---
title: "അന്യഗ്രഹജീവനെപ്പറ്റി അടുത്തറിയണം; ആര്യാരാജിൻ്റെ സ്വപ്നങ്ങൾക്ക് ചിറകായി ഊരാളുങ്കൽ സൊസൈറ്റിയും  "
english_title: "Uralungal Society as a wing for Aryaraj's dreams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44769/uralungal-society-as-a-wing-for-aryarajs-dreams"
published_at: "2022-05-24T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d15e2ca603_arya rajan.jpg"
keywords: []
---

# അന്യഗ്രഹജീവനെപ്പറ്റി അടുത്തറിയണം; ആര്യാരാജിൻ്റെ സ്വപ്നങ്ങൾക്ക് ചിറകായി ഊരാളുങ്കൽ സൊസൈറ്റിയും  

> **Lead Summary:** **വടകര: **അന്യഗ്രഹജീവനെപ്പറ്റി അടുത്തറിയണം ആര്യാരാജിൻ്റെ സ്വപ്നങ്ങൾക്ക് ചിറകായി ഊരാളുങ്കൽ തൊഴിലാളി കൂട്ടായ്മയും. കോഴിക്കോട് യു.എൽ. സ്പേസ് ക്ലബ്ബ് ഐ.ഐ.എസ്.ടി. യുമായി ചേർന്ന് കോവളത്ത് ആരംഭിച്ച സ്പേസ് ക്യാമ്പിൽ വിദ്യാർഥികൾ മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിച്ചു.

## Article Content

**വടകര: **അന്യഗ്രഹജീവനെപ്പറ്റി അടുത്തറിയണം ആര്യാരാജിൻ്റെ സ്വപ്നങ്ങൾക്ക് ചിറകായി ഊരാളുങ്കൽ തൊഴിലാളി കൂട്ടായ്മയും. കോഴിക്കോട് യു.എൽ. സ്പേസ് ക്ലബ്ബ് ഐ.ഐ.എസ്.ടി. യുമായി ചേർന്ന് കോവളത്ത് ആരംഭിച്ച സ്പേസ് ക്യാമ്പിൽ വിദ്യാർഥികൾ മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിച്ചു.

അന്യഗ്രഹജീവനെപ്പറ്റി പഠിക്കുന്ന ആസ്‌ട്രോബയോളജിസ്റ്റ് ആകണമെന്ന സ്വപ്നവുമായി സെറിബ്രൽ പാൾസിയെ വെല്ലുവിളിച്ചു മുന്നേറുന്ന കോഴിക്കോട്ടുകാരി ആര്യാരാജ്‌ ആവേശവും പ്രചോദനവുമായി ക്യാമ്പിലെത്തി. വി.എസ്.എസ്.സി. സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടർ ഡോ. എസ്. ഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ് ഡോ. എം. ചന്ദ്രദത്തൻ അധ്യക്ഷനായ ചടങ്ങിൽ ഐ.ഐ.എസ്.ടി. രജിസ്ട്രാറും പ്രൊഫസറുമായ ഡോ. വൈ.വി.എൻ. കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. യു.എൽ. സ്പേസ് ക്ലബ്ബിന്റെ സംഘാടകരായ ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി ക്ലബ്ബിന്റെ പ്രാധാന്യം വിവരിച്ചു. ബഹിരാകാശശാസ്ത്രത്തിലെ മികവിന് വിദ്യാർഥികളെ ക്യാമ്പിൽ ആദരിച്ചു.

ആദ്യമായി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) പ്രവേശനം നേടിയ സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിനിയായ ആര്യരാജ് ക്യാമ്പിൽ ആവേശമായി. ക്യാമ്പിന്റെ ഉദ്ഘാടനവേദി പ്രമുഖശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ട ആര്യയോട് മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഐ.എസ്.ടി. രജിസ്ട്രാറും പ്രൊഫസറുമായ ഡോ. വൈ.വി.എൻ. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയത് സദസ്സ് നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.

പ്ലസ് ടുവിന് 1200-ൽ 1200 മാർക്കു വാങ്ങി വിജയിച്ച ആര്യ യു.എൽ. സ്പേസ് ക്ലബ്ബിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭകളിൽ ഒരാളാണ്. നിലവിൽ തിരുവനന്തപുരം ഐസറിലെ യു.ജി. കോഴ്സായ (ഇന്റഗ്രേറ്റഡ് പി.ജി.) ബി.എസ്.എം.എസ്. വിദ്യാർഥിനിയാണ് കോഴിക്കോട് സ്വദേശിയായ ആര്യ. ആസ്‌ട്രോ ഫിസിക്സിൽ ദേശീയ വെബിനാറുകളിൽ പ്രസന്റേഷനുകൾ നൽകിയിട്ടുള്ളതടക്കം ഒട്ടേറെ നേട്ടങ്ങൾക്ക് ഉടമയാണ് ആര്യ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44769/uralungal-society-as-a-wing-for-aryarajs-dreams)