May 27, 2022 10:19 AM

വടകര: മാച്ചിനേരി കുന്നിന് ഇനി പുതിയ മുഖം. വികസനത്തിൻ്റെ ഗോപുരങ്ങൾ പണിതത് സംസ്ഥാന സർക്കാറിൻ്റെ കിഫ്ബി. മടപ്പള്ളി ഗവ. കോളേജിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിച്ച ലൈബ്രറി, കാൻറീൻ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഉന്നതവിദ്യാഭ്യാസ- സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.

ചടങ്ങിൽ കെ.കെ. രമ എം.എൽ.എ. അധ്യക്ഷയാവും. കെ. മുരളീധരൻ എം.പി., മുൻ എം.എൽ.എ. സി.കെ. നാണു എന്നിവർ മുഖ്യാതിഥികളാവും.

ഉദ്ഘാടനം ചെയ്യപ്പെടുന്ന ലൈബ്രറി-കാന്റീൻ ബ്ലോക്കുകൾ 4.32 കോടിക്കാണ് കിറ്റ്കോ പൂർത്തീകരിച്ചത്. കോളേജിന്റെ വികസനത്തിനായി 10 കോടി രൂപ ജൂബിലി ബിൽഡിങ്ങിനും ഏഴുകോടി രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമാണത്തിനുവേണ്ടിയും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കോളേജിൽ പുതിയ കോഴ്സുകൾ ലഭ്യമാക്കുന്നതിനായും നിരന്തര പരിശ്രമങ്ങൾ നടക്കുന്നുണ്ട്. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഒ.കെ. ഉദയകുമാർ, സ്വാഗതസംഘം ചെയർമാൻ പി. ശ്രീജിത്ത്, പി.എസ്. ജിനീഷ്, സി.പി. സോമൻ, എ.കെ. ദീപ, പി.എം. ഷിനു, യൂസഫ് മമ്മാലിക്കണ്ടി എന്നിവർ പങ്കെടുത്തു.


കോളേജിൽ പുതിയ കോഴ്സുകൾക്കായി അധികൃതർ ഏറെനാളായി ശ്രമങ്ങൾ നടത്തിവരുന്നു. എം.എസ്‌സി. ബോട്ടണി, എം.എസ്‌സി. മാത്തമാറ്റിക്സ്, ബി.എ. മലയാളം, എം.എ. മലയാളം എന്നീ കോഴ്സുകൾ കോളേജിൽ ലഭിക്കുന്നതിനായാണ് കോളേജ് അധികൃതർ പരിശ്രമം നടത്തുന്നത്.

ഏറെനാളായുള്ള ഈ ആവശ്യം വൈകാതെ പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. നിലവിൽ 1800-ഓളം വിദ്യാർഥികൾ പഠനം നടത്തുന്ന കോളേജിൽ 10 യു.ജി. പ്രോഗ്രാമുകളും 8 പി.ജി. പ്രോഗ്രാമുകളും ആണ് ഉള്ളത്. നാലു ഡിപ്പാർട്ട്മെൻറുകൾ ഗവേഷണകേന്ദ്രങ്ങളാണ്.

ആകെ 56 ഗവേഷക വിദ്യാർഥികൾ ഗവേഷണം നടത്തിവരുന്നു. മടപ്പള്ളി ഗവ. കോളേജിൽ പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സിന് ഒന്നാം ഘട്ടത്തിൽ 1.5 കോടിരൂപ ആദ്യഗഡു പാസായിട്ടുണ്ടെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ് പഴയ സ്റ്റാഫ് ക്വാർട്ടേഴ്സുള്ളത്. അതിൽ 10 എണ്ണം പൊളിച്ചുമാറ്റാനായിവെച്ചതാണ്. നാലെണ്ണം ഉപയോഗത്തിലുണ്ട്.

12 കോടി രൂപയുടെ പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം വേഗത്തിലാക്കണമെന്നാണ് അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആവശ്യം. 10 കോടിരൂപ ചെലവിൽ കോളേജിന് ചുറ്റുമതിൽ നിർമിക്കുവാനുള്ള പദ്ധതിയുടെ പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്. പി.ജി. ബ്ലോക്കിന്റെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്.

Kifby changed face; Madappally Govt. College Library and Canteen Inauguration

Next TV

Top Stories