---
title: "ഇന്ന് സ്വപ്നസാഫല്യം; അനിൽകുമാറും കുടുംബവും പുതുവീട്ടിലേക്ക്   "
english_title: "Today is a dream come true; Anilkumar and family to new home"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53853/today-is-a-dream-come-true-anilkumar-and-family-to-new-home"
published_at: "2022-07-09T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c90ced6f9d4_anikumar_home.jpg"
keywords: []
---

# ഇന്ന് സ്വപ്നസാഫല്യം; അനിൽകുമാറും കുടുംബവും പുതുവീട്ടിലേക്ക്   

> **Lead Summary:** **വടകര:** ജനസാരഥിയുടെ ഇച്ഛാശക്തിയും ഒരു നാടിൻ്റെ കൂട്ടായ്മയും ചേർന്നപ്പോൾ കുടുബത്തിന് അന്തിയുറങ്ങാൻ സ്വന്തമായൊരു ഇടമായി. ചോറോട് നെല്യങ്കരയിലെ അനിൽകുമാറിനും കുടുംബത്തിനും ഇന്ന് സ്വപ്നസാഫല്യം. ഷീറ്റിട്ടുമറച്ച വൈദ്യുതിയെത്തിയിട്ടില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന അനിൽകുമാറിന് ജനകീയ കൂട്ടായ്മയിൽ പുതിയ വീട് യാഥാർഥ്യമായി.

## Article Content

**വടകര:** ജനസാരഥിയുടെ ഇച്ഛാശക്തിയും ഒരു നാടിൻ്റെ കൂട്ടായ്മയും ചേർന്നപ്പോൾ കുടുബത്തിന് അന്തിയുറങ്ങാൻ സ്വന്തമായൊരു ഇടമായി. ചോറോട് നെല്യങ്കരയിലെ അനിൽകുമാറിനും കുടുംബത്തിനും ഇന്ന് സ്വപ്നസാഫല്യം. ഷീറ്റിട്ടുമറച്ച വൈദ്യുതിയെത്തിയിട്ടില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന അനിൽകുമാറിന് ജനകീയ കൂട്ടായ്മയിൽ പുതിയ വീട് യാഥാർഥ്യമായി.

പത്രവാർത്തകളിലൂടെ കുടുംബത്തിന്റെ ദൈന്യതയറിഞ്ഞെത്തിയ കെ.കെ. രമ എം.എൽ.എ.യുടെ ഇടപെടലിൽ ഒരുവർഷംകൊണ്ടാണ് ജനകീയകമ്മിറ്റി വീട് നിർമാണം പൂർത്തിയാക്കിയത്. ഒൻപതിന് രാവിലെ വീട് കുടുംബത്തിന് കൈമാറുമെന്ന് കെ.കെ. രമ എം.എൽ.എ. അറിയിച്ചു. 2021 ജൂലായ് 11-നാണ് എം.എൽ.എ. വീട് വാഗ്ദാനംചെയ്തത്.

നാലരസെൻറ് സ്ഥലമുണ്ടെങ്കിലും രോഗിയായ അനിൽകുമാറിനും ഭാര്യയും വിദ്യാർഥികളായ രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബത്തിനും വീടെന്നത് സ്വപ്നംമാത്രമായിരുന്നു. തുടർന്നാണ് എം.എൽ.എ. ഇടപെട്ട് ഇവരെ വാടകവീട്ടിലേക്ക് മാറ്റുന്നത്. തുടർന്ന് ജനകീയകമ്മിറ്റിയും വീടിന്‍റെ പ്രവർത്തനത്തിനായി മുന്നിട്ടിറങ്ങി.

550 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശൗചാലയവുമടങ്ങുന്ന വീടാണ് ഇവർക്കായി പണികഴിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് താക്കോൽ കൈമാറി. ഇവരുടെ ദുരിതം പുറംലോകത്തെത്തിച്ച മാധ്യമങ്ങളുടെയും ഇവർക്കായി ഒന്നിച്ച സുമനസ്സുകളുടെയും നിശ്ചയദാർഢ്യമാണ് ഒരുവർഷംകൊണ്ടുതന്നെ പണി പൂർത്തിയാക്കാൻ കഴിഞ്ഞതിനുപിന്നിലെന്ന് എം.എൽ.എ. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53853/today-is-a-dream-come-true-anilkumar-and-family-to-new-home)