---
title: "സജീവന്റെ മരണം; വടകര സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ"
english_title: "Death of Active; Suspension of three officers including SI of Vadakara station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56618/death-of-active-suspension-of-three-officers-including-si-of-vadakara-station"
published_at: "2022-07-22T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da9fbc0369b_sajeevan_2.jpg"
keywords: []
---

# സജീവന്റെ മരണം; വടകര സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

> **Lead Summary:** **വടകര : **വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു.

## Article Content

**വടകര : **വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു.

വടകര സ്റ്റേഷൻ എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിവിൽ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ക്കാണ് സസ്പെൻഷൻ. പ്രഥമ ദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് പേരേയും സസ്പെൻഡ് ചെയ്തത്. ഉത്തരമേഖല ഐജി രാഹുൽ ആര്‍ നായര്‍ ആണ് നടപടി സ്വീകരിച്ചത്.

വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷന്‍ വളപ്പില്‍ തന്നെയാണ് ഇയാള്‍ കുഴഞ്ഞുവീണത്.

ഇയാള്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ സജീവന്‍ മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു.

എന്നാല്‍ സജീവനെ ഉടന്‍ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തയുടന്‍ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവന്‍ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56618/death-of-active-suspension-of-three-officers-including-si-of-vadakara-station)