---
title: "സർക്കാർ ഉണർന്നു; തെറ്റുതിരുത്താൻ മുന്നിൽ നിന്ന് ഉന്നത പൊലീസ് അധികാരികളും"
english_title: "The government woke up; Top police authorities from the front to correct the mistake"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56702/the-government-woke-up-top-police-authorities-from-the-front-to-correct-the-mistake"
published_at: "2022-07-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db84a82b8c9_POLICE.jpg"
keywords: []
---

# സർക്കാർ ഉണർന്നു; തെറ്റുതിരുത്താൻ മുന്നിൽ നിന്ന് ഉന്നത പൊലീസ് അധികാരികളും

> **Lead Summary:** **വടകര :** ഭരണ-പ്രതിപക്ഷ ഭേദമന്യേ നാടൊന്നായി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സർക്കാർ ഉണർന്നു. തെറ്റുതിരുത്താൻ മുന്നിൽ നിന്ന് ഉന്നത പൊലീസ് അധികാരികളും. പോലീസ് കസ്റ്റഡിയിൽനിന്നിറങ്ങിയ ഉടൻ യുവാവ് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ അന്വേഷണവും നടപടികളും വേഗത്തിലാക്കി പോലീസ്.

## Article Content

**വടകര :** ഭരണ-പ്രതിപക്ഷ ഭേദമന്യേ നാടൊന്നായി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സർക്കാർ ഉണർന്നു. തെറ്റുതിരുത്താൻ മുന്നിൽ നിന്ന് ഉന്നത പൊലീസ് അധികാരികളും. പോലീസ് കസ്റ്റഡിയിൽനിന്നിറങ്ങിയ ഉടൻ യുവാവ് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ അന്വേഷണവും നടപടികളും വേഗത്തിലാക്കി പോലീസ്.

ഐ.ജി. ടി. വിക്രം, ഡി.ഐ.ജി. രാഹുൽ എസ്. നായർ എന്നിവർ തന്നെ നേരിട്ട് വടകരയിലെത്തി തെളിവെടുപ്പിനുംമറ്റും നേതൃത്വം നൽകി. ഇതോടെയാണ് വൈകീട്ടുതന്നെ സസ്പെൻഷൻ ഉത്തരവിറങ്ങിയത്. കസ്റ്റഡിമരണമാണെന്ന ആരോപണം ഉയർന്നപ്പോൾതന്നെ സർക്കാർ ഈ സംഭവത്തെ ഗൗരവത്തിലെടുത്തിരുന്നു.

മരിച്ച യുവാവിന്റെ നാട്ടിൽനിന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പിന്നാലെ യു.ഡി.വൈ.എഫും ആർ.എം.പി.യും ബി.ജെ.പി.യുമെല്ലാം രംഗത്തെത്തി. രാഷ്ട്രീയവിഷയമായി ഈ സംഭവം കത്തിയതോടെയാണ് നടപടികളും വേഗത്തിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസനെയാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചതെങ്കിലും വൈകീട്ടുവരെ വടകര ഡിവൈ.എസ്.പി. ഓഫീസിൽ നടന്ന തെളിവെടുപ്പിന് നേതൃത്വം നൽകിയത് ഐ.ജി.യും ഡി.ഐ.ജി.യുമാണ്.

സ്റ്റേഷനിലെത്തിയ ഇവർ എസ്.പി. ആർ. കറപ്പസ്വാമി, ഡിവൈ.എസ്.പി. ഹരിപ്രസാദ്, വടകര ഇൻസ്പെക്ടർ ജീജേഷ്, എസ്.ഐ. എം. നിജീഷ് എന്നിവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് സജീവൻ കുഴഞ്ഞുവീണ സ്ഥലം സന്ദർശിച്ചു. ശേഷം ഡിവൈ.എസ്.പി. ഓഫീസിൽനിന്ന് സംഭവവുമായി ബന്ധപ്പെട്ട പോലീസുകാർ, സജീവന്റെ സുഹൃത്ത്, സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ഓട്ടോഡ്രൈവർ രൂപേഷ്, ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർ, അപകടം നടന്ന കാറിൽ സഞ്ചരിച്ച വടകര അടയ്ക്കാത്തെരുവിലെ കുടുംബം എന്നിവരിൽനിന്നെല്ലാം മൊഴിയെടുത്തു.

വൈകീട്ട് ഇത് പൂർത്തിയായശേഷമാണ് ഐ.ജി.യും സംഘവും മടങ്ങിയത്. തുടർന്ന് സസ്പെൻഷൻ ഉത്തരവിറങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56702/the-government-woke-up-top-police-authorities-from-the-front-to-correct-the-mistake)