---
title: "മോഡൽ പോളിയെ രക്ഷിക്കാൻ; നിയമസഭയിൽ കെ.കെ.രമയുടെ സബ്മിഷൻ "
english_title: "To save model Polly; K K Rema's Submission In The Assembly "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53154/to-save-model-polly-k-k-remas-submission-in-the-assembly"
published_at: "2022-07-05T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c438cf6ea32_REMA.jpg"
keywords: []
---

# മോഡൽ പോളിയെ രക്ഷിക്കാൻ; നിയമസഭയിൽ കെ.കെ.രമയുടെ സബ്മിഷൻ 

> **Lead Summary:** **വടകര: ** നിയോജക മണ്ഡലത്തിലെ ഏക സർക്കാർ പോളിടെക്നിക് ആയ വടകര മോഡൽ പോളിടെക്നിക്കിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ സബ്മിഷൻ കെ.കെ രമ എം എൽ എ ഉന്നയിച്ചു. ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട കമ്പ്യൂട്ടറുകൾ വളരെ പരിമിതമായ എണ്ണം മാത്രമാണ് ഇവിടെ നിലവിലുള്ളത്.

## Article Content

**വടകര: ** നിയോജക മണ്ഡലത്തിലെ ഏക സർക്കാർ പോളിടെക്നിക് ആയ വടകര മോഡൽ പോളിടെക്നിക്കിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ സബ്മിഷൻ കെ.കെ രമ എം എൽ എ ഉന്നയിച്ചു. ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട കമ്പ്യൂട്ടറുകൾ വളരെ പരിമിതമായ എണ്ണം മാത്രമാണ് ഇവിടെ നിലവിലുള്ളത്.

ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ നടത്തിയ പരിശോധനയിൽ ഇക്കാര്യം എടുത്തുപറയുകയും ചെയ്തിട്ടുള്ളതാണ്. അടുത്ത അധ്യയനവർഷത്തോടെ നൂറ്‌ കമ്പ്യൂട്ടറെങ്കിലുമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കാത്തപക്ഷം എ.ഐ.സി.ടി.-യുടെ അംഗീകാരം പോലും നഷ്ടമാകാൻ സാധ്യതയുണ്ട്.

നാലു ബ്രാഞ്ചുകളില്‍ അധ്യായനം നടത്തപ്പെടുന്ന ഈ സ്ഥാപനത്തില്‍ വിപുലമായ കമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കിയാല്‍ കോളേജിന്റെ എന്‍.ബി.എ അക്രഡിറ്റേഷനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകുന്നതിനോടൊപ്പം, പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍‍ പരീക്ഷകള്‍ എഴുതുന്നതിനുള്ള എക്സാമിനേഷന്‍ സെന്റർ കൂടെയായി ഈ സ്ഥാപനം പ്രയോജനപ്പെടുത്താനാവും.

1988 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ബയോമെഡിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിങ്ങനെ നാലു ബ്രാഞ്ചുകളാണ് പ്രവർത്തിക്കുന്നത്.

ഇതില്‍ പുതുതായി തുടങ്ങിയ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചിനുവേണ്ട ക്ലാസ് മുറികളും വർക്ക് ഷോപ്പുകളും ലാബുകളുടെയും സ്ഥിതി ഏറെ പരിമിതമാണ്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി ഇല്ലാത്തതിനാൽ നിലവിലുള്ള കെട്ടിടത്തിന് മൂന്നാം നില നിർമ്മിക്കുക മാത്രമാണ് ഏക പോംവഴി.

ഏതാനും ക്ലാസ് മുറികളുടെ നിർമ്മാണത്തിനായി ഐ.എച്ച്.ആർ.ഡി. യിൽ നിന്നും തുക കണ്ടെത്താൻ ശ്രമിക്കാം എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മറ്റു ഉപകരണങ്ങൾക്കും നിര്‍മ്മാണങ്ങള്‍ക്കും തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പഠനം പൂര്‍ത്തിയാക്കി വളരെയേറെ മത്സരസ്വഭാവമുള്ള തൊഴില്‍ രംഗങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ട വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസമുറപ്പാക്കുന്നതിന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ അത്യന്താപേക്ഷിതമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് സെമിനാര്‍‌ ഹാള്‍.

സെമിനാര്‍ ഹാള്‍ നിര്‍മ്മിക്കണം എന്ന പ്രദേശവാസികളുടെയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഏറെ നാളായുള്ള ആവശ്യത്തിനു ഇപ്പോഴും പരിഹാരം കാണാനായിട്ടില്ല. സെമിനാര്‍ ഹാള്‍ നിര്‍മ്മിക്കണം എന്ന പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിരുന്നുവെങ്കിലും തുടര്‍ന്നുള്ള ബഡ്ജറ്റുകളില്‍ ഈ പദ്ധതിക്കായി തുക വകയിരുത്തിയിട്ടില്ല.

വടകര മോഡൽ പോളിടെക്നിക്കില്‍ ഈ പ്രവൃത്തികള്‍ അടിയന്തര പ്രധാന്യത്തോടെ നടപ്പാക്കണമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സ്വത്വര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും സബ്മിഷനിലൂടെ കെ.കെ.രമ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53154/to-save-model-polly-k-k-remas-submission-in-the-assembly)