---
title: "നീതി വേണം;  ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ കൊലയാളികളാവരുത് -പാറക്കൽ   "
english_title: "Justice is needed; Those who are supposed to protect life and property should not be killers - Parakkal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56704/justice-is-needed-those-who-are-supposed-to-protect-life-and-property-should-not-be-killers-parakkal"
published_at: "2022-07-23T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db86477d13d_PARAKKAL.jpg"
keywords: []
---

# നീതി വേണം;  ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ കൊലയാളികളാവരുത് -പാറക്കൽ   

> **Lead Summary:** **വടകര: **കല്ലേരിയിലെ സജീവന്‍ പൊലീസിന്റെ കിരാതമായ മര്‍ദ്ദനമേറ്റ് ദാരുണമായി മരണത്തിന് കീഴടങ്ങേണ്ടി വന്നത് നിയമപാലകരുടെ ഗുരുതരമായ വീഴ്ചയാണെന്നും സജീവന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കുടുംബത്തിന് നീതി ലഭിക്കണമെന്നും മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **കല്ലേരിയിലെ സജീവന്‍ പൊലീസിന്റെ കിരാതമായ മര്‍ദ്ദനമേറ്റ് ദാരുണമായി മരണത്തിന് കീഴടങ്ങേണ്ടി വന്നത് നിയമപാലകരുടെ ഗുരുതരമായ വീഴ്ചയാണെന്നും സജീവന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കുടുംബത്തിന് നീതി ലഭിക്കണമെന്നും മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു.

ജനമൈത്രി എന്ന പേര് പൊലീസ് സ്റ്റേഷനുകളില്‍ ബോര്‍ഡ് സ്ഥാപിക്കാനുള്ളതായി മാത്രം മാറിയിരിക്കുന്നു. പൊതുജനങ്ങളോട് ക്രൂരമായി പെരുമാറുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇത് വെളിപ്പെടുത്തുന്നത്.

ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്നവര്‍ കൊലയാളികളായി മാറിയാല്‍ സാഹചര്യം എന്താവുമെന്ന് നാം ഗൗരവമായി ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സജീവന് നേരെ ക്രൂരമായ മര്‍ദ്ദനമുണ്ടായി എന്ന വെളിപ്പെടുത്തലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നടത്തിയത്.

യുവജന സംഘടനകളും നാട്ടുകാരുമെല്ലാം ശക്തമായി പ്രതിഷേധിച്ചിട്ടും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഉടന്‍ നടപടിയുണ്ടാവണമെന്ന് പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. സജീവന്റെ വിയോഗത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും പാറക്കൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56704/justice-is-needed-those-who-are-supposed-to-protect-life-and-property-should-not-be-killers-parakkal)