---
title: "കുളിക്ക് ശിക്ഷ; ലോകനാർകാവ് ചിറയിലെ  കുളിസമരത്തിന് 75 വർഷം    "
english_title: "Punishment for bathing; 75 years of Kulisamaram at Loknarkav Chira"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57935/punishment-for-bathing-75-years-of-kulisamaram-at-loknarkav-chira"
published_at: "2022-07-28T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e2c89b441de_KULAM.jpg"
keywords: []
---

# കുളിക്ക് ശിക്ഷ; ലോകനാർകാവ് ചിറയിലെ  കുളിസമരത്തിന് 75 വർഷം    

> **Lead Summary:** **വടകര: ** ഉപ്പുകുറുക്കലെന്നപോലെ സ്വാതന്ത്ര്യത്തിലേക്കുള്ള പല മാർഗങ്ങളിൽ ഒന്നായിരുന്നു കുളത്തിലെ കുളി. കുളിച്ചാൽ സ്വാതന്ത്ര്യം കിട്ടുമോ എന്ന്‌ നെറ്റിചുളിക്കുന്നവരോട്‌ ഉപ്പുകുറുക്കിയാൽ സ്വാതന്ത്ര്യം നേടാനാവുമോ എന്ന മറുചോദ്യം ഉന്നയിക്കും ഈ സമരരൂപം. ചാതുർവർണ്യം കൊടികുത്തിവാണകാലത്ത്‌ ഒരുമയോടെ സ്വാതന്ത്ര്യത്തിലേക്ക്‌ മാർച്ച്‌ ചെയ്യാനുള്ള ആർജവം നൽകുന്നതിൽ ഒരുമിച്ചുള്ള കുളി പകർന്ന ഊർജം ചെറുതല്ല.

## Article Content

**വടകര: ** ഉപ്പുകുറുക്കലെന്നപോലെ സ്വാതന്ത്ര്യത്തിലേക്കുള്ള പല മാർഗങ്ങളിൽ ഒന്നായിരുന്നു കുളത്തിലെ കുളി. കുളിച്ചാൽ സ്വാതന്ത്ര്യം കിട്ടുമോ എന്ന്‌ നെറ്റിചുളിക്കുന്നവരോട്‌ ഉപ്പുകുറുക്കിയാൽ സ്വാതന്ത്ര്യം നേടാനാവുമോ എന്ന മറുചോദ്യം ഉന്നയിക്കും ഈ സമരരൂപം. ചാതുർവർണ്യം കൊടികുത്തിവാണകാലത്ത്‌ ഒരുമയോടെ സ്വാതന്ത്ര്യത്തിലേക്ക്‌ മാർച്ച്‌ ചെയ്യാനുള്ള ആർജവം നൽകുന്നതിൽ ഒരുമിച്ചുള്ള കുളി പകർന്ന ഊർജം ചെറുതല്ല.

1931- 36 കാലയളവിൽ വടകരയിലും പരിസരങ്ങളിലെയും ‘കുളത്തിൽ കുളി' സമരങ്ങൾ ചരിത്രത്തിൽ ഇടംനേടുന്നത്‌ അങ്ങനെയാണ്‌. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി അയിത്തോച്ചാടനം, ഖാദി പ്രചാരണം, ഹിന്ദി പ്രചാരണം, മദ്യവർജനം തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവച്ചു. അയിത്തം ഇല്ലാതാക്കാൻ ഗാന്ധിജിയുടെ ആഹ്വാന പ്രകാരം മലബാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിവിധ സമരരൂപങ്ങൾ അരങ്ങേറി.

താഴ്‌ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യമെന്നപോലെ കുളങ്ങളിൽ കുളിക്കാനുള്ള അവകാശത്തിനായും സമരം നടന്നു. 1931 മെയ് 18ന് ശിവാനന്ദ പരമഹംസരുടെ നേതൃത്വത്തിൽ ലോകനാർകാവ് ചിറയിൽ കുളിസമരം നടന്നു. ഗോവിന്ദമാരാരും കക്കണ്ടി കുഞ്ഞിരാമക്കുറുപ്പും ഉൾപ്പെടെയുള്ളവർ പങ്കാളികളായി.

തലശേരി കോടതി പ്രതികൾ സ്വാമിമാരാണെന്ന് കണ്ടെത്തി വെറുതെവിട്ടു. ഇതേ കാലത്ത്‌ ആറങ്ങോട്ട് ഇല്ലം, പതിയാരക്കര വെള്ളറങ്ങോട്ട് ക്ഷേത്രക്കുളം, മൊകേരി പുള്ളിനോട് ക്ഷേത്രക്കുളം തുടങ്ങിയ സ്ഥലങ്ങളിലും സമാന സമരം നടന്നു. മുട്ടുങ്ങൽ, ചോറോട്, വൈക്കിലശേരി ഭാഗങ്ങളിലും അയിത്തവിരുദ്ധ സമരം കുളത്തിൽ കുളിച്ചാണ്‌ സംഘടിപ്പിച്ചത്.

കോഴിക്കോട്, കൊയിലാണ്ടി കോടതികളിലായി ഏഴ് കുളിക്കേസ്‌ രജിസ്റ്റർചെയ്‌തു. പല സമരങ്ങളിലും കേളുഏട്ടനും പി പി ശങ്കരനും ഉൾപ്പെടെയുള്ളവർ പ്രതിചേർക്കപ്പെട്ടു. ആറങ്ങോട്ട് ഇല്ലം കുളത്തിൽ വി പി കുട്ടിമാസ്റ്റർ, പുത്തൂർ ബാലക്കുറുപ്പ്, മരുതിയാട്ട് രാമൻ, പയാരക്കരയിൽ ടി കെ നാരായണൻ നമ്പ്യാർ, കൊറ്റിട്ടയിൽ കണ്ണൻ, കേളപ്പൻ ഗുമസ്തൻ തുടങ്ങിയവരായിരുന്നു സംഘാടകർ.

മൊകേരിയിലെ പുള്ളിനോട്ട് ക്ഷേത്രക്കുളത്തിൽ വ്യത്യസ്ത ജാതി മതസ്ഥരായ 11 പേർ പരസ്യമായി കുളിച്ചു. കുളം ഉടമ നാറാത്ത് കരുണാകരൻ നമ്പ്യാർ കേസ് കൊടുത്തു. ഒമ്പതുപേരെ ശിക്ഷിച്ചു. എ പി കൃഷ്ണൻ, ഇ കുഞ്ഞിരാമൻ നമ്പ്യാർ, എൻ പി മൊയ്തു, ഇ കെ പൊക്കൻ എന്നിവരായിരുന്നു നേതാക്കൾ.

കടപ്പാട് : ദേശാഭിമാനി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57935/punishment-for-bathing-75-years-of-kulisamaram-at-loknarkav-chira)