---
title: "ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്കുള്ള ആശങ്കകൾ അകറ്റണം - കെ കെ.രമ.എം.എൽ.എ"
english_title: "Concerns of the people should be removed as part of the construction of the National Highway - KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57508/concerns-of-the-people-should-be-removed-as-part-of-the-construction-of-the-national-highway-kk-rama-mla"
published_at: "2022-07-26T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e01819a4ec8_rama.jpg"
keywords: []
---

# ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്കുള്ള ആശങ്കകൾ അകറ്റണം - കെ കെ.രമ.എം.എൽ.എ

> **Lead Summary:** **വടകര : **ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്കുള്ള ആശങ്കകൾ അകറ്റാനും, ഉയർന്നു വരുന്ന പരാതികൾക്ക് പരിഹാരം കാണാനും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാവണമെന്ന് കെ.കെ.രമ.എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര : **ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ജനങ്ങൾക്കുള്ള ആശങ്കകൾ അകറ്റാനും, ഉയർന്നു വരുന്ന പരാതികൾക്ക് പരിഹാരം കാണാനും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാവണമെന്ന് കെ.കെ.രമ.എം.എൽ.എ ആവശ്യപ്പെട്ടു.

നിരന്തരമായി ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നു വരുന്ന പരാതിയെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം പരാതി നിലനിൽക്കുന്ന സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പണിതുകൊണ്ടിരിക്കുന്ന വൻമതിൽ കാരണം പല സ്ഥലത്തുമുള്ള ജനങ്ങളുടെ യാത്ര സൗകര്യം തടസപ്പെട്ടിരിക്കുകയാണ്.

കുഞ്ഞിപ്പള്ളി മുതൽ കൈനാട്ടി വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും ഉയർന്നുവന്ന കോൺക്രീറ്റ് ഭിത്തികൾ നിരവധി വീടുകാർക്ക് പൂത്തിറങ്ങാൻ കഴിയാത്ത വിധം വഴികളും ഇടറോഡുകളും തടസപ്പെട്ടു കിടക്കുന്ന സ്ഥിതിയാണ്. പലയിടങ്ങളിലും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്ന സ്ഥിതിയുണ്ട്.

പ്രധാനമായും പരാതി ഉയർന്ന കൈനാട്ടി കാളിയത്ത് ഭാഗം, കെ.ടി.ബസാർ, ചോറോട്, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ എൻ.എച്ച് ഉദ്യോഗസ്ഥ സംഘത്തോടൊപ്പമാണ് എം.എൽ.എ സന്ദർശനം നടത്തിയത്. ബന്ധപ്പെട്ട പരാതികൾ നേരിട്ട് കണ്ടു ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും, വിശദമായ റിപ്പോർട്ട് തയ്യാറാക്കി പ്രോജക്ട് ഡയറക്ടർക്കും കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി, ജില്ലാ കലക്ടർ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരെ ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57508/concerns-of-the-people-should-be-removed-as-part-of-the-construction-of-the-national-highway-kk-rama-mla)