---
title: "ദൃശ്യങ്ങൾ തെളിവാകും; സജീവൻ്റെ മരണം, പൊലീസുകാരുടെ മൊഴിയെടുത്തു "
english_title: "The visuals will be the proof; Sajeev's death, the statement of the police was taken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57291/the-visuals-will-be-the-proof-sajeevs-death-the-statement-of-the-police-was-taken"
published_at: "2022-07-26T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df45545b299_sajeevan.jpg"
keywords: []
---

# ദൃശ്യങ്ങൾ തെളിവാകും; സജീവൻ്റെ മരണം, പൊലീസുകാരുടെ മൊഴിയെടുത്തു 

> **Lead Summary:** **വടകര:** സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായക തെളിവാകും. സജീവൻ്റെ മരണസമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തു.

## Article Content

**വടകര:** സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായക തെളിവാകും. സജീവൻ്റെ മരണസമയത്ത് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തു.

വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ഉടൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിമുഖേന പരിശോധനയ്ക്കായി നൽകി. കേസിലെ നിർണായകമായ തെളിവാണ് സി.സി.ടി.വി. ദൃശ്യങ്ങൾ. സജീവനെ പൊലീസുകാർ സ്റ്റേഷനിൽവെച്ച് മർദിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴിനൽകിയിരുന്നു.

നെഞ്ചുവേദന അനുഭവപ്പെടുന്നതായി പൊലീസുകാരോട് പറഞ്ഞെങ്കിലും പൊലീസ് ഗൗനിച്ചില്ലെന്നും പരാതിയുണ്ടായി. പിന്നീട് സജീവൻ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ പൊലീസ് വാഹനം വിട്ടുനൽകിയില്ലെന്നും 15 മിനിറ്റോളം സ്റ്റേഷൻവളപ്പിൽ കിടന്നുവെന്നുമാണ് മറ്റൊരു ആരോപണം.

ഈ മൂന്നു പരാതികളിലും സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായകമാണ്. സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് നൽകിയത്. തുടർന്ന് പരിശോധനയ്ക്കായി കണ്ണൂരിലെ ഫൊറൻസിക് ലാബിലേക്കയച്ചു.

കേസ് അന്വേഷിക്കുന്ന സ്റ്റേറ്റ് ക്രൈംബ്രാഞ്ച് സംഘം കേസുമായി ബന്ധപ്പെട്ടവരിൽനിന്ന് മൊഴിയെടുക്കുന്നത് തിങ്കളാഴ്ചയും തുടർന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരിൽ നിന്നാണ് തിങ്കളാഴ്ച ഡിവൈ.എസ്.പി. ടി. സജീവന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.

എന്നാൽ സജീവന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഇത് കിട്ടിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57291/the-visuals-will-be-the-proof-sajeevs-death-the-statement-of-the-police-was-taken)