---
title: "വീട്ടിലിരുന്ന് ഒപി ടിക്കറ്റും അപ്പോയ്ൻമെന്റും എടുക്കാം; ഇ - ഹെൽത്ത് സംവിധാനം വടകര ജില്ലാ ആശുപത്രിയിലും"
english_title: "You can take an OP ticket and an appointment from home; E-Health Facility At Vadakara District Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50425/you-can-take-an-op-ticket-and-an-appointment-from-home-e-health-facility-at-vadakara-district-hospital"
published_at: "2022-06-22T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b32ba093061_rema_mla.jpg"
keywords: []
---

# വീട്ടിലിരുന്ന് ഒപി ടിക്കറ്റും അപ്പോയ്ൻമെന്റും എടുക്കാം; ഇ - ഹെൽത്ത് സംവിധാനം വടകര ജില്ലാ ആശുപത്രിയിലും

> **Lead Summary:** **വടകര: **ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പായ വീട്ടിലിരുന്ന് ഒപി ടിക്കറ്റും അപ്പോയ്ൻമെന്റും എടുക്കാൻ കഴിയുന്ന ഇ - ഹെൽത്ത് സംവിധാനം വടകര ജില്ലാ ആശുപത്രിയിലും പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങ് കെ കെ രമ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പായ വീട്ടിലിരുന്ന് ഒപി ടിക്കറ്റും അപ്പോയ്ൻമെന്റും എടുക്കാൻ കഴിയുന്ന ഇ - ഹെൽത്ത് സംവിധാനം വടകര ജില്ലാ ആശുപത്രിയിലും പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങ് കെ കെ രമ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ഇ - ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത തീയതികളിലും സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാണ്. ഒപി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവ പ്രിന്റ് എടുക്കാനും സാധിക്കും. ഇതിലൂടെ അവരവരുടെ സൗകര്യം അനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കുന്നു.

കൂടാതെ ആശുപത്രികളിലെ നീണ്ട ക്യൂവും കാത്തുനിൽക്കും ഒഴിവാക്കാൻ കഴിയുന്നു. സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അബ്ദുൽ അസീസ് എം കെ സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ വിമല എൻ എം അധ്യക്ഷയായി.

നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു മുഖ്യാതിഥിയായി. എൻ എച്ച് എം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ നവീൻ എ, പി കെ രാമകൃഷ്ണൻ, ഡോക്ടർ പ്രമോദ് കുമാർ പി പി, അജിത ചീരാം വീട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ആശുപത്രി ആർ എം ഓ ഡോക്ടർ ഷിബിൻ പികെ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50425/you-can-take-an-op-ticket-and-an-appointment-from-home-e-health-facility-at-vadakara-district-hospital)