---
title: "ലേബർ സൊസൈറ്റികൾക്ക് പി ഡബ്ല്യു ഡി ലൈസൻസ്: തടസ്സങ്ങൾ നീക്കണം"
english_title: "For labour societies PWD license: Obstacles must be removed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47324/for-labour-societies-pwd-license-obstacles-must-be-removed"
published_at: "2022-06-05T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629cb20d10c87_CONVENTION.jpg"
keywords: []
---

# ലേബർ സൊസൈറ്റികൾക്ക് പി ഡബ്ല്യു ഡി ലൈസൻസ്: തടസ്സങ്ങൾ നീക്കണം

> **Lead Summary:** **വടകര:** ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക് പി ഡബ്ല്യൂ ഡി കോൺട്രാക്ടേഴ്സ് ലൈസൻസ് അനുവദിക്കുന്നതിന് ഓൺ ലൈൻ സംവിധാനത്തിലെ തടസ്സങ്ങൾ ഉടൻ നീക്കണമെന്ന് എൽ സി സി എസ് വെൽഫേർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര:** ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക് പി ഡബ്ല്യൂ ഡി കോൺട്രാക്ടേഴ്സ് ലൈസൻസ് അനുവദിക്കുന്നതിന് ഓൺ ലൈൻ സംവിധാനത്തിലെ തടസ്സങ്ങൾ ഉടൻ നീക്കണമെന്ന് എൽ സി സി എസ് വെൽഫേർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് മാന്വലിൽ വേണ്ട മാറ്റം വരുത്തി സംഘങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ക്രമീകരണമുണ്ടാക്കുമെന്ന് സർക്കാർ ഉത്തരവായിട്ടുണ്ട്. മാന്വലിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ തിരുത്തണമെന്ന് ഹൈക്കോടതി നിർദേശവുമുണ്ടായി. എന്നിട്ടും സംഘങ്ങൾക്ക് ലൈസൻസ് നേടാനോ പുതുക്കാനോ കഴിയാത്ത നില തുടരുകയാണ്.

ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാവട്ടെ , ടെൻഡർ വേളയിൽ സഹകരണ വകുപ്പിൽനിന്നുള്ള ലൈസൻസ് മാത്രം പോരെന്ന് ശഠിക്കുകയുമാണ്. സ്വകാര്യ കരാറുകാരെ വഴിവിട്ട് സഹായിക്കുന്ന ചില ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഇതിന് പിന്നിൽ. ഇത് അവസാനിപ്പിച്ചാലേ പ്രശ്നത്തിന് പരിഹാരമാവൂ എന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടുന്നു.

ലൈസൻസ് അനുവദിക്കൽ വ്യവസ്ഥകൾ പുതുക്കുന്നതിന്റെ മറവിൽ സംഘങ്ങൾക്ക് വർഷങ്ങളായി കിട്ടിവരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഉദ്യോഗസ്ഥ നീക്കത്തിൽ കൺവെൻഷൻ ശക്തമായി പ്രതിഷേധിച്ചു. ഇരിങ്ങൽ സർഗാലയയിൽ ചേർന്ന കൺവെൻഷൻ യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്തു.

കെ ശങ്കരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ സി മാത്യു, സെക്രട്ടറി എസ് ഷാജു, കെ വിജയരാഘവൻ , പി പി സജീവൻ , വി പി റിന്റ, കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി കെ ശങ്കരൻ മാസ്റ്ററെയും സെക്രട്ടറിയായി പി പി സജീവനെയും തെരഞ്ഞെടുത്തു. വി പി റിന്റ (ട്രഷറർ) , പി എം മിഥുൻ ബാബു (വൈസ് പ്രസിഡന്റ് ) , കെ വേണു (ജോയിന്റ് സെക്രട്ടറി ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47324/for-labour-societies-pwd-license-obstacles-must-be-removed)