---
title: "കദളീവനം  ഒരുങ്ങുന്നു; കൃഷിക്ക് തുടക്കം കുറിച്ച് മണിയൂർ ഈസ്റ്റ് ​ഗവ. എൽ.പി സ്‌കൂളിലെ കുരുന്നുകൾ"
english_title: "Kadalivana is getting ready; Maniyur East Govt. about the start of agriculture. Children of LP school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55978/kadalivana-is-getting-ready-maniyur-east-govt-about-the-start-of-agriculture-children-of-lp-school"
published_at: "2022-07-19T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6b27ba05df_vazha_nattu.jpg"
keywords: []
---

# കദളീവനം  ഒരുങ്ങുന്നു; കൃഷിക്ക് തുടക്കം കുറിച്ച് മണിയൂർ ഈസ്റ്റ് ​ഗവ. എൽ.പി സ്‌കൂളിലെ കുരുന്നുകൾ

> **Lead Summary:** **വടകര: ** മണിയൂർ ഈസ്റ്റ് എൽ.പി സ്‌കൂളിലെ കുരുന്നുകൾ തിരക്കിലാണ്. കോരിച്ചൊരിയുന്ന മഴയിലും കൂട്ടുകാരോടൊത്തു കൃഷി ചെയ്യുന്നതിന്റെ ത്രില്ലിലാണവർ. സ്‌കൂളിനോടു ചേർന്ന് ഒരു കൊച്ചു വാഴത്തോട്ടം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കദളീവനം പദ്ധതിക്കാണ് സ്‌കൂളിൽ തുടക്കം കുറിച്ചിരിക്കുന്നത്.

## Article Content

**വടകര: ** മണിയൂർ ഈസ്റ്റ് എൽ.പി സ്‌കൂളിലെ കുരുന്നുകൾ തിരക്കിലാണ്. കോരിച്ചൊരിയുന്ന മഴയിലും കൂട്ടുകാരോടൊത്തു കൃഷി ചെയ്യുന്നതിന്റെ ത്രില്ലിലാണവർ. സ്‌കൂളിനോടു ചേർന്ന് ഒരു കൊച്ചു വാഴത്തോട്ടം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കദളീവനം പദ്ധതിക്കാണ് സ്‌കൂളിൽ തുടക്കം കുറിച്ചിരിക്കുന്നത്.

സ്‌കൂളിലെ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഒരു കുട്ടിക്ക് ഒരു വാഴ' പദ്ധതി ഇതിനകം രക്ഷിതാക്കളും ഏറ്റെടുത്തു കഴിഞ്ഞു. 61 കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഓരോ കുട്ടിയും ഓരോ കദളിവാഴത്തൈ വീതം നട്ടുകൊണ്ടാണ് കദളീവനം ഒരുക്കുന്നത്. ഒപ്പം ഏഴു അധ്യാപകരും ചേർന്ന് 68 വാഴകളാണ് നടുന്നത്. സ്കൂളിനടുത്തായി സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള എട്ടു സെന്റ് പറമ്പിലാണ് കുട്ടികൾ കദളീവനം നിർമിക്കുന്നത്.

കദളിവാഴ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ സ്‌കൂളിലെ അധ്യാപകരും മുന്നിലുണ്ട്. 'എന്റെ വാഴ' എന്നു പരിചയപ്പെടുത്താൻ കുട്ടികൾ മത്സരിക്കുകയാണിവിടെ. കൈയിൽ ചേറും ചെളിയുമാവുന്നതിന്റെ വിഷമമൊന്നും കുട്ടികൾക്കില്ല. മണ്ണിൽ കുഴിക്കാനും സ്വന്തം വാഴക്കന്ന് നടാനുമായി കുട്ടികൾ തിടുക്കം കൂട്ടുന്നത് ഒരു കൗതുകക്കാഴ്ച തന്നെയാണ്.

കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുക, കൃഷിരീതികളെക്കുറിച്ചു കുട്ടികളിൽ ധാരണയുണ്ടാക്കുക, പ്രകൃതിയുമായി കുട്ടികൾക്ക് അടുപ്പം സൃഷ്ടിക്കുക തുടങ്ങി ഒത്തിരി ലക്ഷ്യങ്ങളുണ്ട് കദളീവനം പദ്ധതിക്ക്. സ്‌കൂളിന്റെ തനതു പദ്ധതി വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കുരുന്നുകളും അധ്യാപകരും.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് വാഴക്കന്ന് നട്ടു കദളീവന നിർമാണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തംഗം ടി. ഗീത അധ്യക്ഷയായിരുന്നു. സ്റ്റാഫ് സെക്രട്ടറി രേഷ്മ നീലിമ, പി.ടി.എ പ്രസിഡന്റ് പി.പി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55978/kadalivana-is-getting-ready-maniyur-east-govt-about-the-start-of-agriculture-children-of-lp-school)