May 26, 2022 10:14 AM

വടകര: ഹൃദയത്തിലെ മുഴ വടകര സഹകരണ ആശുപത്രിയിൽ അഞ്ച് മണിക്കൂർ നീണ്ട അപൂർവശസ്ത്രക്രിയ വിജയം . ഹൃദയത്തിലെ നാരങ്ങാവലുപ്പമുള്ള (33 x 28 എം.എം.) മുഴ അഞ്ച് മണിക്കൂർ നീണ്ട അപൂർവശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.

വടകര സഹകരണ ആശുപത്രിയിലെ സീനിയർ കാർഡിയോ തൊറാസിക് സർജൻ ഡോ. ശ്യാം കെ. അശോകിന്റെ നേതൃത്വത്തിലാണ് കാസർകോട് സ്വദേശിയായ 60-കാരനെ ശസ്ത്രക്രിയയോടൊപ്പം മൂന്ന് ബൈപ്പാസ് ശസ്ത്രക്രിയയും നടത്തി രക്ഷപ്പെടുത്തിയത്.

മൂന്ന് രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതുനീക്കാനാണ് മൂന്ന് ബൈപ്പാസ് ശസ്ത്രക്രിയകൾ വേണ്ടിവന്നതെന്ന് ഡോ. ശ്യാം കെ. അശോക് പത്രസമ്മേളനത്തിൽ പറഞ്ഞു. കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വിഘ്നേഷും ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ശ്വാസതടസ്സം ബാധിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയത്തിലെ മുഴ കണ്ടെത്തിയത്.

പതിനായിരത്തിൽ മൂന്നോ നാലോ പേർക്കേ ഇത്തരം മുഴകൾ വരാറുള്ളു. അതും കൂടുതൽ സ്ത്രീകളിലാണ് കണ്ടുവരുന്നത്. ഹൃദയത്തിലെ നാല് അറകളിൽ ഒന്നിലേക്ക് രക്തം പമ്പ് ചെയ്യുന്നത് പൂർണമായും തടസ്സപ്പെടുത്തുന്ന നിലയിലായിരുന്നു മുഴ വളർന്നത്.

ശസ്ത്രക്രിയക്കുശേഷം നാലാംദിവസം രോഗി വീട്ടിലേക്ക് മടങ്ങിയതായി ഡോ. ശ്യാം പറഞ്ഞു. വടകര സഹകരണആശുപത്രിയിൽ നെഫ്രോളജി ഉൾപ്പെെടയുള്ള വിഭാഗങ്ങൾ കൂടുതൽ വിപുലീകരിച്ച് വിദഗ്‌ധ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്ന് പ്രസിഡന്റ് ആർ. ഗോപാലൻ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. ശ്രീധരൻ, സെക്രട്ടറി പി.കെ. നിയാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Heart tumor; Five hours long rare surgery at Vadakara Co-operative Hospital

Next TV

Top Stories