---
title: "ദേശീയപാതാ നവീകരണം 2025 ഓടെ പൂർത്തിയാകും- മന്ത്രി മുഹമ്മദ്‌ റിയാസ്"
english_title: "National Highway Renovation To Be Completed By 2025: Minister Mohammed Riyas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50055/national-highway-renovation-to-be-completed-by-2025-minister-mohammed-riyas"
published_at: "2022-06-20T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0a975ac77f_riyas.jpg"
keywords: []
---

# ദേശീയപാതാ നവീകരണം 2025 ഓടെ പൂർത്തിയാകും- മന്ത്രി മുഹമ്മദ്‌ റിയാസ്

> **Lead Summary:** **വടകര: **ദേശീയപാതാ നവീകരണം 2025 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. തൊട്ടിൽപ്പാലം- കുണ്ടുതോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാതാ വികസനം എന്നിവ ഈ കാലയളവിൽ നടപ്പാക്കി നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും.

## Article Content

**വടകര: **ദേശീയപാതാ നവീകരണം 2025 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. തൊട്ടിൽപ്പാലം- കുണ്ടുതോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാതാ വികസനം എന്നിവ ഈ കാലയളവിൽ നടപ്പാക്കി നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും.

ഈ ഒരു ലക്ഷ്യത്തോട് കൂടിയാണ് സർക്കാർ കിഫ്‌ബി പദ്ധതികൾ ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. നാദാപുരം നിയോജക മണ്ഡലത്തിലെ തൊട്ടിൽപ്പാലം- കുണ്ടുതോട് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കിഫ്‌ബി പദ്ധതി മുഖേന 12 കോടി 26 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിർമാണം.

ബി.എം ആൻഡ് ബി.സി നിലവാരത്തോട് കൂടി 10 മീറ്റർ വീതിയിലാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കുക. 18 മാസമാണ് നിർമാണ കാലാവധി. ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രൈനേജ് സംവിധാനവും യൂട്ടിലിറ്റി ഡക്റ്റുകളും പ്രോജക്റ്റിന്റെ ഭാഗമായി നിർമിക്കും. ചടങ്ങിൽ കെ.ആർ.എഫ്.ബി (പി.എം.യു) ടീം ലീഡർ എസ്. സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.

കാവിലുംപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ജി. ജോർജ് മാസ്റ്റർ, വൈസ് പ്രസിഡന്റ്‌ അന്നമ്മ ജോർജ്, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻമാരായ പി. സുരേന്ദ്രൻ, രമേശൻ മണലിൽ, കെ.പി. ശ്രീധരൻ, സാലി സജി, കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടിവ് എൻജിനീയർ എസ്.ആർ. അനിത കുമാരി, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50055/national-highway-renovation-to-be-completed-by-2025-minister-mohammed-riyas)