---
title: "ഭാരത യാത്ര 16ന് ; രണ്ട് ബൈക്കുകളിൽ രജീഷ് പാലേരിയും കുടുംബവും രാജ്യം ചുറ്റുന്നു "
english_title: "Bharat Yatra on 16th; Rajish Paleri and his family travel around the country on two bikes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54033/bharat-yatra-on-16th-rajish-paleri-and-his-family-travel-around-the-country-on-two-bikes"
published_at: "2022-07-10T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca46556757b_bharath_yathra.jpg"
keywords: []
---

# ഭാരത യാത്ര 16ന് ; രണ്ട് ബൈക്കുകളിൽ രജീഷ് പാലേരിയും കുടുംബവും രാജ്യം ചുറ്റുന്നു 

> **Lead Summary:** **വടകര :** ചരിത്രത്തിലേക്ക് വഴി നീളുന്ന ആ യാത്രയ്ക്ക് തുടക്കമാകുന്നു. ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഭാരത യാത്രയ്ക്ക് 16ന് തുടക്കമാകും. രണ്ട് ബൈക്കുകളിലാണ് രജീഷ് പാലേരിയും കുടുംബവും രാജ്യം ചുറ്റുന്നത്.

## Article Content

**വടകര :** ചരിത്രത്തിലേക്ക് വഴി നീളുന്ന ആ യാത്രയ്ക്ക് തുടക്കമാകുന്നു. ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഭാരത യാത്രയ്ക്ക് 16ന് തുടക്കമാകും. രണ്ട് ബൈക്കുകളിലാണ് രജീഷ് പാലേരിയും കുടുംബവും രാജ്യം ചുറ്റുന്നത്.

പേമാരിയിലും പൊരിവെയിലിലും മഞ്ഞിലും കൊടുംചൂടിലും രാജ്യത്തെ സേവിക്കുന്ന സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് മഴയും വെയിലും മഞ്ഞും ഏറ്റുവാങ്ങി ഇരുചക്രവാഹനത്തിൽ ഒരുകുടുംബം ഭാരതയാത്രയ്ക്കൊരുങ്ങുന്നത്. വടകര വള്ളിക്കാട് സ്വദേശി രജീഷ് പാലേരിയും ഭാര്യ ഷൈജ, മക്കൾ വൈഷ്ണവ് പാലേരി, നീഹാര പാലേരി എന്നിവരാണ് ഒരു ബുള്ളറ്റിലും ഒരു യെസ്ഡി അഡ്വഞ്ചർ ബൈക്കിലും രാജ്യം ചുറ്റാനിറങ്ങുന്നത്.

16-ന് കോഴിക്കോടുനിന്ന് തുടങ്ങുന്ന യാത്ര പൂർത്തിയാക്കാൻ 35 ദിവസമെടുക്കും. സൈന്യത്തിന്റെ ഉൾത്തുടിപ്പുകൂടി ഏറ്റുവാങ്ങാനാണ് ഈ യാത്രയെന്ന് രജീഷ് പറയുന്നു. രാജ്യത്തെ പ്രധാനപ്പെട്ട സൈനികകേന്ദ്രങ്ങൾ സന്ദർശിക്കും, വീരമൃത്യു വരിച്ച സൈനികരുടെ സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തും, ഒപ്പം പരിക്കേറ്റ സൈനികരെ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കും.

യാത്രാവഴിയിലെ സ്മൃതികുടീരങ്ങളുടെയും പരിക്കേറ്റ ധീരജവാൻമാരുടെയും വിവരം സൈന്യവുമായി ബന്ധപ്പെട്ട് ശേഖരിച്ചു വരികയാണ്. സ്വന്തംപഞ്ചായത്തിലെ എല്ലാസൈനികരെയും ആദരിച്ചാണ് രജീഷ് യാത്ര തുടങ്ങുന്നത്. ശനിയാഴ്ച വടകരയിലാണ് സൈനികരെ ആദരിച്ചത്. 16-ന് കോഴിക്കോട് കടപ്പുറത്ത് മേജർ രവി യാത്ര ഫ്ളാഗ് ഓഫ്‌ ചെയ്യും.

ഇതിനുമുമ്പേ കോഴിക്കോട്ടെയും പരിസരങ്ങളിലെയും വീരമൃത്യുവരിച്ച സൈനികരുടെ സ്മൃതികുടീരങ്ങൾ സന്ദർശിക്കും. മംഗളൂരു, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, വഴിയാണ് ജമ്മുകശ്മീരിലെത്തുക. കാർഗിൽ, ലഡാക്ക് എന്നിവയെല്ലാം സന്ദർശിച്ചശേഷം മണാലിവഴി ഡൽഹിയിലേക്ക്.

രജീഷും മകനും മകളും ബൈക്ക് ഓടിക്കും. താമസസൗകര്യം രണ്ടുദിവസംമുമ്പ്‌ ഓൺലൈനായി ബുക്കുചെയ്യും. ഭക്ഷണം അതത് സ്ഥലങ്ങളിൽ. ബൈക്കുകളുടെ അത്യാവശ്യം സ്പെയർ പാർട്‌സ് എല്ലാം കരുതിയിട്ടുണ്ട്. ഒരുദിവസം 250മുതൽ 350കിലോമീറ്റർ വരെ യാത്രചെയ്യാനാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54033/bharat-yatra-on-16th-rajish-paleri-and-his-family-travel-around-the-country-on-two-bikes)