---
title: "സിയയുടെ ജീവനും 18 കോടി; നാളെ ജനകീയ കൺവെൻഷൻ "
english_title: "18 crores for Zia's life; Tomorrow is the People's Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54078/18-crores-for-zias-life-tomorrow-is-the-peoples-convention"
published_at: "2022-07-10T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca894a97b26_siya.jpg"
keywords: []
---

# സിയയുടെ ജീവനും 18 കോടി; നാളെ ജനകീയ കൺവെൻഷൻ 

> **Lead Summary:** **വടകര : **പൂപോലുള്ളൊരു കുഞ്ഞുമോളും നമ്മുടെ മക്കളെ പോലെ ജീവിക്കണമെങ്കിൽ മനുഷ്യഹൃദയമുള്ളവരുടെ കനിവ് വേണം. അതെ സിയ മോളുടെയുടെയും ജീവൻ്റെ വിലയും 18 കോടി രൂപ.

## Article Content

**വടകര : **പൂപോലുള്ളൊരു കുഞ്ഞുമോളും നമ്മുടെ മക്കളെ പോലെ ജീവിക്കണമെങ്കിൽ മനുഷ്യഹൃദയമുള്ളവരുടെ കനിവ് വേണം. അതെ സിയ മോളുടെയുടെയും ജീവൻ്റെ വിലയും 18 കോടി രൂപ.

സാധാരണക്കാർ സ്വപ്നം കാണാൻ പോലും മടിക്കുന്ന ആ തുക കിട്ടിയെ മതിയാകൂ. വലിയൊരു ദൗത്യം നെഞ്ചിലേറ്റി ഇറങ്ങുകയാണ് ചോറോടും വടകരയും . കുഞ്ഞു സിയ ഫാത്തിമയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരു തുള്ളിമരുന്ന് വാങ്ങാൻ.

എസ്.എം.എ. രോഗം (സ്പൈനൽ മസ്‌കുലാർ അട്രോഫി) ബാധിച്ചവർക്ക് നൽകുന്ന സോൾജെൻസ്മ എന്ന മരുന്ന് അമേരിക്കയിൽനിന്ന് എത്തിച്ചാൽ മാത്രമേ ഒമ്പതുമാസംമാത്രം പ്രായമുള്ള സിയ ഫാത്തിമ ജീവിതത്തിലേക്ക് തിരിച്ചുവരൂ.ചെറിയതുകയൊന്നും പോര മരുന്നിന്. ഒരുഡോസ് മരുന്നിനുവേണ്ടത് 18 കോടി രൂപ.

വൈകുന്ന ഓരോനിമിഷവും അപകടകരമാണെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുകൂടിയുള്ള സാഹചര്യത്തിൽ ജനം എല്ലാംമറന്ന് കൈകോർക്കുകയാണ് ചോറോടിൽ. തിങ്കളാഴ്ച വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനകീയകൺവെൻഷനോടെ പണം സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാകും.

ചോറോട് പഞ്ചായത്ത് പത്താംവാർഡിലെ ആശാരിക്കുനി സിയാദിന്റെയും ഫസീലയുടെയും മകളാണ് സിയ. ജനിച്ച് മൂന്നുമാസം കഴിഞ്ഞശേഷമാണ് ചലനശേഷിയിൽ പ്രശ്നമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ കാണിച്ചപ്പോഴാണ് എസ്.എം.എ. ആണെന്ന സംശയം ഉയർന്നത്.

**

ബെംഗളൂരുവിൽ നടത്തിയ പരിശോധനയിൽ ടൈപ്പ് വൺ എസ്.എം.എ. ആണെന്ന് കണ്ടെത്തി. പിന്നീട് കോഴിക്കോട് ബീച്ചാശുപത്രിയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ. ക്ലിനിക്കും രോഗം സ്ഥീരികരിച്ചു. ഒമ്പതുമാസമായിട്ടും സിയയുടെ കഴുത്ത് നേരെനിൽക്കില്ല. ഭക്ഷണം കഴിക്കാനും ശ്വസിക്കാനും ദിവസംകഴിയുന്തോറും പ്രയാസംകൂടുകയാണെന്ന് വീട്ടുകാർ പറഞ്ഞു.

ഇരിക്കാനും നടക്കാനുമൊന്നും കഴിയില്ല. അപൂർവമായ ഈ രോഗത്തിന് ഇന്ന് ലോകത്തുള്ള ഫലപ്രദമായ മരുന്നാണ് സോൾജെൻസ്മ. സംസ്ഥാനത്ത് ഇതിനുമുമ്പ് ഈ രോഗംബാധിച്ച കുട്ടികൾക്ക് ജനകീയകൂട്ടായ്മയിലൂടെ പണംകണ്ടെത്തി 18 കോടി രൂപ വിലവരുന്ന ഈ മരുന്ന് എത്തിച്ചുനൽകിയിരുന്നു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ചെയർമാനും കെ.പി. അബ്ദുൾ അസീസ് കൺവീനറുമായി താത്കാലിക കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

11-ന് ചേരുന്ന ജനകീയ കൺവെൻഷനിൽ പുതിയ കമ്മിറ്റി വരും. വൈകീട്ട് മൂന്നുമണിക്കാണ് കൺവെൻഷൻ. ഫെഡറൽ ബാങ്കിന്റെ വടകര ശാഖയിൽ സിയ ഫാത്തിമ ചികിത്സാസഹായസമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10710200016463. ഐ.എഫ്.എസ് കോഡ്- FDRL0001071.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54078/18-crores-for-zias-life-tomorrow-is-the-peoples-convention)