---
title: "വെള്ളക്കെട്ട്; മഴ കനത്താൽ അക്ലോത്ത്‌ നടയ്ക്ക് തീരാദുരിതം"
english_title: "water dam If the rain is heavy, the Akloth plant will suffer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55691/water-dam-if-the-rain-is-heavy-the-akloth-plant-will-suffer"
published_at: "2022-07-18T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d521dc49387_akloth.jpg"
keywords: []
---

# വെള്ളക്കെട്ട്; മഴ കനത്താൽ അക്ലോത്ത്‌ നടയ്ക്ക് തീരാദുരിതം

> **Lead Summary:** **വടകര:** മഴ പെയ്തുതുടങ്ങിയാൽ അക്ലോത്ത് നട പാലത്തിനു സമീപം റോഡും പുഴയാകും. ഈ പുഴയിലൂടെ നീന്തേണ്ട സ്ഥിതിയാണ് ഇപ്പോൾ ഇവിടുത്തുകാർക്ക്.വടകര താലൂക്കിലെ പ്രധാനപ്പെട്ട പാതയാണിത്. കൂട്ടങ്ങാരം, മയ്യന്നൂർ, കുരിക്കിലാട്, വില്യാപ്പള്ളി, ആയഞ്ചേരി, കുനിങ്ങാട്, തണ്ണീർപ്പന്തൽ, ചേലക്കാട് ഭാഗങ്ങളിലഭാഗങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്നുണ്ട്.

## Article Content

**വടകര:** മഴ പെയ്തുതുടങ്ങിയാൽ അക്ലോത്ത് നട പാലത്തിനു സമീപം റോഡും പുഴയാകും. ഈ പുഴയിലൂടെ നീന്തേണ്ട സ്ഥിതിയാണ് ഇപ്പോൾ ഇവിടുത്തുകാർക്ക്.വടകര താലൂക്കിലെ പ്രധാനപ്പെട്ട പാതയാണിത്. കൂട്ടങ്ങാരം, മയ്യന്നൂർ, കുരിക്കിലാട്, വില്യാപ്പള്ളി, ആയഞ്ചേരി, കുനിങ്ങാട്, തണ്ണീർപ്പന്തൽ, ചേലക്കാട് ഭാഗങ്ങളിലഭാഗങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്നുണ്ട്.

മുമ്പൊക്കെ തുടർച്ചയായി മഴ പെയ്യുമ്പോൾമാത്രമാണ് അക്ലോത്ത് നടയും പരിസരവും വെള്ളത്തിൽ മുങ്ങിയിരുന്നതെങ്കിൽ ഇത്തവണ ഒറ്റ മഴയ്ക്കുതന്നെ റോഡിൽ വെള്ളംകയറി.പല ഭാഗങ്ങളിൽനിന്ന്‌ ഒഴുകിവരുന്ന മഴവെള്ളം നടക്കുതാഴ-ചോറോട് കനാലിലേക്ക് ഒഴുകുന്നതിലെ തടസ്സമാണ് ഒരു റോഡിനെ നിരന്തരം വെള്ളത്തിൽ മുക്കുന്നത്.ഇതിന് ശാശ്വതപരിഹാരം കാണാൻ നഗരസഭയോ പി.ഡബ്ല്യു.ഡി.യോ ജലസേചനവകുപ്പോ ഒന്നും മുന്നിട്ടിറങ്ങുന്നുമില്ല.

വടകര-വില്യാപ്പള്ളി-തണ്ണീർപ്പന്തൽ റോഡിൽ വടകര ഭാഗത്തുനിന്ന് വരുമ്പോൾ അക്ലോത്ത് നട പാലം എത്തുന്നതിനു തൊട്ടുമുമ്പെയാണ് വെള്ളക്കെട്ട്. താഴ്ന്ന പ്രദേശമാണിത്.അതുകൊണ്ടുതന്നെ നൂറ്റിപ്പത്ത് സബ് സ്റ്റേഷൻ പരിസരം, റോഡിന്റെ തെക്കുഭാഗത്തെ ഇടവഴികൾ എന്നിവിടങ്ങളിലൂടെ വരുന്ന മഴവെള്ളമെല്ലാം കുത്തിയൊലിച്ചെത്തുന്നത് ഈ റോഡിലാണ്.ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട് ഈ ഭാഗത്ത്.

വാഹനങ്ങളെക്കാൾ കഷ്ടമാണ് നടന്നുപോകുന്നവരുടേത്.വെള്ളം കെട്ടിക്കിടക്കുന്നതിന്റെ തൊട്ടടുത്താണ് ക്ഷീരസംഘം. ഇതിനുസമീപംതന്നെയായി റേഷൻകടയുമുണ്ട്. വൈദ്യുതി ഓഫീസും സമീപംതന്നെ. ഇവിടേക്കെല്ലാം വെള്ളത്തിലൂടെ നടന്നുപോകേണ്ട സ്ഥിതിയാണ് നാട്ടുകാർക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55691/water-dam-if-the-rain-is-heavy-the-akloth-plant-will-suffer)