---
title: "പ്രകാശനം ഞായറാഴ്ച്ച; ടി എച്ചിൻ്റെ  ‘പൂമാതൈ പൊന്നമ്മ’ വിശ്വഭാഷയിലേക്ക്"
english_title: "Release Sunday; TH's 'Poomathai Ponnamma' into the universal language"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56097/release-sunday-ths-poomathai-ponnamma-into-the-universal-language"
published_at: "2022-07-20T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d79b470b808_poomathai.jpg"
keywords: []
---

# പ്രകാശനം ഞായറാഴ്ച്ച; ടി എച്ചിൻ്റെ  ‘പൂമാതൈ പൊന്നമ്മ’ വിശ്വഭാഷയിലേക്ക്

> **Lead Summary:** **വടകര**: കടത്തനാട്ടുകാരുടെ നാവിൽ തത്തികളിക്കുന്ന വടക്കൻപാട്ടിലെ വീരവനിത ‘പൂമാതൈ പൊന്നമ്മ’ വിശ്വഭാഷയിലേക്ക്‌. വടക്കൻ മലബാറുകാരുടെ നാവിൽ തത്തിക്കളിച്ച വടക്കൻപാട്ടിലെ ഇതിഹാസകാവ്യമാണ്‌ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റുന്നത്‌. മൺമറഞ്ഞുപോകുമായിരുന്ന മനോഹരകാവ്യം ടി എച്ച്‌ കുഞ്ഞിരാമൻ നമ്പ്യാരുടെ ഓർമയിൽനിന്നാണ്‌ പതിറ്റാണ്ടുകൾക്കുമുമ്പ്‌ അച്ചടിമഷി പുരണ്ടത്‌.

## Article Content

**വടകര**: കടത്തനാട്ടുകാരുടെ നാവിൽ തത്തികളിക്കുന്ന വടക്കൻപാട്ടിലെ വീരവനിത ‘പൂമാതൈ പൊന്നമ്മ’ വിശ്വഭാഷയിലേക്ക്‌. വടക്കൻ മലബാറുകാരുടെ നാവിൽ തത്തിക്കളിച്ച വടക്കൻപാട്ടിലെ ഇതിഹാസകാവ്യമാണ്‌ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റുന്നത്‌. മൺമറഞ്ഞുപോകുമായിരുന്ന മനോഹരകാവ്യം ടി എച്ച്‌ കുഞ്ഞിരാമൻ നമ്പ്യാരുടെ ഓർമയിൽനിന്നാണ്‌ പതിറ്റാണ്ടുകൾക്കുമുമ്പ്‌ അച്ചടിമഷി പുരണ്ടത്‌.

ഓർമകളിൽ വടക്കൻപാട്ടിന്റെ നിധിശേഖരമുണ്ടായിരുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ ജന്മശതാബ്ദി വർഷത്തിലാണ്‌ പുസ്‌തകത്തിന്‌ വിവർത്തനമൊരുങ്ങുന്നത്‌. തിരുവനന്തപുരം പട്ടം സ്വദേശി പി എസ്‌ രാജ്‌മോഹനന്റേതാണ്‌ ‘പൂമാതൈ പൊന്നമ്മ എ നോർത്ത്‌ മലബാർ ബാലാഡ്‌’ എന്ന പരിഭാഷ. ഞായറാഴ്‌ച തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ മലയാളം സർവകലാശാല മുൻ വൈസ്‌ചാൻസലർ കെ ജയകുമാർ എം ജി ശശിഭൂഷണ്‌ നൽകി പ്രകാശിപ്പിക്കും.

വടക്കൻ പാട്ടുകളും മാപ്പിള രാമായണവും സമ്മാനിച്ച ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ 1952--ലാണ്‌ ‘പൂമാതൈ പൊന്നമ്മ’ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത്. 70 വർഷത്തിനുശേഷമാണ്‌ പരിഭാഷ. കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ പി പവിത്രന്റേതാണ്‌ ആമുഖം. വടകര പണിക്കോട്ടി ഐക്യകേരള കലാസമിതിയാണ് പൂമാതൈ പൊന്നമ്മ ആദ്യമായി സംഗ്രഹമായി പ്രസിദ്ധീകരിച്ചത്.

1999-ൽ കേരള സർക്കാരിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെ സമ്പാദനത്തിലുള്ള കുഞ്ഞുത്താലു, പൂമാതൈ പൊന്നമ്മ (രണ്ടു നാടൻ പാട്ടുകാവ്യങ്ങൾ) എന്ന പേരിൽ ഇറക്കിയ പുസ്തകത്തിൽ കഥ പൂർണരൂപത്തിലുണ്ട്‌. കുഞ്ഞിരാമൻ നമ്പ്യാർ ഈ പാട്ട് കഥാപ്രസംഗരൂപത്തിൽ വേദികളിൽ അവതരിപ്പിച്ചു. പിന്നീട് നാടകത്തിനും സിനിമയ്‌ക്കും പ്രമേയമായി. പുലയസമുദായക്കാരിയായ പൂമാതൈ പൊന്നമ്മയെ കടലുംകര നാടുവാഴി കാമപൂരണത്തിനായി സമീപിക്കുന്നു.

പ്രലോഭനത്തിനും ഭീഷണിക്കും വഴങ്ങാഞ്ഞതോടെ അപവാദം പ്രചരിപ്പിക്കാൻ നാടുവാഴി ആയിത്തിര എന്ന സ്ത്രീയോട് കൽപ്പിക്കുന്നു. ഗോത്രശിക്ഷാവിധിയായി മുക്കണ്ണൻ പന്തംകൊണ്ട് തലയും മുലയും കരിക്കണം എന്ന് വിധിക്കുന്നു. ശിക്ഷയേറ്റുവാങ്ങി മരണാസന്നയായ പൂമാതൈ ആയിത്തിരയോട്‌ പ്രേതമായെത്തി പ്രതികാരം ചെയ്യുമെന്ന് വിളിച്ചുപറയുന്നു. ഭയന്ന ആയിത്തിരയുടെ കുറ്റസമ്മതത്തിലൂടെ ഗോത്രം തെറ്റുതിരിച്ചറിയുമ്പോഴേക്കും പൂമാതൈ കിണറിൽ ചാടി മരിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56097/release-sunday-ths-poomathai-ponnamma-into-the-universal-language)