---
title: "വടകര എൻ.ഡി.പി.എസ്സ്.കോടതി ഇനി കടലാസ് രഹിത കോടതി: പ്രവർത്തനം ഉടൻ തുടങ്ങും "
english_title: "Vadakara NDPS Court Paperless Court: Operation will start soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57022/vadakara-ndps-court-paperless-court-operation-will-start-soon"
published_at: "2022-07-24T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd4fd902f1e_court_vadakara.jpg"
keywords: []
---

# വടകര എൻ.ഡി.പി.എസ്സ്.കോടതി ഇനി കടലാസ് രഹിത കോടതി: പ്രവർത്തനം ഉടൻ തുടങ്ങും 

> **Lead Summary:** **വടകര: **വടകര എൻ.ഡി.പി .എസ്സ് സ്പെഷ്യൽ കോടതി കടലാസ് രഹിത കോടതിയായി ഹൈക്കോടതി നോട്ടിഫൈ ചെയ്തു. കടലാസ് രഹിതമാക്കുന്ന ജില്ലയിലെ ആദ്യത്തെ കോടതിയും സംസ്ഥാനത്തെ രണ്ടാമത്തെ കോടതിയുമാണ് വടകരയിലേത്.

## Article Content

**വടകര: **വടകര എൻ.ഡി.പി .എസ്സ് സ്പെഷ്യൽ കോടതി കടലാസ് രഹിത കോടതിയായി ഹൈക്കോടതി നോട്ടിഫൈ ചെയ്തു. കടലാസ് രഹിതമാക്കുന്ന ജില്ലയിലെ ആദ്യത്തെ കോടതിയും സംസ്ഥാനത്തെ രണ്ടാമത്തെ കോടതിയുമാണ് വടകരയിലേത്.

നിലവിൽ തിരുവനന്തപുരത്ത് ഒരു മജിസ്ട്രേറ്റ് കോടതി മാത്രമാണ് കടലാസ് രഹിത കോടതിയായുള്ളത്.വടകരക്കൊപ്പം തൊടുപുഴയിലേയും മഞ്ചേരിയിലേയും എൻ.ഡി.പി.സ്സ് കോടതികൾ കൂടി കടലാസ് രഹിത കോടതിയായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. വടകരയിൽ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം ഉടൻ തുടങ്ങും.

അഭിഭാഷകർ കേസുകെട്ടുകൾക്ക് പകരം ലാപ് ടോപ്പുമായി കോടതിയിൽ ഹാജരാവും. ഇപ്പോൾ തന്നെ വടകര എൻ.ഡി.പി.എസ്സ് കോടതിയിൽ ഇലക്ട്രോണിക്ക് ഫയലിംഗ് സിസ്റ്റമാണ് പിൻതുടരുന്നത്. ഹർജികളും മറ്റും ഇ ഫയൽ ചെയ്താൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. അതിനു ശേഷം ഹർജികൾ നേരിട്ട് ഫയൽ ചെയ്യണം.

ഇനി മുതൽ ഇലക്ട്രോണിക്ക് ഫയലിംഗ് മാത്രമെ വേണ്ടൂ.പോലീസുകാർ എഫ് ഐ ആർ മുതൽ കുറ്റപത്രം വരെയുള്ള സകല രേഖകളും അപ്പ്ലോഡ് ചെയ്യും.പ്രതി ഭാഗത്ത് ഹാജരാവുന്നവർക്ക് വക്കാലത്ത് ഫയൽ ചെയ്ത് കേസിലേക്ക് പ്രവേശിച്ചാൽ മേപ്പടി രേഖകൾ പരിശോധിക്കാൻ കഴിയും.

കോപ്പി പ്രിന്റർ ഉപയോഗിച്ച് പ്രിന്റെടുക്കാനും കഴിയും. പകർപ്പിനുള്ള അപേക്ഷ ഈ ഫയൽ ചെയ്യണം. കോപ്പി മെയിലഡിയിൽ വരും. കോർട്ട് ഫീസ് ഇലക്ട്രോണിക്ക് ട്രാൻസ്ഫർ മുഖേന നടത്തണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57022/vadakara-ndps-court-paperless-court-operation-will-start-soon)