---
title: "ടെലഗ്രാം വഴി തട്ടിപ്പ് ; വടകരക്കാരൻ്റെ മൂന്നുലക്ഷം രൂപ തട്ടി, എറണാകുളം സ്വദേശിക്കെതിരെ കേസ് "
english_title: "Fraud by telegram; A case has been registered against an Ernakulam resident for embezzling Rs 3 lakh from a Vadakara resident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44796/fraud-by-telegram-a-case-has-been-registered-against-an-ernakulam-resident-for-embezzling-rs-3-lakh-from-a-vadakara-resident"
published_at: "2022-05-25T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d929b48457_rupees.jpg"
keywords: []
---

# ടെലഗ്രാം വഴി തട്ടിപ്പ് ; വടകരക്കാരൻ്റെ മൂന്നുലക്ഷം രൂപ തട്ടി, എറണാകുളം സ്വദേശിക്കെതിരെ കേസ് 

> **Lead Summary:** **വടകര: **ക്രൊയേഷ്യയിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനംനൽകി മൂന്നുലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ എറണാകുളം സ്വദേശി ജെയിംസിന്‍റെപേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര സ്വദേശി വിശാഖിനാണ് പണം നഷ്ടപ്പെട്ടത്.

## Article Content

**വടകര: **ക്രൊയേഷ്യയിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനംനൽകി മൂന്നുലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ എറണാകുളം സ്വദേശി ജെയിംസിന്‍റെപേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര സ്വദേശി വിശാഖിനാണ് പണം നഷ്ടപ്പെട്ടത്.

ടെലഗ്രാമിൽ കണ്ട പരസ്യംവഴിയാണ് വടകര നാരായണനഗരം സ്വദേശി പറമ്പത്ത് വിശാഖ് കഴിഞ്ഞവർഷം ജെയിംസുമായി ബന്ധപ്പെട്ടത്. വിശാഖിനും സുഹൃത്ത് വിശാലിനും വിസ നൽകാൻ നാലുലക്ഷം രൂപ ആവശ്യപ്പെട്ടു.

എന്നാൽ, മൂന്നുലക്ഷം രൂപയ്ക്ക് വിസ ഉറപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം ജെയിംസിന്റെ അക്കൗണ്ടിലേക്ക് വടകര എസ്.ബി.ഐ. മുഖേന 90,000 ആദ്യം നൽകി. ബാക്കിയുള്ള 2,10,000 രൂപ ഗൂഗിൾ പേ വഴി അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.

പിന്നീട് വിവരങ്ങൾ ഒന്നുമില്ലാതായതോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈമാസം ഡൽഹിയിൽ എത്താനുള്ള നിർദേശമാണ് ലഭിച്ചത്. എന്നാൽ, ഇരുവരും ഡൽഹിയിൽ എത്തിയപ്പോൾ ജെയിംസിന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു. ഇയാളെപ്പറ്റി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാതെ ഇവർ നാട്ടിലേക്ക് മടങ്ങി.

വടകരയിൽ എത്തിയശേഷമാണ് വിശാഖ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജെയിംസിന്റെ പേരിൽ എറണാകുളം മേലാറ്റൂർ പോലീസിൽ മറ്റൊരു തട്ടിപ്പുകേസ് നിലവിലുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44796/fraud-by-telegram-a-case-has-been-registered-against-an-ernakulam-resident-for-embezzling-rs-3-lakh-from-a-vadakara-resident)