---
title: "'വിജയ വീഥി' പരിശീലന കേന്ദ്രം  വടകര മാസ്റ്റേഴ്‌സ്  അക്കാദമിയിലും "
english_title: "'Vijaya Veedhi' Training Center Also at Vadakara Masters Academy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4956/vijaya-veedhi-training-center-also-at-vadakara-masters-academy"
published_at: "2021-10-13T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166ae29beedb_maps vatakara .jpg"
keywords: []
---

# 'വിജയ വീഥി' പരിശീലന കേന്ദ്രം  വടകര മാസ്റ്റേഴ്‌സ്  അക്കാദമിയിലും 

> **Lead Summary:** വടകര: സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന പദ്ധതിയായ 'വിജയ വീഥി' യുടെ പരിശീലന കേന്ദ്രങ്ങളായി മാസ്റ്റേഴ്‌സ് അക്കാദമിയുടെ വടകരയിലെയും കല്ലാച്ചിയിലെയും സെന്ററുകള്‍ തിരഞ്ഞെടുക്കപ്പെട്ടതായി മാസ്റ്റേഴ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സി.ജി.ഷാജി അറിയിച്ചു.

## Article Content

വടകര: സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന പദ്ധതിയായ 'വിജയ വീഥി' യുടെ പരിശീലന കേന്ദ്രങ്ങളായി മാസ്റ്റേഴ്‌സ് അക്കാദമിയുടെ വടകരയിലെയും കല്ലാച്ചിയിലെയും സെന്ററുകള്‍ തിരഞ്ഞെടുക്കപ്പെട്ടതായി മാസ്റ്റേഴ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സി.ജി.ഷാജി അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖല/ ബാങ്കിങ്ങ്/ റെയില്‍വേ / സിവില്‍ സര്‍വ്വീസ് മുതലായ മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കും വിധം തീവ്രപരിശീലനം സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പദ്ധതിയാണിത്.ചുരുങ്ങിയ ഫീസില്‍ മികവുറ്റ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഗരഗ്രാമ വ്യത്യാസമന്യേ സംസ്ഥാനമൊട്ടാകെ ഏകീകൃതമായ തരത്തില്‍ ലഭ്യമാക്കുക എന്നതാണ് ' വിജയ വീഥി' പദ്ധതിയുടെ ലക്ഷ്യം.

മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് സിലബസ്, ഫീസ് ഘടന, പരിശീലന മികവ്, പാo പുസ്തകങ്ങള്‍ എന്നിവയിലെ ഏകീകൃത സ്വഭാവവും ക്ലാസ് മുറികളിലെ പഠനത്തിനു പുറമേ കേന്ദ്രീകൃതമായ ഓണ്‍ലൈന്‍ പരിശീലനവും ഉറപ്പ് വരുത്തും. മത്സര പരീക്ഷകളുടെ മാതൃകയില്‍ നിരന്തരം നടത്തപ്പെടുന്ന മാതൃകാപരീക്ഷകളും പരിശീലന കാലാവധിക്ക് ശേഷവും പരീക്ഷകള്‍ വരെ ഓണ്‍ലൈന്‍ മാതൃകാപരീക്ഷകളില്‍ നിരന്തരം പങ്കെടുക്കാനുള്ള സൗകര്യവും വിജയവീഥിയെ മറ്റ് പരിശീലന പദ്ധതികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതാണ്.

പത്താംതരം / പ്ലസ് ടു/ ബിരുദം അടിസ്ഥാനമാക്കിയുള്ള പരീക്ഷകള്‍ക്കുള്ള പ്രാഥമിക/ യോഗ്യതാ പരീക്ഷയുടെ പരിശീലനമാണ് ആദ്യം ആരംഭിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ വിജയ വീഥി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട ശേഷം നവംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കാനാവും.

കേരള സര്‍ക്കാരിന്റെ വിവര സാങ്കേതിക വകുപ്പും, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡും ,കേന്ദ്ര സര്‍ക്കാറിന്റെ കീഴിലെ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനുമായി ചേര്‍ന്ന് രൂപം നല്‍കിയ 'കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സ് ' ആണ് വിജയ വീഥി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4956/vijaya-veedhi-training-center-also-at-vadakara-masters-academy)