---
title: "ശുചിത്വ സാഗരം സുന്ദരതീരം: വടകരയിൽ പദ്ധതി കോ-ഓഡിനേഷൻ കമ്മിറ്റി  രൂപീകരിച്ചു"
english_title: "Cleanliness Sagaram Sundarathiram: A project coordination committee has been formed at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54540/cleanliness-sagaram-sundarathiram-a-project-coordination-committee-has-been-formed-at-vadakara"
published_at: "2022-07-12T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd7e7c64444_VADAKARA.jpg"
keywords: []
---

# ശുചിത്വ സാഗരം സുന്ദരതീരം: വടകരയിൽ പദ്ധതി കോ-ഓഡിനേഷൻ കമ്മിറ്റി  രൂപീകരിച്ചു

> **Lead Summary:** **വടകര : **ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വടകര നഗരസഭയിൽ കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ചെയർമാനായി നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദുവിനെയും കൺവീനറായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡി.എസ്. ദിൽനയെയും തെരഞ്ഞെടുത്തു.

## Article Content

**വടകര : **ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വടകര നഗരസഭയിൽ കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ ചെയർമാനായി നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദുവിനെയും കൺവീനറായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡി.എസ്. ദിൽനയെയും തെരഞ്ഞെടുത്തു.

നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ പോലീസ്, മത്സ്യഫെഡ്, യുവജനക്ഷേമ ബോർഡ് എന്നീ വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. പദ്ധതിയുടെ ഭാഗമായി തീരം ശുചിയായി സംരക്ഷിക്കുന്നതിന് ശുചിത്വ തീരം ടീമുകൾ രൂപീകരിക്കും.

കൂടാതെ ഇതുസംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്നും ഇതിന്റെ ഭാഗമായി 29.ന് വെള്ളിയാഴ്ച തീരദേശ വാർഡുകളിൽ ബോധവത്കരണ ക്യാമ്പുകൾ നടത്തുമെന്നും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ എല്ലാവരും ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും തീരക്കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ചെയർപേഴ്സൺ പറഞ്ഞു.

തോടുകളിലും പുഴകളിലും അതുവഴി കടലിലേക്കും അജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജലമലിനീകരണവും കടലോര പ്രത്യാഘാതങ്ങളും തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി.

കമ്മിറ്റിയുടെ ജോയിന്റ് കൺവീനർമാരായി നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, കെ. വൈദേഹി എന്നിവരെയും വൈസ് ചെയർമാൻമാരായി കെ.സി. പവിത്രൻ, വി.കെ. അസീസ്, അശോകൻ കുരിയാടി, സി. രാമകൃഷ്ണൻ, പ്രേമൻ, സി. കുമാരൻ, കെ. പ്രകാശൻ, പി. സോമശേഖരൻ, പി. വ്യാസൻ, ചൊക്രന്റവിട ചന്ദ്രൻ, മഷൂദ്, വി. മീര, മണലിൽ മോഹനൻ എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. പ്രജിത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. സജീവ് കുമാർ, സിന്ധു പ്രേമൻ, നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ്, കോസ്റ്റൽ പോലീസ് എസ്.എച്ച്.ഒ ദീപു, ഹെൽത്ത് സൂപ്പർവൈസർ വിൻസന്റ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54540/cleanliness-sagaram-sundarathiram-a-project-coordination-committee-has-been-formed-at-vadakara)