---
title: "വടകര പോലീസ് സ്റ്റേഷൻ കസ്റ്റഡി മരണം; സമഗ്ര അന്വേഷണം വേണം; കെ.കെ.രമ എം.എൽ.എ "
english_title: "Vadakara police station custody death; A thorough investigation is needed; KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56561/vadakara-police-station-custody-death-a-thorough-investigation-is-needed-kk-rama-mla"
published_at: "2022-07-22T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da5c1bea748_rama.jpg"
keywords: []
---

# വടകര പോലീസ് സ്റ്റേഷൻ കസ്റ്റഡി മരണം; സമഗ്ര അന്വേഷണം വേണം; കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: **വാഹനാപകടത്തെ തുടർന്ന് ഇന്നലെ രാത്രി വടകര പോലീസ് കസ്റ്റഡയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എൽ.എ.

## Article Content

**വടകര: **വാഹനാപകടത്തെ തുടർന്ന് ഇന്നലെ രാത്രി വടകര പോലീസ് കസ്റ്റഡയിലെടുത്ത കല്ലേരി സ്വദേശി സജീവന്റെ ദാരുണാന്ത്യത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എൽ.എ.

ഇത്തരം സംഭവങ്ങൾ കേരളത്തിൽ നിരന്തരം ആവർത്തിക്കുകയാണ്. ദിനംപ്രതി സമാനമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. ഇത്തരം സംഭവങ്ങളിൽ സത്യസന്ധമായ അന്വേഷണവും നടപടികളും ഉണ്ടാവുന്നില്ല എന്നതാണ് നിരന്തരം ഇതാവർത്തിക്കാനുള്ള കാരണം. സജീവന്റെ മരണത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ.കെ.രമ കൂട്ടി ചേർത്തു.

മർദ്ദനത്തിനിരായായി അവശനായ സജീവൻ താൻ അസുഖബാധിതനാണെന്നും വയ്യായ്ക അനുഭവപ്പെടുന്നതിനാൽ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും പോലീസ് അത് കാര്യമാക്കിയില്ല എന്നാണ് ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഒടുവിൽ സ്റ്റേഷന് പുറത്തു കുഴഞ്ഞുവീണ സജീവൻ ഒരു ഓട്ടോ ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ആശുപത്രിയിലേക്ക് എത്തുകയും, വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് മനസിലാക്കുന്നത്.

ഒരുപക്ഷെ നേരത്തെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ പോലീസ് തയ്യാറായിരുന്നെങ്കിൽ ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും എം.എൽ.എ പറഞ്ഞു. സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56561/vadakara-police-station-custody-death-a-thorough-investigation-is-needed-kk-rama-mla)