---
title: "സജീവൻ്റെ മരണം; സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി"
english_title: "Death of Active; The state crime branch has started an investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56928/death-of-active-the-state-crime-branch-has-started-an-investigation"
published_at: "2022-07-24T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dccdd619607_sajeevan.jpg"
keywords: []
---

# സജീവൻ്റെ മരണം; സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

> **Lead Summary:** **വടകര: ** പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണുമരിച്ച കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. വടകര പോലീസ് കസ്റ്റഡിയിൽനിന്ന് ഇറങ്ങിയ ഉടൻ വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവൻ കുഴഞ്ഞുവീണുമരിച്ച കേസിലെ ജില്ലാ ക്രൈംബ്രാഞ്ചിൽനിന്നും സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി.

## Article Content

**വടകര: ** പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണുമരിച്ച കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. വടകര പോലീസ് കസ്റ്റഡിയിൽനിന്ന് ഇറങ്ങിയ ഉടൻ വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കല്ലേരി സ്വദേശി താഴെ കൊയിലോത്ത് സജീവൻ കുഴഞ്ഞുവീണുമരിച്ച കേസിലെ ജില്ലാ ക്രൈംബ്രാഞ്ചിൽനിന്നും സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി.

എസ്.പി. മൊയ്തീൻകുട്ടിക്കാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ഷെയ്ഖ് ദർവേശ് സാഹിബിന്റെതാണ് ഉത്തരവ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസിനായിരുന്നു ഇതുവരെ അന്വേഷണ ചുമതല. ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. ശനിയാഴ്ച വൈകീട്ടോടെ എസ്.പി. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം വടകര പോലീസ് സ്റ്റേഷനിലെത്തി.

ഡിവൈ.എസ്.പി. ആർ. ഹരിദാസുമായി കൂടിക്കാഴ്ച നടത്തിയശേഷം സജീവൻ കുഴഞ്ഞുവീണ സ്ഥലം ഉൾപ്പെടെ സന്ദർശിച്ചു. സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഉണ്ടാകൂ എന്നാണ് സൂചന. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടാൻ ഇനിയും ദിവസങ്ങളെടുക്കും.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പെട്ടെന്നുതന്നെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസ് വെള്ളിയാഴ്ച രാത്രിതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവിക്ക് കത്തുനൽകിയിട്ടുണ്ട്. ഫൊറൻസിക് സർജനിൽനിന്ന് അന്വേഷണസംഘം പോസ്റ്റുമോർട്ടം സംബന്ധിച്ച പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56928/death-of-active-the-state-crime-branch-has-started-an-investigation)