---
title: "നേട്ടത്തിൻ്റെ നെറുകയിൽ; സമ്പൂർണ സാങ്കേതിക സാക്ഷരത കൈവരിച്ച് മണിയൂർ പഞ്ചായത്ത്"
english_title: "On the crest of achievement; Maniyoor Panchayat has achieved complete technical literacy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48267/on-the-crest-of-achievement-maniyoor-panchayat-has-achieved-complete-technical-literacy"
published_at: "2022-06-10T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a35c30d096a_Untitled-1.jpg"
keywords: []
---

# നേട്ടത്തിൻ്റെ നെറുകയിൽ; സമ്പൂർണ സാങ്കേതിക സാക്ഷരത കൈവരിച്ച് മണിയൂർ പഞ്ചായത്ത്

> **Lead Summary:** **വടകര : **സാങ്കേതിക സാക്ഷരതയിൽ മികച്ച നേട്ടവുമായി മണിയൂർ പഞ്ചായത്ത്‌. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും സാങ്കേതിക സാക്ഷരതയിലേക്ക് നയിച്ച് ഒരു സാങ്കേതിക വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഭരണസമിതി.

## Article Content

**വടകര : **സാങ്കേതിക സാക്ഷരതയിൽ മികച്ച നേട്ടവുമായി മണിയൂർ പഞ്ചായത്ത്‌. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും സാങ്കേതിക സാക്ഷരതയിലേക്ക് നയിച്ച് ഒരു സാങ്കേതിക വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഭരണസമിതി.

> ഇതിനായി "ഇ- നാട് ഇ- വഴിയേ മുന്നോട്ട്" എന്ന പേരിൽ സമഗ്രമായ പദ്ധതിയാണ് ആവിഷ്കരിച്ചു നടപ്പാക്കിയത്. മണിയൂർ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സമ്പൂർണ്ണ സാങ്കേതിക സാക്ഷരത ഉറപ്പാക്കുക.

സർക്കാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക വഴി സർക്കാർ ഓഫീസുകളിലെ അനാവശ്യ തിരക്ക് ഒഴിവാക്കുക എന്നതായിരുന്നു സമഗ്ര സാങ്കേതിക സാക്ഷരതാ മിഷൻ ലക്ഷ്യം വെച്ചത്.

സമ്പൂർണ്ണ സാങ്കേതിക സാക്ഷരത കൈവരിക്കുന്നതോടെ ജനങ്ങൾക്ക് വീട്ടിലിരുന്നുതന്നെ സർക്കാർ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിൽ വളരെ വിപുലമായാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്..

പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിൽ നിന്നും മാസ്റ്റർ ട്രെയിനർമാരെ തെരഞ്ഞെടുക്കുകയും അവർക്ക് വിദഗ്ധ പരിശീലനം നൽകുകയും ചെയ്തു. ഇത്തരത്തിൽ സാങ്കേതികതയിൽ പരിശീലനം ലഭിച്ച ട്രെയിനർമാരുടെ നേതൃത്വത്തിൽ വാർഡ്തല പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി നടത്തിയ പരിശീലനം വൻ വിജയമായിരുന്നു. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭിക്കുന്ന ഇക്കാലത്ത് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുകൊണ്ട് സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും നേടാൻ മുഴുവൻ ജനങ്ങളെയും പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ അനിവാര്യമായ ഈ കാലഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും അതിനായി സജ്ജരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒരു വർഷം നീണ്ടുനിന്ന കൃത്യമായ ആസൂത്രണത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായാണ് പഞ്ചായത്തിനു ഈ അത്യപൂർവ്വ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48267/on-the-crest-of-achievement-maniyoor-panchayat-has-achieved-complete-technical-literacy)