---
title: "സജീവൻ്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണം - ആഭ്യന്തര വകുപ്പ് നടത്തുന്നത് കൺകെട്ടു വിദ്യ- കെ.കെ രമ"
english_title: "Govt should provide financial assistance to Sajeev's family - Home Department is run by Kankettu Vidya - KK Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57505/govt-should-provide-financial-assistance-to-sajeevs-family-home-department-is-run-by-kankettu-vidya-kk-rama"
published_at: "2022-07-26T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0163e33607_rama.jpg"
keywords: []
---

# സജീവൻ്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണം - ആഭ്യന്തര വകുപ്പ് നടത്തുന്നത് കൺകെട്ടു വിദ്യ- കെ.കെ രമ

> **Lead Summary:** **വടകര : **പൊലിസ് കസ്റ്റഡിയിൽ മരണമടഞ്ഞ കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തിരമായി ധനസഹായം നൽകണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര : **പൊലിസ് കസ്റ്റഡിയിൽ മരണമടഞ്ഞ കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തിരമായി ധനസഹായം നൽകണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെങ്കിലും പൊലിസിൻ്റെ കുറ്റകരമായ അനാസ്ഥതന്നെയാണ് ഈ ചെറുപ്പക്കാരൻ്റെ ജീവനെടുത്തത്. വടകരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞപ്പോഴും കുഴഞ്ഞു വീഴുമ്പോഴും തിരിഞ്ഞുനോക്കാതെ മനുഷ്യത്വരഹിതമായാണ് പൊലിസ് ഉദ്യോഗസ്ഥർ പെരുമാറിയത്.

വകുപ്പുതല നടപടി കൊണ്ടു മാത്രം ഇത്രയും വലിയ കുറ്റകൃത്യത്തെ മറയ്ക്കാൻ കഴിയില്ല. പ്രായമായ അമ്മയും അമ്മയുടെ അനുജത്തിയുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു സജീവൻ. അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലാത്ത ഈ കുടുംബത്തിൻ്റെ ദൈന്യത കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

വീടെന്ന സ്വപ്നത്തിനായി കുലി പണി ചെയ്ത് പണം സ്വരുക്കൂട്ടി വന്നിരുന്ന ഒരു യുവാവിനെയും, അയാളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന്റെയും പ്രതീക്ഷകളെയാണ് ഉദ്യോഗസ്ഥ ധാർഷ്ട്യം ഇല്ലാതാക്കിയത്. സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ഈ കൊലപാതകത്തിലെ ഒന്നാം പ്രതി. നഷ്ടപരിഹാരത്തിനൊപ്പം ഇവർക്ക് വീടു വച്ചു കൊടുക്കാനും സർക്കാർ തയ്യാറാകണം.

ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷ കുറ്റക്കാർക്ക് ഉറപ്പാക്കണം. രാത്രി 11 മണിക്ക് സ്റ്റേഷനിൽ വിരലിലെണ്ണാവുന്ന പൊലിസ് ഉദ്യോഗസ്ഥർ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാലിപ്പോൾ സ്റ്റേഷനിലെ 59 പൊലിസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റികൊണ്ട് ആഭ്യന്തര വകുപ്പ് നാടകം കളിക്കുകയാണ്.

ഇത്തരം അസ്വാഭാവിക നടപടി യഥാർത്ഥ കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥ കുറ്റവാളികളായവരെ വെളുപ്പിക്കാനും കുറ്റകൃത്യത്തെ ലഘൂകരിക്കുവാനും മാത്രമാണ് ഈ നടപടി സഹായകമാവുക. ഇത്തരം കൺകെട്ടുവിദ്യകൾ കൊണ്ട് ഈ ക്രിമിനൽ കുറ്റം തേയ്ചു മായ്ച്ചുകളയാൻ സമ്മതിക്കില്ലെന്നും രമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57505/govt-should-provide-financial-assistance-to-sajeevs-family-home-department-is-run-by-kankettu-vidya-kk-rama)