---
title: "വത്സലൻ പടിയിറങ്ങുന്നു; ഓർമ മരം സമ്മാനിച്ച് വടകരയുടെ സ്നേഹപ്രവാഹം"
english_title: "Valsan steps down; Vadakara's love flow by gifting a memory tree"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57101/valsan-steps-down-vadakaras-love-flow-by-gifting-a-memory-tree"
published_at: "2022-07-25T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de24a5775b7_valsan_kuniyil.jpg"
keywords: []
---

# വത്സലൻ പടിയിറങ്ങുന്നു; ഓർമ മരം സമ്മാനിച്ച് വടകരയുടെ സ്നേഹപ്രവാഹം

> **Lead Summary:** **വടകര: ** റെയിൽവേ സ്റ്റേഷനെ അടിമുടി മാറ്റിയ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ പടിയിറങ്ങുന്നു. ഓർമ മരം സമ്മാനിച്ച് വടകരയുടെ സ്നേഹാഭിവാദ്യം.ദുർഗന്ധം മാത്രം സമ്മാനിച്ച റെയിൽവേ കുളം എങ്ങനെ ശുചീകരിക്കും, സാമൂഹിക വിരുദ്ധർ താവളമാക്കിയ സ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകളെ ആര് സംരക്ഷിക്കും? എന്നീ ചോദ്യങ്ങൾക്ക് ജനകീയ പങ്കാളിത്തത്തോടെ ഉത്തരം നൽകിയാണ് വടകര റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ സർവീസിൽനിന്ന് പടിയിറങ്ങുന്നത്.

## Article Content

**വടകര: ** റെയിൽവേ സ്റ്റേഷനെ അടിമുടി മാറ്റിയ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ പടിയിറങ്ങുന്നു. ഓർമ മരം സമ്മാനിച്ച് വടകരയുടെ സ്നേഹാഭിവാദ്യം.ദുർഗന്ധം മാത്രം സമ്മാനിച്ച റെയിൽവേ കുളം എങ്ങനെ ശുചീകരിക്കും, സാമൂഹിക വിരുദ്ധർ താവളമാക്കിയ സ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകളെ ആര് സംരക്ഷിക്കും? എന്നീ ചോദ്യങ്ങൾക്ക് ജനകീയ പങ്കാളിത്തത്തോടെ ഉത്തരം നൽകിയാണ് വടകര റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ സർവീസിൽനിന്ന് പടിയിറങ്ങുന്നത്.

റെയിൽവേ സൂപ്രണ്ടിന്റെ കസേരയിലിരുന്നുകൊണ്ടും സമൂഹത്തോടും പ്രകൃതിയോടും നീതിപുലർത്താൻ കഴിയുമെന്ന് തെളിയിക്കാൻ വത്സലന് കഴിഞ്ഞു. ജൂലായ് 31-നാണ് ഇദ്ദേഹം വിരമിക്കുന്നത്. ആറുവർഷമായി വടകര റെയിൽവേ സ്റ്റേഷന്റെ സൂപ്രണ്ടാണ്.

ഔദ്യോഗികജീവിതം തിരക്കേറിയതാണെങ്കിലും ഇതിനുള്ളിൽനിന്നുകൊണ്ടാണ് സ്റ്റേഷന്റെയും പരിസരത്തിന്റെയും സൗന്ദര്യവത്കരണത്തിന് ഇദ്ദേഹം നേതൃത്വംനൽകിയത്. നാട്ടുകാരനെന്ന നിലയിലുള്ള എല്ലാ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തിയായിരുന്നു ഇത്.

വടകരയിലെ 22-ഓളം സന്നദ്ധസംഘടനകളയാണ് സ്റ്റേഷനിലെ വിവിധപ്രവർത്തനങ്ങൾക്കായി ഒന്നിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കുളം നവീകരണം. പതിറ്റാണ്ടുകളായി ശുചീകരിക്കാതെ ചെളിയും കല്ലും മണ്ണും മാലിന്യവുമെല്ലാം അടിഞ്ഞുകൂടി കിടക്കുകയായിരുന്നു കുളം. മുമ്പ് കുളം ശുചീകരണം നടന്നിരുന്നെങ്കിലും അടിത്തട്ടുവരെ വെള്ളംവറ്റിച്ച് മാലിന്യംനീക്കാൻ സാധിച്ചിരുന്നില്ല.

ഒടുവിൽ യു.എൽ.സി.സി.എസിന്റെ പിന്തുണതേടിയാണ് ഇത് പൂർത്തീകരിച്ചത്. മറ്റൊന്ന് അടുത്തിടെ നടന്ന കണ്ടൽവന സംരക്ഷണപദ്ധതിയാണ്. സ്റ്റേഷൻവളപ്പിലെ കണ്ടൽക്കാടുകൾ മാലിന്യങ്ങൾക്കിടയിൽകിടന്ന് നശിക്കുന്നതുതടയാൻ വടകരയിലെ വിവിധ സംഘടനകളുടെ പിന്തുണതേടി.

ഒന്നര കിലോമീറ്റർ ദൂരത്തിൽ കണ്ടലുകൾക്ക് ജൈവവേലി ഒരുക്കാൻ ഇതിലൂടെ സാധിച്ചു. ഒട്ടേറെ അംഗീകാരങ്ങൾ ഇദ്ദേഹത്തിന്റെ കാലയളവിൽ വടകര റെയിൽവേസ്റ്റേഷൻ നേടിയെടുത്തു. റെയിൽവേ സൗത്ത് സോണിലെ നോൺ സബർബൻ ഗ്രൂപ്പിൽ ശുചീകരണത്തിന് മികച്ച സ്റ്റേഷനുള്ള അംഗീകാരം, യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തെ ആസ്പദമാക്കി നടന്ന ഓഡിറ്റിങ്ങിൽ ഒന്നാംസ്ഥാനം, വടകര നഗരസഭയിലെ മാലിന്യമുക്ത സർക്കാർ സ്ഥാപനത്തിനുള്ള അവാർഡ്, കേന്ദ്രസർക്കാർ സ്വച്ഛത പക്ക് വാട പദ്ധതിപ്രകാരം സ്റ്റേഷനുകളിൽ ജനപങ്കാളിത്തത്തോടെ മാലിന്യ മുക്തപരിപാടി നടപ്പാക്കിയതിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമോദനം തുടങ്ങിയവയാണിത്. വടകര സെൻട്രൽ റോട്ടറിയുടെ എക്സലൻസി അവാർഡും ഇദ്ദേഹത്തെ തേടിയെത്തി.

വത്സലൻ കുനിയിലിന് സുഹൃദ്‌സംഘം വടകരയിൽ നൽകിയ യാത്രയയപ്പ് സമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ. പൊന്നാടയണിയിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കെ. പി. ബിന്ദു ‘ഓർമമരം’ സമ്മാനിച്ചു. സ്റ്റേഷൻ മാലിന്യമുക്ത സൗന്ദര്യവത്കരണ കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു.

പി. പി. രാജൻ, എ. പ്രേമകുമാരി, രമേശൻ പാലേരി, ഡോ.കെ. എം. അബ്ദുള്ള, പി.എം. പവിത്രൻ, കെ. ശശിധരൻ, അജിത്ത് പാലയാട്, അരവിന്ദാക്ഷൻ പുത്തൂർ, പി.എം. അതുൽ, പി. രാജ്കുമാർ, വി.പി രമേശൻ, സി.കെ. സുധീർകുമാർ, കെ. ലതിക ശ്രീനിവാസൻ, പുറന്തോടത്ത് സുകുമാരൻ, പി. പ്രമോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57101/valsan-steps-down-vadakaras-love-flow-by-gifting-a-memory-tree)