---
title: "ലഹരി വിരുദ്ധ ബോധവത്കരണം: വിവിധ പദ്ധതികളുമായി നഷാ മുക്ത് ഭാരത് അഭിയാന്‍ "
english_title: "Anti-Drug Awareness: Nasha Mukt Bharat Abhiyan with various projects"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44759/anti-drug-awareness-nasha-mukt-bharat-abhiyan-with-various-projects"
published_at: "2022-05-24T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d085f0413d_drugs.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്കരണം: വിവിധ പദ്ധതികളുമായി നഷാ മുക്ത് ഭാരത് അഭിയാന്‍ 

> **Lead Summary:** **വടകര: **ജില്ലയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന നഷ മുക്ത ഭാരത് അഭിയാന്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

## Article Content

**വടകര: **ജില്ലയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന നഷ മുക്ത ഭാരത് അഭിയാന്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

പദ്ധതിയുടെ ഭാഗമായി താലൂക്ക് തലത്തിൽ യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ലഹരിക്കെതിരെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വിമോചന ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കും.

കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് ബോധവത്കരണത്തോടൊപ്പം നിയമ നിര്‍വഹണവും കര്‍ശനമാക്കും. ജില്ലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുവാന്‍ പൊലീസ് എക്‌സൈസ് വകുപ്പുകളുടെ ഏകോപനം ശക്തമാക്കി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കും.

പൊതു ഇടങ്ങളിലെ ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് നടപടികള്‍ ശക്തമാക്കും. നഷാ മുക്ത് ഭാരത് അഭിയാന്‍ പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടപ്പാക്കിയ ബോധവത്കരണ പരിപാടികള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി.

'പുതു ലഹരിയിലേക്ക്' എന്ന പേരില്‍ വിവിധ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുകയിലവിരുദ്ധദിനം, ലഹരിവിരുദ്ധദിനം തുടങ്ങിയ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പുതുതലമുറയെ ലഹരി പദാര്‍ഥങ്ങളുടെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് ലഹരിവിരുദ്ധ ബൈക്ക് റാലികള്‍, വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മത്സരങ്ങള്‍, അധ്യാപകര്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകള്‍, ലഹരിവിരുദ്ധ വാഹന പ്രചാരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

യോ​ഗത്തിൽ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ കര്‍മപദ്ധതി വിശദീകരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എം.പി ഷൈജല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി. ഉമ്മര്‍ ഫാറൂഖ്, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈലജാ ദേവി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അബ്ദുല്‍ബാരി, ടി. അബ്ദുള്‍ നാസര്‍, കെ.സി. കരുണാകരന്‍ പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44759/anti-drug-awareness-nasha-mukt-bharat-abhiyan-with-various-projects)