---
title: "തുരുത്തിമുക്ക് പാലം എസ്റ്റിമേറ്റ് തയ്യാറാകുന്നു"
english_title: "Estimate of Thuruthimukku bridge is ready"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/46084/estimate-of-thuruthimukku-bridge-is-ready"
published_at: "2022-05-30T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294b6f29600e_REMA.jpg"
keywords: []
---

# തുരുത്തിമുക്ക് പാലം എസ്റ്റിമേറ്റ് തയ്യാറാകുന്നു

> **Lead Summary:** **വടകര: **ഏറാമല നിവാസികളുടെ ചിരകാലസ്വപ്നവും ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുള്ളതുമായ ഏറാമല തുരുത്തിമുക്കിലെ പാലം നിർമാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാകുന്നു.

## Article Content

**വടകര: **ഏറാമല നിവാസികളുടെ ചിരകാലസ്വപ്നവും ആഭ്യന്തര ടൂറിസത്തിന് ഏറെ സാധ്യതയുള്ളതുമായ ഏറാമല തുരുത്തിമുക്കിലെ പാലം നിർമാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാകുന്നു.

കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നാദാപുരം മണ്ഡലത്തിലെ എടച്ചേരി, കൂത്തുപറമ്പ് മണ്ഡലത്തിലെ കിടഞ്ഞി എന്നിവയും തുരുത്തിമുക്കും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പാലം എന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ 'വൈ' മോഡൽ പാലം എന്ന പ്രപ്പോസൽ നേരത്തെ തന്നെ സർക്കാരിന് മുൻപിലുണ്ടായിരുന്നു. പലകാരണങ്ങളാൽ ഇത് നിലച്ചുപോവുകയും എടച്ചേരിയേയും കിടഞ്ഞിയേയും മാത്രം ബന്ധിപ്പിക്കുന്ന നേർപാലമായി പദ്ധതി പരിമിതിപ്പെടുകയുമായിരുന്നു.

ആളുകൾക്ക് ഇപ്പോഴും കടത്തുതോണിയാണ് ആശ്രയം. നോക്കിയാൽ കാണുന്ന മറുകരയിലേക്ക് റോഡ് മാർഗം പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണ്. പ്രശ്‌നപരിഹാരത്തിന് നേരത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രിയെ നേരിൽ കണ്ടുനിവേദനം നൽകുകയും, നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നതായി എം.എൽ.എ പറഞ്ഞു.

നടുതുരുത്തി, ഏറാമലകോട്ട, മാഹി-വളപട്ടണം ജലഗതാഗതപാത, ഇതോടനുബന്ധിച്ചുവരുന്ന ബോട്ട്‌ജെട്ടി, കരിയാട്, കിടഞ്ഞി ഭഗങ്ങളിലെത്തുന്ന തീരദേശ ഹൈവേ എന്നിവ വടകര മണ്ഡലത്തിലെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ തുറക്കുന്ന പദ്ധതികളായിരിക്കും.

ഏറാമല തുരുത്തിമുക്കിനെ കൂടെ ബന്ധിപ്പിച്ചു പാലം വരുന്നതോടെ വലിയ ടൂറിസം സാധ്യതകളാണ് ഇവിടെ തുറക്കുന്നത്. ഇതുകൂടെ മുൻപിൽ കണ്ടുവേണം പാലം രൂപകൽപന ചെയ്യപ്പെടേണ്ടതെന്നും, വൈകാതെ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/46084/estimate-of-thuruthimukku-bridge-is-ready)