---
title: "പരസ്പര സഹകരണമാണ് ഗ്രാമഭരണത്തിന്റെ കരുത്ത്: കെ. മുരളീധരൻ എം.പി"
english_title: "The strength of village administration is mutual cooperation: K. Muraleedharan MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48915/the-strength-of-village-administration-is-mutual-cooperation-k-muraleedharan-mp"
published_at: "2022-06-14T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8bf934904a_k_muraleedaran.jpg"
keywords: []
---

# പരസ്പര സഹകരണമാണ് ഗ്രാമഭരണത്തിന്റെ കരുത്ത്: കെ. മുരളീധരൻ എം.പി

> **Lead Summary:** **തിരുവള്ളൂർ:** കക്ഷിരാഷ്ട്രീയത്തിന് അപ്പുറം ആവശ്യങ്ങളും പരാതികളും അറിഞ്ഞും പറഞ്ഞും പരിഹാരം കാണുന്ന കൂട്ടായ പ്രവർത്തനമാണ് ഗ്രാമ പഞ്ചായത്തുകളിൽ ആവശ്യമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.

## Article Content

**തിരുവള്ളൂർ:** കക്ഷിരാഷ്ട്രീയത്തിന് അപ്പുറം ആവശ്യങ്ങളും പരാതികളും അറിഞ്ഞും പറഞ്ഞും പരിഹാരം കാണുന്ന കൂട്ടായ പ്രവർത്തനമാണ് ഗ്രാമ പഞ്ചായത്തുകളിൽ ആവശ്യമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണ സമിതി രൂപപ്പെടുന്നതോടെ ത്രിതല ഭരണ സംവിധാനത്തിൽ രാഷ്ട്രീയ വ്യത്യാസം മാറി വികസനം എന്ന ഒറ്റ അജണ്ടയിലേക്ക് ചർച്ചകളും പ്രവർത്തനങ്ങളും രൂപപ്പെടണം.

പക്ഷേ പലപ്പോഴും ഇതിനു വിരുദ്ധമായ അനാരോഗ്യകരമായ പ്രവണതകളാണ് ഉണ്ടാകുന്നതെന്നും ഇത് ഒഴിവാക്കപ്പെടുന്നതാണെന്നും , പഞ്ചായത്തുകളിലേക്ക് ആവശ്യാനുസരണം ജീവനക്കാരെ ലഭ്യമാക്കണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

തിരുവള്ളൂർ ശിശുസൗഹൃദ ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എഫ് എം മുനീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി കാഴ്ചപ്പാട് അവതരിപ്പിച്ചു. വി.പി. ദുൽഖാഫിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.അബ്ദുറഹ്മാൻ , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ് , സി.പി. വിശ്വനാഥൻ, പി സി ഷീബ, ബവിത്ത് മലോൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48915/the-strength-of-village-administration-is-mutual-cooperation-k-muraleedharan-mp)