---
title: "എൽ.ഐ.സി. വില്പന തടയാൻ പോളിസിയുടമകളും തൊഴിലാളികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ കഴിയും - ഡോ. ടി.എം. തോമസ് ഐസക് "
english_title: "LIC Policy holders, workers and masses can stand together to stop the sale - Dr. T.M. Thomas Isaac"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53444/lic-policy-holders-workers-and-masses-can-stand-together-to-stop-the-sale-dr-tm-thomas-isaac"
published_at: "2022-07-07T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c669979ab30_thomas_issac.jpg"
keywords: []
---

# എൽ.ഐ.സി. വില്പന തടയാൻ പോളിസിയുടമകളും തൊഴിലാളികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ കഴിയും - ഡോ. ടി.എം. തോമസ് ഐസക് 

> **Lead Summary:** **വടകര: **രാജ്യത്തിൻ്റെ നവരത്ന പൊതുമേഖലാസ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിന്റെ വിറ്റഴിക്കൽക്കൊള്ളയിൽനിന്ന് എൽ.ഐ.സി.യെ രക്ഷിക്കാൻ പോളിസിയുടമകളും തൊഴിലാളികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്നാൽ കഴിയുമെന്ന് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

## Article Content

**വടകര: **രാജ്യത്തിൻ്റെ നവരത്ന പൊതുമേഖലാസ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിന്റെ വിറ്റഴിക്കൽക്കൊള്ളയിൽനിന്ന് എൽ.ഐ.സി.യെ രക്ഷിക്കാൻ പോളിസിയുടമകളും തൊഴിലാളികളും ബഹുജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്നാൽ കഴിയുമെന്ന് ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

‘എൽ.ഐ.സി.യെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമുയർത്തി പീപ്പിൾ ഫോർ എൽ.ഐ.സി. സംഘടിപ്പിച്ച ജനസഭയുടെ ജില്ലാതല ഉദ്ഘാടനം വടകരയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഐ.സി.യുടെ ഒരുലക്ഷം ജീവനക്കാരും നാലുലക്ഷം ഏജൻറുമാരും 30 കോടി പോളിസി ഉടമകളും ഒറ്റക്കെട്ടായി അണിനിരന്ന് എൽ.ഐ.സി.യെ വിൽക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാരിനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ ഇൻഷുറൻസ് കമ്പനികളുടെ സ്വാധീനത്തിൽ അകപ്പെട്ട് എൽ.ഐ.സി.യെ വിൽക്കാനുള്ള ശ്രമങ്ങൾ വർഷങ്ങളായി നടക്കുന്നു. അതിനായി പൊതുമേഖലാബാങ്കുകളെ വിദേശ ഇൻഷുറൻസ് കമ്പനികൾക്ക് തുറന്നുനൽകി. എന്നിട്ടും 70 ശതമാനം പോളിസി ഇപ്പോഴും എൽ.ഐ.സി.യുടെ കൈയിലാണെന്ന് ടി.എം. തോമസ് ഐസക് പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു, ആർ. ബലറാം, വി.കെ. വിനു, സജീവ് കുമാർ, വിനോദ് ചെറിയത്ത്, സജിത്കുമാർ, എം.കെ. ബാബുരാജ്, പി.കെ. ദിനേശൻ, കെ. വിപിൻ, കെ.എം. പ്രേമൻ, ഐ.കെ. ബിജു, ആർ.എം. ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53444/lic-policy-holders-workers-and-masses-can-stand-together-to-stop-the-sale-dr-tm-thomas-isaac)