---
title: "വേണം പുതുമോഡൽ; വടകര മോഡൽ പോളിടെക്നിക്കിൽ അപര്യാപ്തത ഏറെ"
english_title: "Must be new; Inadequacy is high in Vadakara Model Polytechnic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49122/must-be-new-inadequacy-is-high-in-vadakara-model-polytechnic"
published_at: "2022-06-16T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aaa091adc73_rama_mla.jpg"
keywords: []
---

# വേണം പുതുമോഡൽ; വടകര മോഡൽ പോളിടെക്നിക്കിൽ അപര്യാപ്തത ഏറെ

> **Lead Summary:** **വടകര: **പേരിൽ മാതൃകയെന്നൊക്കെ ഉണ്ടെങ്കിലും മണ്ഡലത്തിലെ ഏക സർക്കാർ പോളിടെക്നിക്കായ വടകര മോഡൽ പോളിയിൽ ഒട്ടേറെ പുതു മാതൃകകൾ വേണം. ഇവിടുത്തെ വികസനവിഷയങ്ങൾ ചർച്ചചെയ്യാൻ കെ.കെ. രമ എം.എൽ.എ. യോഗം വിളിച്ചു.

## Article Content

**വടകര: **പേരിൽ മാതൃകയെന്നൊക്കെ ഉണ്ടെങ്കിലും മണ്ഡലത്തിലെ ഏക സർക്കാർ പോളിടെക്നിക്കായ വടകര മോഡൽ പോളിയിൽ ഒട്ടേറെ പുതു മാതൃകകൾ വേണം. ഇവിടുത്തെ വികസനവിഷയങ്ങൾ ചർച്ചചെയ്യാൻ കെ.കെ. രമ എം.എൽ.എ. യോഗം വിളിച്ചു.

1988-ൽ ആരംഭിച്ച പോളിയിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ഏറെയാണ്. വിപുലമായ കംപ്യൂട്ടർലാബ് പുതിയ ക്ലാസ്‌മുറികൾ, വർക്‌ഷോപ്പ് എന്നിവയുടെ അഭാവം കോളേജിന്റെ അക്രെഡിറ്റേഷനുതന്നെ വിഘാതമായി നിൽക്കുകയാണ്.

കോളേജിന്റെ ആരംഭകാലത്തുള്ള മുഖ്യകവാടവും കോളേജ് പരിസരവുമെല്ലാം തുടക്കകാലങ്ങളിൽനിന്ന്‌ ഒരിഞ്ചുപോലും ആധുനികീകരിക്കാതെ തുടരുകയാണ്. ഇത്തരം വിഷയങ്ങൾക്കെല്ലാം പരിഹാരം കാണാൻകഴിയും വിധമുള്ള അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് യോഗത്തിനുശേഷം കെ.കെ. രമ എം.എൽ.എ. പറഞ്ഞു.

നേരത്തേയുള്ള ഇടപെടലുകളെത്തുടർന്ന് ഐ.എച്ച്.ആർ.ഡി.യിൽനിന്ന്‌ ഒരുകോടി രൂപയുടെ ഫണ്ട് കോളേജിനായി അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പുതിയ കെട്ടിടനിർമാണത്തിനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു.

കൂടാതെ, കോളേജിന്റെ എൻ.ബി.എ. അക്രെഡിറ്റേഷനായുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകൾക്കായി മന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നും എം.എൽ.എ. ഉറപ്പുനൽകി.

യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ അജിത്കുമാർ, വാർഡ് കൗൺസിലർ പി.കെ.സി. അഫ്സൽ, പി.ടി.എ. ഭാരവാഹികൾ, സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49122/must-be-new-inadequacy-is-high-in-vadakara-model-polytechnic)