---
title: "ഓർക്കാട്ടേരി മേഖലയിൽ 45 ഓളം വീടുകളിൽ വെള്ളം കയറി"
english_title: "Around 45 houses were inundated in Orkhateri area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55583/around-45-houses-were-inundated-in-orkhateri-area"
published_at: "2022-07-17T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4387967bb8_mazha.jpg"
keywords: []
---

# ഓർക്കാട്ടേരി മേഖലയിൽ 45 ഓളം വീടുകളിൽ വെള്ളം കയറി

> **Lead Summary:** **വടകര: **ഓർക്കാട്ടേരി മേഖല ഉൾപ്പെടുന്ന ഏറാമല വില്ലേജിൽ മുയിപ്ര, കുറിഞ്ഞാലിയോട്, കാർത്തികപ്പള്ളി ഭാഗങ്ങളിലായി 45 ഓളം വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് അം​ഗങ്ങളോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്ദർശിച്ചു. കൂടുതലായി ബാധിച്ച വീടുകളിലെ താമസക്കാർ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. വേളം വില്ലേജിൽ ശങ്കരൻ കായോട്ട്, തുരുത്യെൽ, ഷിൽന എരത്തും കണ്ടത്തിൽ മീൻപാലം നജീബ് താഴെ മേനോത്ത് എന്നിവർ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധു വീട്ടിലേക്ക് മാറി.

## Article Content

**വടകര: **ഓർക്കാട്ടേരി മേഖല ഉൾപ്പെടുന്ന ഏറാമല വില്ലേജിൽ മുയിപ്ര, കുറിഞ്ഞാലിയോട്, കാർത്തികപ്പള്ളി ഭാഗങ്ങളിലായി 45 ഓളം വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് അം​ഗങ്ങളോടൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്ദർശിച്ചു. കൂടുതലായി ബാധിച്ച വീടുകളിലെ താമസക്കാർ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്. വേളം വില്ലേജിൽ ശങ്കരൻ കായോട്ട്, തുരുത്യെൽ, ഷിൽന എരത്തും കണ്ടത്തിൽ മീൻപാലം നജീബ് താഴെ മേനോത്ത് എന്നിവർ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധു വീട്ടിലേക്ക് മാറി.

ചെങ്കോട്ടുകാവ് വില്ലേജിൽ അരങ്ങാടത്തു റയിൽവേ ഓവർ ബ്രിഡ്ജിനു തെക്കു വശം ഒതയോത് താഴെകുനി രാജേന്ദ്രന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറി. കാലവർഷക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 57 മില്ലി മീറ്റർ മഴ ലഭിച്ചു. 16 വില്ലേജുകളിലായി 19 വീടുകൾക്ക് ഭാ​ഗികനാശനഷ്ടമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ സെൽ അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്.

ഡൽഹി സ്വദേശിയായ ജ്യോത് സിങിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിൽ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. നിലവിൽ രണ്ടു ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. മാവൂർ വില്ലേജിലെ കച്ചേരിക്കുന്ന് അങ്കണവാടി ക്യാംപ് ഇന്നും പ്രവർത്തനസജ്ജമാണ്. നിലവിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന ഒരു കുടുംബമാണ് ഇവിടെയുള്ളത്.

ഇതു കൂടാതെ എൻ.ജി.ഒ ക്വാട്ടേഴ്സ് സ്കൂളിലാണ് ക്യാംപ് ആരംഭിച്ചത്. മൂഴിക്കൽ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഒരു കുടുംബം ബന്ധുവീട്ടിലേക്കും ഒരു കുടുംബത്തെ എൻ.ജി.ഒ ക്വാട്ടേഴ്സ് സ്കൂളിലെ ക്യാപിലേക്കും മാറി. കോഴിക്കോട് താലൂക്കിൽ മാത്രം 6 വില്ലേജുകളിലായി 54 കുടുംബങ്ങൾ വെള്ളപ്പൊക്കത്തെ തുടർന്ന് മാറി താമസിച്ചു. ഇതിൽ നാല് കുടുംബങ്ങൾ ക്യാംപുകളിലാണ്. 50 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ‌

മൂഴിക്കലിൽ കോരോലത്ത് മീത്തൽ അബ്ദുറസാഖിന്റെ വീടിനോട് ചേർന്ന് ഉദ്ദേശം 10 മീറ്ററിനു മുകളിൽ ഉയരം ഉള്ള മലയുടെ ഭാഗം ഇടിഞ്ഞതിനെ തുടർന്ന് വീട് ഭാ​ഗികമായി തകർന്നു. കുടുംബം ബന്ധുവീട്ടിലേക്ക് മാറി. നരിപ്പറ്റ വില്ലേജിൽ പാറപ്പുറത്ത് ഷൈലജയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു. ചെലവൂർ വില്ലേജിൽ കുന്നിടിഞ്ഞ് വീടിന്റ അടുക്കളഭാഗം തകർന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി വീട്ടുകാരെ ഒഴിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55583/around-45-houses-were-inundated-in-orkhateri-area)