---
title: "കുരുന്നുകൾക്ക് ഇൻവോൾവിൻ്റെ സ്നേഹോപഹാരം "
english_title: "Involve's love gift for children in the new school year."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49649/involves-love-gift-for-children-in-the-new-school-year"
published_at: "2022-06-18T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adf18ab0a3f_Untitled-1.jpg"
keywords: []
---

# കുരുന്നുകൾക്ക് ഇൻവോൾവിൻ്റെ സ്നേഹോപഹാരം 

> **Lead Summary:** **വടകര : **പുതിയ അദ്ധ്യയന വർഷത്തിൽ കുരുന്നുകൾക്ക് ഇൻവോൾവിൻറെ സ്നേഹോപഹാരം. കുരിയാടി ഗവ. ഫിഷറീസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുതിയ അദ്ധ്യയന വർഷത്തിൽ പഠന ഉപകരണങ്ങൾ സമ്മാനിച്ച് ഇൻവോൾവ് വടകര.

## Article Content

**വടകര : **പുതിയ അദ്ധ്യയന വർഷത്തിൽ കുരുന്നുകൾക്ക് ഇൻവോൾവിൻറെ സ്നേഹോപഹാരം. കുരിയാടി ഗവ. ഫിഷറീസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുതിയ അദ്ധ്യയന വർഷത്തിൽ പഠന ഉപകരണങ്ങൾ സമ്മാനിച്ച് ഇൻവോൾവ് വടകര.

ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി, വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് പഠനോപകരണങ്ങൾ സമ്മാനിച്ചത്. ഇൻവോൾവ് അംഗങ്ങളായ ബിജോയ് ഒ പി, ദീപേഷ് ഡി ആർ, ഭവിൻ ബി, സുധീഷ് ഇ കെ, മിതുൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂൾ സന്ദർശിച്ച് പഠനോപകരണങ്ങൾ കൈമാറി.

കുട്ടികളുടെയും മറ്റ് അദ്ധ്യാപകരുടെയും സാനിധ്യത്തിൽ പ്രധാനാധ്യാപകൻ രാജീവൻ മാസ്റ്റർ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, വിശേഷിച്ച് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതോ പിന്നോക്കാവസ്ഥ നിലനിൽക്കുന്നതോ ഒക്കെയായ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സജീവ ഇടപെടലുകൾ ഇൻവോൾവ് സംഘടിപ്പിച്ചു വരാറുണ്ട്.

തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന കുരിയാടി ഗവ. എൽ.പി സ്കൂളിൽ നിർധന കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളാണ് ഏറെയും പഠിക്കുന്നത്.

ചോറോട് പഞ്ചായത്ത് പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ, വടകര സബ്ജില്ലാ പരിധിയിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂൾ കൂടിയാണ്‌. അതിസാധാരണക്കാരുടെ ആശ്രയമായ പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ ഇൻവോൾവ് തുടർന്നും ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49649/involves-love-gift-for-children-in-the-new-school-year)