---
title: "കളക്ടർക്ക് റിപ്പോർട്ട് നൽകി; തീരത്തെ ദുരിതം കാണാൻ ആർ.ഡി.ഒ. സന്ദർശനം നടത്തി"
english_title: "Reported to the Collector; RDO to see the distress on the coast. Visited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53871/reported-to-the-collector-rdo-to-see-the-distress-on-the-coast-visited"
published_at: "2022-07-09T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c9193e1bd5e_beach_vatakara.jpg"
keywords: []
---

# കളക്ടർക്ക് റിപ്പോർട്ട് നൽകി; തീരത്തെ ദുരിതം കാണാൻ ആർ.ഡി.ഒ. സന്ദർശനം നടത്തി

> **Lead Summary:** **വടകര: ** തീരദേശത്തെ ദുരിതം കാണാൻ ആർ.ഡി.ഒ. സന്ദർശനം നടത്തി, കലക്ടർക്ക് റിപ്പോർട്ട് നൽകി. കാലവർഷം കനത്തതോടെ കടൽക്ഷോഭത്തിൽ കടൽഭിത്തി തകരുകയും വീടുകൾക്ക് ഭീഷണിയുയരുകയും ചെയ്ത സ്ഥലങ്ങളിലാണ് ആർ.ഡി.ഒ. സന്ദർശനം നടത്തിയത്. വടകരയിലെ തീരദേശമേഖലകളിൽ സന്ദർശനം നടത്തിയ ആർ.ഡി.ഒ. സി. ബിജു കളക്ടർക്ക് റിപ്പോർട്ട് നൽകി.

## Article Content

**വടകര: ** തീരദേശത്തെ ദുരിതം കാണാൻ ആർ.ഡി.ഒ. സന്ദർശനം നടത്തി, കലക്ടർക്ക് റിപ്പോർട്ട് നൽകി. കാലവർഷം കനത്തതോടെ കടൽക്ഷോഭത്തിൽ കടൽഭിത്തി തകരുകയും വീടുകൾക്ക് ഭീഷണിയുയരുകയും ചെയ്ത സ്ഥലങ്ങളിലാണ് ആർ.ഡി.ഒ. സന്ദർശനം നടത്തിയത്. വടകരയിലെ തീരദേശമേഖലകളിൽ സന്ദർശനം നടത്തിയ ആർ.ഡി.ഒ. സി. ബിജു കളക്ടർക്ക് റിപ്പോർട്ട് നൽകി.

പാണ്ടികശാലവളപ്പ്, മുഖച്ചേരി, ആവിക്കൽ, ആണാടിഭാഗം, കൊയിലാണ്ടിവളപ്പ്, കുരിയാടി ഭാഗങ്ങളിൽ ആർ.ഡി.ഒ. സന്ദർശനം നടത്തി.കടൽഭിത്തിയും റോഡുകളും തകർന്നതും വീടുകൾക്ക് ഭീഷണിനേരിടുന്നതും ശ്രദ്ധയിൽപ്പെട്ടതായും ഇക്കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായും ആർ.ഡി.ഒ. പറഞ്ഞു. വടകര വില്ലേജ് ഓഫീസർ ഷീന ചെറിയാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

നാൽപ്പത്തിയഞ്ചാം വാർഡ് കൗൺസിലർ പ്രദേശത്തിന്‍റെ ദുരിതം സംഘത്തിന് ബോധ്യപ്പെടുത്തി. തീരദേശത്തെ പ്രശ്നങ്ങളിൽ കളക്ടർക്ക് നൽകിയ പരാതിയിൽ നടപടിസ്വീകരിക്കാമെന്ന് ആർ.ഡി.ഒ. വ്യക്തമാക്കി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് നിരന്തരം പരാതിനൽകിയിട്ടും പരിഹാരമുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആവിക്കലിൽ ആവിത്തോട് കടലിൽ ചേരുന്ന ഭാഗത്ത് തീരം കൂടുതലായി കടലെടുത്തിട്ടുണ്ട്.

കടൽഭിത്തിയുടെ സംരക്ഷണമില്ലാത്ത ചെറിയ ഭാഗത്തുകൂടി കടൽ അതിശക്തമായി കരയിലേക്ക് അടിച്ചുകയറി തീരത്തെ ഇല്ലാതാക്കുന്നത് ഇപ്പോൾ പതിവാണ്.കടൽക്ഷോഭത്തിൽ തകർന്ന തീരദേശറോഡുകളും ഒരുവർഷമായിട്ടും പുതുക്കിപ്പണിതില്ല. ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ തകർന്നതാണിത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53871/reported-to-the-collector-rdo-to-see-the-distress-on-the-coast-visited)