽഭിത്തി നിർമാണം 1.2കോടി

8. വടകര ആർ.ഡി.ഒ ഓഫിസ് നിർമാണം(ബജറ്റ് പ്രപ്പോസൽ-2022) 1.5കോടി

9. ഒ.വി.സി തോട് നവീകരണം(ബജറ്റ് പ്രപ്പോസൽ-2022) 1.7 കോടി

10. അഴിയൂർ പൂഴിത്തല മത്സ്യ ഷെഡ്ഡ് നിർമാണം(ബജറ്റ് പ്രപ്പോസൽ-2022) 1.5 കോടി

11. വടകര ഗവ. ആയുർവേദ ആശുപത്രി നവീകരണം(ബജറ്റ് പ്രപ്പോസൽ-2022) 50ലക്ഷം

12. വടകര കോടതിയിലെ വക്കീൽ ഗുസ്തരുടെ ഓഫിസ് നവീകരണം 3.82ലക്ഷം

13. വടകര കുടുംബകോടതി നിർമാണം(ബജറ്റ് പ്രപ്പോസൽ-2022) 8.2കോടി

14. വടകര റവന്യുടവർ നിർമാണം 28.2കോടി

15. ഓർക്കാട്ടേരി എഫ്.എച്ച്.സി ഐസൊലേഷൻ വാർഡ് നിർമാണം 2.97കോടി

16. വടകര ഫയർസ്റ്റേഷൻ നവീകരണം 10 ലക്ഷം

17. എം.എൽ.എ ഫണ്ട് (20212022) 2കോടി

18. പഴയ എം.എൽ.എ ഫണ്ട് പുനർ വിനിയോഗം 82 ലക്ഷം

19. വടകര ജില്ലാ ആശുപത്രിയിൽ സി.ബി നാറ്റ് പരിശോധനയ്ക്ക് സംവിധാനം

20. ഏഴ് സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സ്‌റ്റേഷനുകൾ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44491/one-year-of-self-esteem-kk-rema-mla-counting-the-achievements)