---
title: "ആരുമില്ലെങ്കിൽ സുനിലുണ്ട്; ആയിരം രോഗികൾക്ക് അത്താണിയായി സുനിൽ മുതുവന"
english_title: "If there is no one there is Sunil; Sunil Muthuvana with help"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52207/if-there-is-no-one-there-is-sunil-sunil-muthuvana-with-help"
published_at: "2022-07-01T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be699e3a7ff_SUNIL_MUTHUVANA.jpg"
keywords: []
---

# ആരുമില്ലെങ്കിൽ സുനിലുണ്ട്; ആയിരം രോഗികൾക്ക് അത്താണിയായി സുനിൽ മുതുവന

> **Lead Summary:** **വടകര: **ആശുപത്രിയിൽ കൂട്ടിരിക്കാൻ ഉറ്റവർ പോലും മടിക്കുന്ന കാലത്ത് ആരോരുമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് കൂട്ടിനുണ്ട് ഈ മനുഷ്യ സ്നേഹി.

## Article Content

**വടകര: **ആശുപത്രിയിൽ കൂട്ടിരിക്കാൻ ഉറ്റവർ പോലും മടിക്കുന്ന കാലത്ത് ആരോരുമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് കൂട്ടിനുണ്ട് ഈ മനുഷ്യ സ്നേഹി.

ഇപ്പോൾ നാട്ടിലൊരു ചൊല്ലുണ്ട് ആരുമില്ലെങ്കിൽ സുനിലുണ്ട് , ഇതിനകം ആയിരം രോഗികൾക്ക് അത്താണിയായി സുനിൽ മുതുവന.

**

നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിച്ചും സ്വകാര്യ ആശുപത്രികളുടെ സൗജന്യ സേവനങ്ങൾ സാധാരണക്കാരിൽ എത്തിച്ചും സുനിലിൻ്റെ ഈ സന്നദ്ധ പ്രവർത്തനം പതിറ്റാണ്ടുകൾ പിന്നിടുകയാണ്.

അമ്പതോളം മെഡിക്കൽ ക്യാമ്പുകളും നിരവധി ബോധവൽക്കരണ ക്ലാസുകളും സുനിൽ സ്വന്തം ചിലവിലാണ് നടത്തുന്നത്. സംസ്ഥാനത്തെ വിവിധമെഡിക്കൽ കോളേജുകളിലും കേൻസർ ആശുപത്രികളിലും മാത്രമല്ല സംസ്ഥാനത്തിന് പുറത്തെ ജിഗ്മർ ഹോസ്പിറ്റലിൽ വരെ സുനിൽ രോഗികളുമായെത്തിയിട്ടുണ്ട്.

ഇതിനകം നിരവധി അവാർഡുകളും അനുമോദനങ്ങളും സുനിലിൻ്റെ നന്മ മനസ്സിന് ലഭിച്ചിട്ടുണ്ട്. സൗജന്യമായി ശസ്ത്രക്രിയ നടത്താനും കൂട്ടിരിക്കാനും നേതൃത്വം നൽകുന്ന സുനിൽ മുതുവനയുടെ നാലാംഘട്ട ശസ്ത്രക്രിയാ ക്യാമ്പ് ജൂലായ് 22-ന് തുടങ്ങും.

കോഴിക്കോട്ടെ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ശസ്ത്രക്രിയ. ഇത്തവണ ഓർത്തോസംബന്ധമായ ശസ്ത്രക്രിയകൾക്കാണ് സഹായം ചെയ്യുന്നതെന്ന് സുനിൽ മുതുവന പറഞ്ഞു. ആരോഗ്യഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് അതിലൂടെ സഹായം ലഭ്യമാക്കും.

ഇതിന്റെ പരിധിയിൽവരാത്ത ടെസ്റ്റുകളും മറ്റ് ചെലവുകളുമെല്ലാം സുനിൽ വഹിക്കും. ആശുപത്രിയിൽ കൂട്ടിരിപ്പിന് മറ്റാരുമില്ലാത്ത രോഗികളാണ് എല്ലാവരും. ഇവരുടെ ഒപ്പം സുനിലാണ് ഉണ്ടാവുക. ആദ്യം അഞ്ചുപേരെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകും.

കോൺക്രീറ്റ് മേസ്തിരിയായി ജോലിചെയ്യുന്ന സുനിൽ തന്റെ വരുമാനത്തിൽനിന്നുള്ള ഒരു വിഹിതമാണ് ഇതിനായി മാറ്റിവെക്കുന്നത്.

നേരത്തേ ഇ.എൻ.ടി., കണ്ണ്, ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവർക്ക് ശസ്ത്രക്രിയ നടത്താനും നേതൃത്വം കൊടുത്തിരുന്നു.

സുനിലിനെ ബന്ധപ്പെടാവുന്ന ഫോൺ നമ്പർ +917592040863**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52207/if-there-is-no-one-there-is-sunil-sunil-muthuvana-with-help)