---
title: "ബണ്ടിനെ ചൊല്ലി ആശങ്ക; പൊളിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി "
english_title: "Concerns about the Bund; The minister said that he had instructed to demolish it"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54947/concerns-about-the-bund-the-minister-said-that-he-had-instructed-to-demolish-it"
published_at: "2022-07-14T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cffaf8abb74_moorad_palam.jpg"
keywords: []
---

# ബണ്ടിനെ ചൊല്ലി ആശങ്ക; പൊളിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി 

> **Lead Summary:** **വടകര: **ദേശീയപാതയിലെ മൂരാടിൽ പുതിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി പുഴയിൽ കെട്ടിയ തടയണ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന ആശങ്ക നിയമസഭയിലും. കെ.പി. കുഞ്ഞമ്മദ് എം.എൽ.എ.യാണ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബണ്ട് കാരണം വെള്ളപ്പൊക്കസാധ്യതയുണ്ടെന്നും അതിനാൽ ഇത് പൊളിച്ചുമാറ്റാൻ ജലസേചനവകുപ്പ് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിക്കുകയും ചെയ്തു.

## Article Content

**വടകര: **ദേശീയപാതയിലെ മൂരാടിൽ പുതിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി പുഴയിൽ കെട്ടിയ തടയണ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന ആശങ്ക നിയമസഭയിലും. കെ.പി. കുഞ്ഞമ്മദ് എം.എൽ.എ.യാണ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബണ്ട് കാരണം വെള്ളപ്പൊക്കസാധ്യതയുണ്ടെന്നും അതിനാൽ ഇത് പൊളിച്ചുമാറ്റാൻ ജലസേചനവകുപ്പ് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിക്കുകയും ചെയ്തു.

പുതിയപാലത്തിന്റെ തൂണുകൾ നിർമിക്കുന്നതിനു മുന്നോടിയായി പൈലിങ് നടത്തുന്നതിനാണ് പുഴയിൽ ഇരുവശത്തുമായി ബണ്ട് കെട്ടിയത്. ബണ്ട് കെട്ടിയ സ്ഥലത്ത് പൈലിങ് ഏതാണ്ട് പൂർത്തിയായി. ഇരുഭാഗത്തും തൂണുകളും ഉയർന്നു. ഇരുവശങ്ങളിലുമായി 60 മീറ്റർ വീതിയിൽ ബണ്ട് നിർമിച്ചിട്ടുണ്ട്. മധ്യഭാഗത്ത് 80 മീറ്റർ ഭാഗം ഒഴിച്ചിട്ടു. ഇതുവഴിയാണ് പുഴ ഒഴുകുന്നത്. എന്നാൽ, മധ്യഭാഗത്തും പൈലിങ് യൂണിറ്റുകൾ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രിയുടെ മറുപടി.

മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ടാൽ അത് കുറ്റ്യാടിപ്പുഴയിലുടനീളം വെള്ളക്കെട്ടിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത്തവണത്തെ മഴയിൽ ഇതുവരെ ഇതേപോലുള്ള സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും സാധ്യത തള്ളിക്കയാനാകില്ലെന്നാണ് വിലയിരുത്തൽ. കുറ്റ്യാടിപ്പുഴ കടലിൽ ചേരുന്നതിന് കുറച്ചുമാത്രം അകലെയാണ് മൂരാട് പാലവും ബണ്ടുമുള്ളത്.

ബണ്ട് കെട്ടിയതിന്റെ മധ്യത്തിലൂടെ ശക്തമായ ഒഴുക്കാണ് പുഴയിൽ. കുറ്റ്യാടിയുടെ കിഴക്കൻ മലയോരത്തുനിന്നുവരെയുള്ള വെള്ളം കടലിലേക്ക് ഒഴുകുന്നത് ഇതുവഴിയാണ്. തലശ്ശേരി-മാഹി ബൈപ്പാസിൽ മാഹിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി തടയണ നിർമിച്ചതിന്റെ ഫലമായി 2019-ലെ പ്രളയത്തിൽ വലിയ നാശമുണ്ടായിരുന്നു. അഴിയൂർ, ഏറാമല ഭാഗങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ വെള്ളംകയറി. ഇവിടെ കുറച്ച് സ്ഥലംമാത്രമാണ് പുഴയ്ക്ക് ഒഴുകാനായി ബാക്കിവെച്ചത്.

മറ്റുള്ള സ്ഥലമെല്ലാം നികത്തിയതിന്റെ ഭാഗമായാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതുകൂടി കണ്ടുകൊണ്ടാണ് എം.എൽ.എ. വിഷയം മന്ത്രിയുടെ മുമ്പാകെ കൊണ്ടുവന്നത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രോജക്ട് ഡയറക്ടർക്ക് ജലസേചനവകുപ്പ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയെന്നാണ് മന്ത്രി അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54947/concerns-about-the-bund-the-minister-said-that-he-had-instructed-to-demolish-it)