---
title: "ക്ഷീരമേഖലക്ക് കരുത്തേകാൻ വടകര നഗരസഭയുടെ ക്ഷീര നഗരം പദ്ധതി"
english_title: "Vadakara Municipality's Dairy City Project To Strengthen Dairy Sector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51046/vadakara-municipalitys-dairy-city-project-to-strengthen-dairy-sector"
published_at: "2022-06-25T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6eb9554299_KSHEERA_SANGAMAM.jpg"
keywords: []
---

# ക്ഷീരമേഖലക്ക് കരുത്തേകാൻ വടകര നഗരസഭയുടെ ക്ഷീര നഗരം പദ്ധതി

> **Lead Summary:** **വടകര: **നഗരസഭയിലെ പ്രതിദിന പാലുൽപാദനം 10000 ലിറ്റർ ആക്കി വർദ്ധിപ്പിക്കാനുള്ള ക്ഷീര നഗരമെന്ന സമഗ്ര പദ്ധതി വടകര നഗരസഭയിൽ നടപ്പാക്കുന്നു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, നഗരസഭയുടെ തനത് പദ്ധതികൾ എന്നിവയ്ക്കൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ യും ക്ഷീര വികസന വകുപ്പിന്റെയും പദ്ധതികൾ സംയോജിപ്പിച്ചാണ് ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക.

## Article Content

**വടകര: **നഗരസഭയിലെ പ്രതിദിന പാലുൽപാദനം 10000 ലിറ്റർ ആക്കി വർദ്ധിപ്പിക്കാനുള്ള ക്ഷീര നഗരമെന്ന സമഗ്ര പദ്ധതി വടകര നഗരസഭയിൽ നടപ്പാക്കുന്നു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, നഗരസഭയുടെ തനത് പദ്ധതികൾ എന്നിവയ്ക്കൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ യും ക്ഷീര വികസന വകുപ്പിന്റെയും പദ്ധതികൾ സംയോജിപ്പിച്ചാണ് ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക.

അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ ആണ് ക്ഷീരകർഷക ലഭിക്കുക. തീറ്റപ്പുല്ല് വളർത്തുന്നതിനും സഹായം ഉണ്ട്. ആധുനിക തൊഴുത്ത് അസോള കുളങ്ങൾ എന്നിവ നിർമ്മിക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായം ലഭിക്കും. മിൽക്ക് ഇൻസെന്റീവ്, ധാതുമിശ്രിതം ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

ഈ വർഷം 75 ലക്ഷം രൂപയാണ് ക്ഷീരനഗരം പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ക്ഷീര നഗരം പദ്ധതി വിശദീകരിക്കുന്നതിനായി വടകരയിലെ വിവിധ സൊസൈറ്റികളിലെ ക്ഷീര കർഷകരെ പങ്കെടുപ്പിച്ച് ടൗൺ ഹാളിൽ ക്ഷീര സംഗമം നടന്നു. വടകര ടൗൺഹാളിൽ നടന്ന സംഗമം നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ കെ കെ വനജ അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ പി പ്രജിത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ , മൂരാട് ക്ഷീര സൊസൈറ്റി പ്രസിഡണ്ട് നാരായണൻ എന്നിവർ പ്രസംഗിച്ചു.

നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ്, സീനിയർ വെറ്റിനറി സർജൻ ഡോ. സ്നേഹ രാജ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിജയി സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51046/vadakara-municipalitys-dairy-city-project-to-strengthen-dairy-sector)