Jun 29, 2022 08:01 AM

വടകര : കല്ലേരിയിൽ പാതിരാത്രിയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി റോഡിലെത്തിച്ച് ആക്രമിച്ചശേഷം കാറിന് തീവെച്ച സംഭവത്തിൽ യുവാവിൻ്റെ മൊഴി പുറത്ത് .കല്ലേരി ഒന്തമ്മൽ ബിജുവിനെയാണ് ഇന്നലെ പുലർച്ചെ മൂന്നംഗസംഘം കല്ലേരി പാലത്തിനുസമീപംവെച്ച് ആക്രമിച്ചത്. ബിജുവിന്റെ മാരുതി സ്വിഫ്റ്റ് കാറാണ് കത്തിച്ചത്.

ക്വട്ടേഷൻ അക്രമമാണെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ്, വെള്ളൂരിലെ വിശ്വജിത്ത് എന്നിവർക്കെതിരേ കേസെടുത്തു. ഇവരെ ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത് വടകര സ്റ്റേഷനിലെത്തിച്ചു.

കോഴിക്കോട് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ മൂന്നുപേരെയും ചോദ്യംചെയ്യുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. ബിജുവിന്റെ മുഖത്ത് പരിക്കുണ്ട്. ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും കാർ തീവെച്ചതിനുമാണ് കേസ്.


കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതി കണ്ണൂരിലെ അർജുൻ ആയങ്കിയുമായി ബിജുവിന് ബന്ധമുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായാണ് അക്രമമെന്നും പ്രചാരണമുണ്ടായി. എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ പോലീസ് ബിജുവിന്റെ മൊഴിയെടുത്തു.

എന്നാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നുമാണ് ബിജു നൽകിയ മൊഴി. കല്യാണവീട്ടിലെ തർക്കങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നും മൊഴിയുണ്ട്. പോലീസ് ഇത് വിശദമായി പരിശോധിച്ചുവരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ മറ്റൊന്നും പറയാനാകില്ലെന്നും എസ്.പി. ഡോ. എ. ശ്രീനിവാസ് പറഞ്ഞു.

പുലർച്ചെ ഒന്നരയോടെ സുഹൃത്തായ ഷമ്മാസാണ് ഫോണിൽ ബിജുവിനെ വിളിച്ചത്. വണ്ടിയുമായി പോകുമ്പോൾ കല്ലേരി പാലത്തിനു സമീപം വണ്ടി കേടായെന്നും സഹായിക്കണമെന്നും പറഞ്ഞു. തുടർന്നാണ് ബിജു കാറുമായി കല്ലേരിയിലെത്തിയത്. ഒരു ബൈക്കിനരികെ ഷമ്മാസ് നിൽക്കുന്നുണ്ടായിരുന്നു.


സമീപത്ത് നിർത്തിയിട്ട ബസിനരികിൽ രണ്ടുപേർകൂടി വരുകയും മൂന്നുപേരുംചേർന്ന് മർദിക്കുകയും കാറിന്റെ താക്കോൽ കൈക്കലാക്കുകയും ചെയ്തു. ഓടിരക്ഷപ്പെട്ട ബിജു വീട്ടിലെത്തി മറ്റൊരു താക്കോലെടുത്ത് കല്ലേരിയിൽ എത്തിയെങ്കിലും കാർ കത്തുന്നതാണ് കണ്ടത്. മൂന്നുപേരും രക്ഷപ്പെടുകയും ചെയ്തു.

അഗ്നിരക്ഷാസേനയെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. വടകര എസ്.ഐ. എം. നിജീഷിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. രാവിലെ ഫൊറൻസിക് സംഘം കാറിൽനിന്ന് തെളിവെടുത്തു. കാർ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഡിവൈ.എസ്.പി. ഹരിപ്രസാദ്, വടകര ഇൻസ്പെക്ടർ എം.പി. രാജേഷ് എന്നിവരും പരാതിക്കാരനിൽനിന്ന് മൊഴിയെടുത്തു.

Midnight violence ... Shammas called on the phone; Biju's statement is out

Next TV

Top Stories