---
title: "ദേശീയപാത വികസനം; ഗതാഗത കുരുക്കുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും - കെ.കെ.രമ എം.എൽ.എ "
english_title: "National Highway Development; Immediate steps will be taken to resolve traffic jams - KK Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48275/national-highway-development-immediate-steps-will-be-taken-to-resolve-traffic-jams-kk-rema-mla"
published_at: "2022-06-10T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a36f85ea2e3_rama.jpg"
keywords: []
---

# ദേശീയപാത വികസനം; ഗതാഗത കുരുക്കുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും - കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര : **ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ.രമ.എം.എൽ.എ.

## Article Content

**വടകര : **ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ.രമ.എം.എൽ.എ.

ഹൈവേ വികസനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങങ്ങൾ ചർച്ച ചെയ്യാനും, പരിഹാര മാർഗങ്ങൾ കാണാനും എം.എൽ.എ യുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും, ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

എൻ.എച്ച് 66 ന്റെ പ്രവർത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രയാസങ്ങളാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് മൂരാട് മുതൽ പെരുവട്ടം താഴവരെ അഭിമുഖീകരിക്കുന്ന വലിയ ഗതാഗത കുരുക്ക്.

സ്കൂളുകളും കോളജുകളുമെല്ലാം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ അനുഭവിക്കുന്ന ഗതാഗത കുരുക്ക് ജനങ്ങളെയാകെ വലയ്ക്കുകയാണ്. പ്രവർത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായി വടകര പുതിയ ബസ് സ്റ്റാന്റ്, അടക്കാത്തെരു, പെരുവട്ടംതാഴ തുടങ്ങിയ ജങ്ഷനുകളിലെ ട്രാഫിക് സിഗ്നലുകൾ എടുത്തുമാറ്റപ്പെടും. ഇത് വലിയ അപകട സാധ്യതകൾ വിളിച്ചു വരുത്താനിടയുണ്ട്.

അതിനാൽ ട്രാഫിക് സിഗ്നലുകൾക്ക് പകരമായി പോലീസ് നിയന്ത്രണത്തിൽ ജങ്ഷനുകളിലെ ഗതാഗതം ക്രമീകരിക്കാനും, നഗരത്തിനകത്തെ ബസ് റൂട്ടുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി തിരക്ക് നിയന്ത്രിക്കാൻ ആർ.ടി.ഓയോട് നിർദ്ദേശിക്കാൻ യോഗത്തിൽ തീരുമാനമായതായും എം.എൽ.എ പറഞ്ഞു.

പ്രവർത്തിയുടെ ഭാഗമായി നാഷണൽ ഹൈവേക്ക് ഇരുവശവുമുള്ള ഡ്രൈനേജുകൾ പലതും മണ്ണിട്ട് നികത്തപ്പെട്ട അവസ്ഥായാണ്. ഇപ്പോൾ പ്രവർത്തി പുരോഗമിക്കുന്ന കരിമ്പനപ്പാലത്ത് തൊടുൾപ്പെടെ നികത്തിയാണ് പണി നടക്കുന്നത്.

കാലവർഷം കാനക്കുന്ന സാഹചര്യത്തിൽ ഇത് വലിയ വെള്ളപ്പൊക്കത്തിനു ഇടയാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം പ്രദേശങ്ങൾ പ്രത്യേകം നോട്ട്ചെയ്തു ഡ്രൈനേജ് പൂർവ്വസ്ഥിതിയിലാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഹൈവേ വികസിക്കുന്ന വേളയിൽ വടകര പാലോളിപ്പാലം, കണ്ണൂക്കര, മടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടാവേണ്ട അണ്ടർ പാസ് അല്ലെങ്കിൽ ഫ്ലൈ ഓവർ എന്ന നാട്ടുകാരുടെ ആവശ്യത്തെ സംബന്ധിച്ചു ഇതുവരെ അന്തിമതീരുമാനമായിട്ടില്ല,

ഇത് അനുവദിച്ചു കിട്ടാൻ ഉദ്യോഗസ്ഥതലത്തിൽ സമ്മർദ്ദം ചെലുത്താനും യോഗത്തിൽ തീരുമാനമായി. ആർ.ഡി.ഒ. സി.ബിജു, തഹസിൽദാർ പ്രസിൽ കുമാർ, ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ്, പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, പി.ശ്രീജിത്ത്, ആയിഷ ഉമ്മർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനായ രാഹുൽ ലെൻഗർ,ആർ.ടി.ഓ ഉദ്യോഗസ്ഥർ, വിവിധ വില്ലേജ് ഓഫീസർമാർ, പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48275/national-highway-development-immediate-steps-will-be-taken-to-resolve-traffic-jams-kk-rema-mla)