---
title: "ജൈവവേലി; വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കും"
english_title: "Biological fence; Mangrove forests will be protected around Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49311/biological-fence-mangrove-forests-will-be-protected-around-vadakara-railway-station"
published_at: "2022-06-17T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac0a4ca2f0e_Untitled-1.jpg"
keywords: []
---

# ജൈവവേലി; വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കും

> **Lead Summary:** **വടകര : **ജനകീയമായി ജൈവവേലി കെട്ടി വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കാനുള്ള പദ്ധതി. കാടുകൾക്കുള്ളിലെ മാലിന്യം നീക്കംചെയ്ത് ചുറ്റിലും ജൈവവേലി കെട്ടുന്ന പദ്ധതിയാണ് വ്യാഴാഴ്ച ആരംഭിച്ചത്.

## Article Content

**വടകര : **ജനകീയമായി ജൈവവേലി കെട്ടി വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കാനുള്ള പദ്ധതി. കാടുകൾക്കുള്ളിലെ മാലിന്യം നീക്കംചെയ്ത് ചുറ്റിലും ജൈവവേലി കെട്ടുന്ന പദ്ധതിയാണ് വ്യാഴാഴ്ച ആരംഭിച്ചത്.

സർക്കാർ ഫണ്ടൊന്നുമില്ലാതെ തികച്ചും വിവിധ സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിലാണ് കണ്ടൽസംരക്ഷണം നടപ്പാക്കുന്നത്. റെയിൽവേ ജീവനക്കാരും പിന്തുണയുമായി രംഗത്തുണ്ട്. റെയിൽവേ സ്റ്റേഷനും പാക്കയിൽ റോഡിനും ഇടയിലായുള്ള ചതുപ്പിലാണ് കണ്ടൽക്കാടുകളുടെ കേന്ദ്രം.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്ന സ്ഥലമാണിത്. ഇത് കണ്ടൽക്കാടുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായ സാഹചര്യത്തിലാണ് മാലിന്യം നീക്കംചെയ്യാനും തള്ളുന്നത് തടയാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്.

റെയിൽവേസ്റ്റേഷനിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ പരിസ്ഥിതിപ്രവർത്തകൻ മണലിൽ മോഹനനാണ് കണ്ടൽക്കാടുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയത്. തുടർന്ന് നടന്ന ചർച്ചയിൽ വടകരയിലെ വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഇത് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

15-ഓളം സംഘടനകൾ സംരക്ഷണപദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച റെയിൽവേ ജീവനക്കാർ, നഗരസഭാ ശുചീകരണവിഭാഗം ജീവനക്കാർ, പ്രദേശവാസികൾ, തൊഴിലുറപ്പ്‌തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ ശുചീകരണം നടത്തി.

പാക്കയിൽ റോഡിൽനിന്ന് റെയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്ന വഴിയുടെ വശങ്ങളിൽ വേലികെട്ടാനും ആരംഭിച്ചു. മുള, കവുങ്ങിൻതടി എന്നിവകൊണ്ടാണ് വേലി. ഇത് പച്ചവല ഉപയോഗിച്ച് മറയ്ക്കും. സ്‌പോൺസർഷിപ്പിലൂടെ പച്ചവല സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കണ്ടൽക്കാടുകളുടെ ചുറ്റിലും ഇത്തരം വേലി നിർമിച്ചാൽ ഇനി മാലിന്യം തള്ളുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ. കണ്ടൽസംരക്ഷണപദ്ധതി സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ ഉദ്ഘാടനംചെയ്തു. സൗന്ദര്യവത്‌കരണ കമ്മിറ്റി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ അധ്യക്ഷതവഹിച്ചു.

കൗൺസിലർ എം. ബിജു, പി.പി. രാജൻ, ടി. ശ്രീനിവാസൻ, എച്ച്.ഐ. എൻ. കമലാക്ഷി, ഷാനുചന്ദ്രൻ, അരവിന്ദാക്ഷൻ പുത്തൂർ, കെ. ബാലൻ, കെ. വിജയൻ, പി. സതീശൻ, എം.കെ. വിനോദൻ, പി.പി. ബിനീഷ്, കെ. നാരായണൻ, കെ. ചന്ദ്രൻ, ജെ. ജയകുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49311/biological-fence-mangrove-forests-will-be-protected-around-vadakara-railway-station)