---
title: "കുഞ്ഞ് മാറിയോ? വടകര സ്വദേശികളായ മാതാപിതാക്കളുടെയും കുഞ്ഞിൻ്റെയും ഡിഎൻഎ പരിശോധന നടത്തും"
english_title: "Has the baby changed? DNA test of parents and child from Vadakara will be conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50571/has-the-baby-changed-dna-test-of-parents-and-child-from-vadakara-will-be-conducted"
published_at: "2022-06-23T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b42e4689238_baby_.jpg"
keywords: []
---

# കുഞ്ഞ് മാറിയോ? വടകര സ്വദേശികളായ മാതാപിതാക്കളുടെയും കുഞ്ഞിൻ്റെയും ഡിഎൻഎ പരിശോധന നടത്തും

> **Lead Summary:** **വടകര: **കോഴിക്കോട് മെഡിക്കൽ കോളേജ്** **ആശുപത്രി അധികൃതർ കുഞ്ഞിനെ മാറിയാണ് നൽകിയതെന്ന പരാതിയിൽ മാതാപിതാക്കളുടെയും കുഞ്ഞിൻ്റെയും ഡിഎൻഎ പരിശോധന നടത്തും. ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൊലീസ് ആരംഭിച്ചു.

## Article Content

**വടകര: **കോഴിക്കോട് മെഡിക്കൽ കോളേജ്** **ആശുപത്രി അധികൃതർ കുഞ്ഞിനെ മാറിയാണ് നൽകിയതെന്ന പരാതിയിൽ മാതാപിതാക്കളുടെയും കുഞ്ഞിൻ്റെയും ഡിഎൻഎ പരിശോധന നടത്തും. ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൊലീസ് ആരംഭിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ് കുഞ്ഞ് മാറിപ്പോയെന്ന പരാതി ഉയർന്നത്.ഡി എൻ എ പരിശോധനയ്ക്ക് മെഡിക്കൽ കോളേജ് പോലീസ് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് കത്ത് നൽകി. മാതാപിതാക്കളുടെയും കുഞ്ഞിന്റെയും സാംപിൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കത്ത് നൽകിയത്.

മാതാപിതാക്കളും കുഞ്ഞും നേരിട്ട് തിരുവനന്തപുരത്തെത്തി പരിശോധന നടത്തണം. പ്രസവശേഷം കുഞ്ഞിനെ മാറി നൽകിയതായി വടകര സ്വദേശികളായ ദമ്പതിമാർ പോലീസിൽ പരാതി നൽകിയിരുന്നു. ആറിനാണ് യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ചത്. ഉടൻതന്നെ ആൺകുട്ടിയാണെന്ന് ആശുപത്രി അധികൃതർ യുവതിയുടെ മാതാവിനെ അറിയിച്ചിരുന്നു.

എന്നാൽ, പത്തു മിനിറ്റിനു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സടക്കം മൂന്നുപേർചേർന്ന് പെൺകുഞ്ഞിനെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കുഞ്ഞിന്റെ പിതാവ് പറയുന്നത്. ഏൽപ്പിക്കപ്പെട്ട കുഞ്ഞിന് ചുണ്ടിനും തൊണ്ടയ്ക്കും ഹൃദയത്തിനും തകരാറുള്ളതായും ശാരീരികമായി ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ രേഖകളിലുള്ളത്.

എന്നാൽ, പ്രസവത്തിനുമുമ്പ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന് തകരാറുകളൊന്നും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50571/has-the-baby-changed-dna-test-of-parents-and-child-from-vadakara-will-be-conducted)